സ്‌കൂള്‍ സന്ദര്‍ശനത്തിനെത്തിയ ഉദ്യോഗസ്ഥന് വിദ്യാര്‍ഥികളുടെ മുന്നില്‍ കോഴിക്കറി കൂട്ടി ഊണ്, വിദ്യാര്‍ഥികള്‍ക്ക് പരിപ്പു കറിയും ചോറും; സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കലക്ടര്‍
ഒഡിഷ: സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയ ഉദ്യോഗസ്ഥന്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ കോഴിക്കറി കൂട്ടി ഊണ്‍ കഴിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഒഡിഷയിലെ സുന്ദര്‍ഗാവിലാണ് നടപടിക്കിടയായ സംഭവം നടന്നത്.
വിദ്യാര്‍ഥികള്‍ സാധാരണയായി കഴിക്കുന്ന ചോറും പരിപ്പുകറിയും കഴിക്കുന്നതിനിടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ ബിനയ് പ്രകാശ് സോയ ഇവരുടെ സമീപമിരുന്നത് കോഴിക്കറി കൂട്ടി ചോറ് കഴിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ജില്ലാ കലക്ടര്‍ നിഖില്‍ പവന്‍ കല്യാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കുട്ടികള്‍ക്ക് മുന്നിലിരുന്ന് ഇയാള്‍ വിഭവസമൃദ്ധമായ ഊണ്‍ കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയതിന് സോയക്കെതിരേ തുടര്‍ നടപടികളുണ്ടാവുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഒക്ടോബര്‍ മൂന്നിന് ബോണ്‍യിലുളള പ്രാഥമിക വിദ്യാലയത്തില്‍ നടത്തിയ സന്ദര്‍ശനത്തിന് ഇടയിലായിരുന്നു സംഭവം. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ തുപി ചന്ദന്‍ കിസനും മറ്റ് അധ്യാപകരും ചേര്‍ന്ന് മികച്ച സ്വീകരണമാണ് ഇയാള്‍ക്ക് നല്‍കിയത്. കുട്ടികള്‍ക്കൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിക്കണമെന്ന് സോയ് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ അധികൃതര്‍ പറയുന്നത്.
സ്‌കൂളിലെ മറ്റ് അധ്യാപകരും ഇയാള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ഇവര്‍ക്കെല്ലാം കോഴിക്കറി വിളമ്പുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ കഴിച്ചത് ചിക്കന്‍ കറിയല്ലെന്നും സ്‌കൂളിലെ ഒരധ്യാപിക വീട്ടില്‍ നിന്നും കൊണ്ടുവന്ന പച്ചക്കറിയാണെന്നുമാണ് സോയ വാദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."