യുവാവിനെ ആക്രമിച്ച പുലിയെ മയക്കുവെടിവച്ചു പിടികൂടി
മുത്തങ്ങ: യുവാവിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച പുലിയെ വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി. മുത്തങ്ങ പൊന്‍കുഴി പണിയകോളനിയിലെ വിനീഷ്(29)നാണ് പുലിയുടെ ആക്രമണത്തില്‍ കാലിന് പരുക്കേറ്റത്.
ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ശനിയാഴ്ച രാവിലെ ഏഴുമണിയോടെ പുലിയെ മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു. ഏഴു വയസുള്ള ആണ്‍ പുലിയെയാണ് പിടികൂടിയത്.
പുലിക്ക് പരുക്കുകള്‍ ഇല്ലെന്നും കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിന്റെ അവശതയുണ്ടന്നും ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയിഞ്ചിലുള്‍പ്പെടുന്ന പൊന്‍കുഴി പണിയകോളനിയില്‍ പുലിയുടെ സാന്നിധ്യം കോളനിക്കാരുടെ ശ്രദ്ധയില്‍പെട്ടത്.
കോളനിയിലെ നായയെ പിടികൂടി പകുതി ഭക്ഷിച്ച് വീടിനോട് ചേര്‍ന്ന മരച്ചുവട്ടില്‍ കിടക്കുകയായിരുന്നു പുലി. ഇതറിയാതെ വന്ന വിനീഷിനുനേരെ പുലി ചാടുകയായിരുന്നു. പുലിയുടെ നഖം കൊണ്ടാണ് വിനീഷിന്റെ കാലിന് പരുക്കേറ്റത്. ഇതോടെ കോളനിക്കാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. തുടര്‍ന്ന് മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി ശക്തമായ സുരക്ഷയൊരുക്കി.
ഈ സമയത്തും കോളനിയില്‍തന്നെ പുലി നിലയുറപ്പിച്ചു. ഇതോടെ പുലിയെ പിടികൂടണമെന്ന് കോളനിക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ സ്ഥലത്തെത്തി.
എന്നാല്‍, രാത്രിയായതിനാല്‍ പുലിയെ മയക്കുവെടിവച്ചുപിടികൂടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയും ശനിയാഴ്ച രാവിലെ ഏഴുമണിയോടെ പിടികൂടുകയുമായിരുന്നു. കുപ്പാടി വനം വകുപ്പിന്റെ ലാബിലെത്തിച്ച് കൂട്ടിലാക്കിയ പുലി നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."