ദേശീയപാതകളിലെ മദ്യശാല അടച്ചൂപൂട്ടല്‍: ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: എറണാകുളം, കോഴിക്കോട് നഗരങ്ങളിലൂടെ കടന്നുപോകുന്നതു ദേശീയപാതയാണെന്നും ഈ പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടി. ഇവിടങ്ങളില്‍ ദേശീയപാത കടന്നുപോയിരുന്നത് നഗരമധ്യത്തിലൂടെയാണെന്നു ഹരജിക്കാരന്‍ പറയുന്നു.
പിന്നീട് നഗരങ്ങള്‍ക്കു പുറത്ത് ബൈപാസുകള്‍ വന്നതോടെ ഇവ ദേശീയപാത അല്ലാതായെന്ന വാദം അംഗീകരിച്ചാണ് എക്‌സൈസ് വകുപ്പ് മദ്യശാലകള്‍ക്ക് അനുമതി നല്‍കിയതെന്ന് ഹരജികളില്‍ ആരോപിക്കുന്നു.
ഇടപ്പള്ളിയില്‍ നിന്ന് പാലാരിവട്ടം, കലൂര്‍, എം.ജി റോഡ്, തോപ്പുംപടി അരൂര്‍ വഴിയാണ് നേരത്തെ ദേശീയപാത 47 കടന്നു പോയിരുന്നത്. 1956ലെ ദേശീയപാത നിയമപ്രകാരം ഇതു ദേശീയപാതയായി വിജ്ഞാപനം ചെയ്തിട്ടുമുണ്ട്. എന്നാല്‍ പിന്നീട് ഇടപ്പള്ളി-വൈറ്റില-അരൂര്‍ ബൈപാസ് വന്നു.
എന്നാല്‍ ഇക്കാരണത്താല്‍ നഗരത്തിലൂടെയുള്ള പാതയെ ദേശീയപാതയില്‍ നിന്ന് ഒഴിവാക്കി വിജ്ഞാപനം വന്നിട്ടില്ല. ബൈപ്പാസ് വന്നതോടെ നഗരപാത ദേശീയപാതയുടെ ഭാഗമല്ലാതായെന്ന വാദം കണക്കിലെടുത്ത് എക്‌സൈസ് കമ്മിഷണറും ഡെപ്യൂട്ടി കമ്മിഷണറും നഗരപാതയോരത്തെ മദ്യശാലകള്‍ക്ക് അനുമതി പുതുക്കി നല്‍കി.
ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് അനുമതി നിഷേധിച്ച സുപ്രിം കോടതിയുടെ നിര്‍ദേശത്തിനു വിരുദ്ധമാണിത്. കലൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനടുത്തുള്ള മീനൂസ് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറിന്റെ പ്രവര്‍ത്തനം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും ഹരജിയില്‍ ആരോപിക്കുന്നു. രാമനാട്ടുകര, ചെറുവണ്ണൂര്‍, മീഞ്ചന്ത, കല്ലായി, മാനാഞ്ചിറ വഴിയുള്ള പാത ദേശീയപാത 66ന്റെ ഭാഗമാണ്. പിന്നീട് രാമനാട്ടുകര നിസരി ജങ്ഷന്‍ മുതല്‍ പുറക്കാട്ടിരിവരെ തൊണ്ടയാട് ബൈപാസും വന്നു.
ഇവിടെയും പഴയപാതയെ ദേശീയപാതയുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും ഈ പാതയോരത്ത് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ്, കോഴിക്കോട് ഹോട്ടല്‍ കാലിക്കറ്റ് ഗേറ്റ്, കെ.ടി.ഡി.സിയുടെ റെസ്റ്റ്ഹൗസ്, കള്ളുഷാപ്പ് എന്നിവയ്ക്ക് അനുമതി നല്‍കിയെന്നുമാണ് ഹരജിയിലെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."