ട്രെയിനില്‍ ഗുണനിലവാരമില്ലാത്ത സോസ് വില്പന: മൂന്ന് ലക്ഷം രൂപ പിഴ
ഒറ്റപ്പാലം: ഗുണമേന്മയില്ലാത്ത തക്കാളി സോസ് ട്രെയിനില്‍ വില്‍പ്പന നടത്തിയ നിര്‍മാതാക്കള്‍ക്ക് മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി. 2017 സെപ്റ്റംബറില്‍ തിരുവനന്തപുരം-കോര്‍ബ എക്സ്പ്രസില്‍നിന്നാണ് ഗുണമേന്മയില്ലാത്ത തക്കാളി സോസ് വില്പന നടത്തിയത് പിടികൂടിയത്. നിര്‍മാണ കമ്പനിയില്‍നിന്നും, കാറ്ററിങ് ലൈസന്‍സ് ഉടമയില്‍ നിന്നുമായാണ് മൂന്ന് ലക്ഷം രൂപ പിഴ ഈടാക്കാന്‍ ഉത്തരവായത്. ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേഷന് ഓഫിസറായ ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജാണ് ഉത്തരവിട്ടത്.
കളര്‍ ചേര്‍ക്കാനായി സോസില്‍ കാര്‍മോസിന്‍ എന്ന പദാര്‍ഥം ഉപയോഗിച്ചുവെന്നാണ് പരിശോധന നടത്തിയ പാലക്കാട് റെയില്‍വേ ഡിവിഷന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍. കോയമ്പത്തൂരിനും ഷൊര്‍ണൂരിനും ഇടയിലുള്ള യാത്രാമധ്യേയാണ് ഇവ പിടികൂടുന്നത്. തുടര്‍ന്നാണ് ഈ പ്രദേശത്തെ ഭക്ഷ്യസുരക്ഷാ അഡ്ജുഡിക്കേഷന് കോടതിയുടെ പരിഗണനക്ക് കേസ് വന്നത്. വാദം കേട്ട ഒറ്റപ്പാലത്തെ അഡ്ജുഡിക്കേഷന് കോടതിക്ക് തക്കാളി സോസ് ഗുണനിലവാരമില്ലാത്തതാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് പിഴ ചുമത്താന്‍ തുറന്നകോടതിയില്‍ ഉത്തരവിട്ടത്.
12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടികളിലെ പാന്‍ട്രികാറുകളില്‍ തക്കാളിസോസ് വിതരണംചെയ്യുന്ന കമ്പനിയാണിതെന്ന് അഡ്ജുഡിക്കേഷന് ഓഫിസ് അധികൃതര്‍ പറഞ്ഞു. കാറ്ററിങ് ലൈസന്‍സിയായ സെക്കന്തരാബാദ് സ്വദേശി പി. ശിവപ്രസാദിന് രണ്ട് ലക്ഷം രൂപയും തക്കാളി സോസ് കമ്പനിയായ ബഗ്ഗി ബിഹാരി ഫുഡ്സ് കമ്പനിക്കും മാനേജിങ് ഡയരക്ടര്ക്കുമായി ഒരുലക്ഷം രൂപയുമാണ് പിഴ വിധിച്ച് ഉത്തരവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."