ലൈഫ്മിഷനില്‍നിന്ന് കോടികള്‍ സ്വകാര്യ കമ്പനിക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ലൈഫ് മിഷനില്‍നിന്ന് കോടികള്‍ സ്വകാര്യ ഏജന്‍സിയ്ക്ക് നല്‍കാന്‍ ഉത്തരവ്. ഭൂരഹിതരായവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ലൈഫ് മിഷന്‍ കോടികള്‍ കമ്മിഷന്‍ നല്‍കി സ്വകാര്യ പ്രോജക്ട് മാനേജിങ് കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചു. നിര്‍മാണ മേല്‍നോട്ടത്തിനായി മാത്രം ചെന്നൈ ആസ്ഥാനമായ സി.ആര്‍ നാരായണറാവു പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് മൊത്തം പദ്ധതിയുടെ 1.95 ശതമാനം അതായത് 13.65 കോടി പ്രതിഫലം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിര്‍മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് ആയിരിക്കുമെന്നും സൂചനയുണ്ട്.
14 ജില്ലകളെ മൂന്ന് മേഖലകളായി തിരിച്ചാണ് ലൈഫ്മിഷന്റെ മൂന്നാംഘട്ടം നടപ്പിലാക്കുന്നത്. ഒന്നാം മേഖലയായ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ 18 സ്ഥലങ്ങളിലായി 1,750 ഫ്‌ളാറ്റുകളും, രണ്ടാം മേഖലയായ മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ 21 സ്ഥലങ്ങളിലായി 1,750 ഫ്‌ളാറ്റുകളും, മൂന്നാം മേഖലയായ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ 17 സ്ഥലങ്ങളിലായി 1,350 ഫ്‌ളാറ്റുകളുമാണ് നിര്‍മിക്കുന്നത്. 56 സ്ഥലങ്ങളില്‍ നിര്‍മിക്കുന്ന ഭവന സമുച്ചയങ്ങള്‍ക്ക് 700 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ നിന്നാണ് ഏജന്‍സി കമ്മിഷനായി 13.65 കോടി രൂപ നാരായണറാവു പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയ്ക്ക് മേല്‍നോട്ട ചുമതലയ്ക്ക് നല്‍കുന്നത്.
കഴിഞ്ഞ ജൂണില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ ലൈഫ് മിഷന്റെ യോഗത്തിലാണ് കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് വിവിധ കമ്പനികളില്‍നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെക്‌നിക്കല്‍ ബിഡില്‍ യോഗ്യത നേടിയത് മൂന്ന് കമ്പനികളാണ്. ചെന്നൈയിലുള്ള ശ്രീ നാരയണ റാവുവും, ഗൂര്‍ഗോണിലുള്ള സി.ബി.ആര്‍.ഐ സൗത്ത് ഏഷ്യ എന്ന കമ്പനിയും, ബംഗളൂരു ആസ്ഥാനമായ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പറേഷനുമാണ് ടെണ്ടര്‍ നല്‍കിയത്. കുറഞ്ഞ ഫീസായ (മൊത്തം പദ്ധതിയുടെ 1.95 ശതമാനം) ബിഡ് സമര്‍പ്പിച്ച ചെന്നൈ കമ്പനിക്ക് കരാര്‍ നല്‍കി. മൊത്തം തുകയുടെ 1.95 ശതമാനം കണ്‍സല്‍ട്ടിങ് ചാര്‍ജ് നല്‍കുന്നതിനുള്ള അനുമതി ഉത്തരവ് ഉണ്ടാകണമെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒയുടെ ആവശ്യം സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ ഭവന നിര്‍മാണ പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടാണ് ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും എന്‍ജിനിയറിങ് വിഭാഗത്തെ മറികടന്നാണ് സ്വകാര്യ ഏജന്‍സിയ്ക്ക് വഴിവിട്ട സഹായം നല്‍കുന്നത്. പൊതുമരാമത്ത് വകുപ്പിലും കെട്ടിട നിര്‍മാണ വിഭാഗത്തിലുമായി വിദഗ്ധരും അനുഭവ സമ്പത്തുള്ളവരുമായ നൂറുകണക്കിന് എന്‍ജിനീയര്‍മാരെ നോക്കുകുത്തിയാക്കി കൊണ്ടാണ് അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. ലൈഫ് മിഷന്റെ ഒന്നാംഘട്ടം 95 ശതമാനവും, രണ്ടാംഘട്ടം പകുതിയിലേറെയും പൂര്‍ത്തിയായതിനു ശേഷമാണ് മൂന്നാംഘട്ടത്തിലേയ്ക്ക് കടക്കുന്നത്. ഈ രണ്ടു ഘട്ടത്തിലുമില്ലായിരുന്ന കണ്‍സല്‍ട്ടന്‍സി ഇപ്പോള്‍ മൂന്നാംഘട്ടത്തിന് എന്തിനാണെന്ന ചോദ്യത്തിന് ലൈഫ് മിഷന്‍ ഉന്നതര്‍ക്കുതന്നെ മറുപടിയില്ല. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ലൈഫ് മിഷന്‍ പ്രവര്‍ത്തിക്കുന്നത്. ടെണ്ടര്‍ നടപടികളില്ലാതെ നിര്‍മാണങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന തീരുമാനമെടുത്തതിന് മൂന്നു ഐ.എ.എസുകാരാണ് വകുപ്പ് വിട്ടൊഴിഞ്ഞത്. ഇപ്പോള്‍ കോഴിക്കോട് കലക്ടറായിരുന്ന യു.വി ജോസാണ് ലൈഫ് മിഷന്‍ സി.ഇ.ഒ. ജില്ലാ കലക്ടര്‍മാര്‍ മുഖേനയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയുമാണ് ലൈഫ് മിഷന്റെ ഭവനസമുച്ചയങ്ങള്‍ക്കുള്ള സ്ഥലം കണ്ടെത്തിയത്. മൂന്നാം ഘട്ടത്തില്‍ 3,37,416 പേരാണ് വീടിനു വേണ്ടിയുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷം മൂന്നാം ഘട്ടത്തിലുള്ള അന്തിമ പട്ടിക ചൊവ്വാഴ്ച മാത്രമേ പൂര്‍ത്തിയാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."