'ലീഗ് വേണ്ടത്ര മതാധിഷ്ഠിതം ആകുന്നില്ല, വേണ്ടതിലും കൂടുതല്‍ ' സെക്യുലര്‍' ആകുന്നതാണ് എന്റെ പരാതി'
#വി.ആർ അനൂപ്
ലീഗ് നേതാക്കളില്‍ ഷാജിയെടുക്കുന്ന പല നിലപാടുകളോടും യോജിപ്പില്ല എന്ന് മാത്രമല്ല പലതിനോടും കഠിനമായ വിയോജിപ്പും ഉണ്ട്. ഒരിയ്ക്കല്‍ പുള്ളിയെ നേരിട്ട് കണ്ട ഒരു സ്ഥലത്ത് വെച്ച് നിങ്ങളുടേത് ഒരു തരം സെക്യുലര്‍ ഫണ്ടമെന്റലിസം ആണെന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. അഭിപ്രായ വിത്യാസങ്ങളുടെ പേരില്‍, ആളുകളെ തീവ്രവാദി മുദ്രയടിച്ച്, അവരെ പൊതുസംവാദപരിസരത്ത് നിന്ന് ആട്ടിയകറ്റുന്നത് ആര് ചെയ്താലും അംഗീകരിയ്ക്കാന്‍ കഴിയില്ല എന്ന് തന്നെയാണ് അന്നും ഇന്നും എന്റെ അഭിപ്രായം.അങ്ങനെ പലപ്പോഴായി ഷാജി യാല്‍ ആക്രമിക്കപ്പെട്ടവരൊക്കെ വ്യക്തിപരമായി സന്തോഷിക്കുന്നത് മനസ്സിലാക്കാം.
പക്ഷേ, തീവ്രവാദി എന്ന വിളിച്ച ഒരാളെ തിരിച്ച് തീവ്രവാദി എന്ന് വിളിച്ചാല്‍ തീരുന്നത്ര ലളിതമാണ് ആ രാഷ്ട്രീയം എന്ന് ഞാന്‍ കരുതുന്നില്ല. പള്ളി പൊളിച്ചവരും, അവിടെ അമ്പലം തന്നെ പണിയണം എന്നും പച്ചയ്ക്ക് പറഞ്ഞ് വോട്ട് തേടുന്നവരും, കലാപങ്ങളുടെ പൂര്‍വ്വകാല ചരിത്രമുള്ളവരും അതെ, മോദിയും ,യോഗിയുമൊക്കെ ഭരിക്കുന്ന ഒരു രാജ്യത്ത് ത്തന്നെയാണ്, ഷാജിയെ ' അയോഗ്യന്‍ ' ആക്കിയിട്ടുള്ള വിധി വന്നത് എന്നത് കാണാതിരുന്നു കൂടാ..
അതായത് ആളുകളെ കടലാസു പോലെ കൂട്ടിയിട്ട് കത്തിയ്ക്കുന്നവര്‍, അത് പ്രചാരണായുധമാക്കി തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്ന ഒരു രാജ്യത്ത് തന്നെയാണ്, ഒരു കടലാസിന്റെ പേരില്‍ ഒരാളുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുന്ന വിധി ആ അര്‍ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.ഇന്ന് നികേഷ് കുമാര്‍ പത്രക്കാരോട് സംസാരിയ്ക്കുമ്പോള്‍ ആവര്‍ത്തിച്ച് പറഞ്ഞ ഒരു പ്രയോഗമുണ്ട്, അത് 'ഒരുജനാധിപത്യ പാര്‍ട്ടിയും മതാധിഷ്ഠിത പാര്‍ട്ടിയും തമ്മില്‍ മല്‍സരിക്കുമ്പോള്‍ ' എന്ന താണ്.
നിഖേഷ് ജനാധിപത്യ പാര്‍ട്ടിയായി പറയുന്നത്, പാര്‍ട്ടി യില്‍ നിന്ന് പുറത്ത് പോകുന്ന ആളുകളെ മാത്രമല്ല, അതേ കാരണം കൊണ്ട് തന്നെ, അദ്ദേഹത്തിന്റെ അച്ഛന്റെ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലെ പാമ്പുകളെപ്പോലും കൂട്ടക്കൊല ചെയ്ത ഒരു പാര്‍ട്ടിയെ ആണെന്നതാണ് തമാശ.മതാധിഷ്ഠത പാര്‍ട്ടിയെന്ന് ആവര്‍ത്തിച്ച് പറഞ്ഞ്, ജനാധിപത്യത്തില്‍ നിലനില്‍ക്കാനുള്ള ലീഗിന്റെ അര്‍ഹതയെ തന്നെ ചോദ്യം ചെയ്യാനുള്ള പരിശ്രമം ആണ് അയാള്‍ നടത്തുന്നത് എന്ന് ആ പത്രസമ്മേളനം പൂര്‍ണ്ണമായി ശ്രദ്ധിച്ചവര്‍ക്കറിയാം.
സെക്യുലര്‍ പരിസരമായി പ്രഖ്യാപിച്ച് മതപരമായ എന്തിനേയും നിഷ്‌കാസനം ചെയ്യാനുള്ള ഏത് വാദഗതിയേയും ആ അര്‍ഥത്തില്‍ തന്നെ ചോദ്യം ചെയ്യേണ്ടതുണ്ട്. അവസാനം അഫ്‌സല്‍ ഗാസിമിയുടെ കാര്യത്തിലടക്കം ,സഖാക്കള്‍ ഉന്നയിച്ച പ്രധാന പരാതി ,ഒരു മതപണ്ഡിതന് രാഷ്ട്രീയം പറയാന്‍ എന്താണവകാശം എന്നതായിരുന്നു.' ജനാധിപത്യ പാര്‍ട്ടിയായ ' സി പി എമ്മും ' മതാധിഷ്ഠിത പാര്‍ട്ടി ' ആയ ലീഗും തമ്മിലാണ് പോരാട്ടമെങ്കില്‍, ' മതാധിഷ്ഠിത പാര്‍ട്ടി ' ആയ ലീഗിനോടൊപ്പം നില്‍ക്കാന്‍ എനിയ്ക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വരില്ല (.ലീഗ് വേണ്ടത്ര മതാധിഷ്ഠിതം ആകുന്നില്ല, വേണ്ടതിലും കൂടുതല്‍ ' സെക്യുലര്‍ ' ആകുന്നതും ആണ് എനിയ്ക്കുള്ള പരാതി. അത് ഞാന്‍ അവരുടെ വേദികളില്‍ തന്നെ പറയാറുള്ളതും ആണ്..)
-ഫെയ്സ്ബുക്ക് പോസ്റ്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."