ആര്‍.സി.ഇ.പി ഉടമ്പടി രാജ്യദ്രോഹം
രാജ്യം അത്യന്തം ആശങ്കയോടെയാണ് ആര്‍.സി.ഇ.പി ഉടമ്പടിയെ വീക്ഷിക്കുന്നത്. യു.പി.എ സര്‍ക്കാര്‍ ഒപ്പുവച്ച ആസിയാന്‍ കരാര്‍ സൃഷ്ടിച്ച പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയില്‍, ആര്‍.സി.ഇ.പി കരാര്‍ വലിയ ദുരന്തം സൃഷ്ടിക്കുമെന്ന് ജനങ്ങള്‍ കരുതുന്നു. കേരളത്തിലെ റബര്‍ കൃഷിയെയും മറ്റു തോട്ടവിളകളെയും ഗുരുതരമായി ബാധിച്ചതായിരുന്നു ആസിയാന്‍ കരാര്‍. ഇന്ത്യയുടെ ആഭ്യന്തര കമ്പോളം, വിദേശ കാര്‍ഷിക ഉല്‍പന്നങ്ങളുടെ നിയന്ത്രണങ്ങളില്ലാത്ത ഇറക്കുമതിക്ക് വഴങ്ങുമ്പോള്‍ ഇന്ത്യന്‍ കര്‍ഷകര്‍ വലിയ ഭീഷണി നേരിടും. നവ-ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായാണ് ഈ നടപടികള്‍. ദേശീയ സമ്പദ്ഘടനയുടെ തകര്‍ച്ചക്ക് വഴിവയ്ക്കുന്ന ആര്‍.സി.ഇ.പി കരാറില്‍നിന്ന് ഇന്ത്യ പിന്തിരിയണമെന്ന ആവശ്യം ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്.
റീജ്യനല്‍ കോംപ്രഹന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍.സി.ഇ.പി) ഒരു വ്യാപാര ഉടമ്പടിയാണ്. 16 രാഷ്ട്രങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറാണിത്. ആസ്‌ത്രേലിയ, ബ്രൂണേ, കമ്പോഡിയ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ന്യൂസിലന്‍ഡ്, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ദക്ഷിണ കൊറിയ എന്നീ 16 രാഷ്ട്രങ്ങള്‍ തമ്മിലാണ് സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടാന്‍ പോകുന്നത്.
2012 നവംബറില്‍ കമ്പോഡിയയില്‍ നടന്ന 'ആസിയാന്‍' ഉച്ചകോടിയിലാണ് ആര്‍.സി.ഇ.പി ചര്‍ച്ചകള്‍ ആരംഭിച്ചത്. ഈ കരാറിന്റെ ഭാഗമാകുന്ന രാജ്യങ്ങളിലെ ജനസംഖ്യ 340 കോടിയാണ്. ഈ രാജ്യങ്ങളുടെ ഒരു വര്‍ഷത്തെ മൊത്തം ജി.ഡി.പി 49.5 ട്രില്യന്‍ (1 ട്രില്യന്‍ = 1 ലക്ഷം കോടി) ഡോളറാണ്. ഇതു ലോക ജി.ഡി.പിയുടെ 39 ശതമാനമാണ്. ആര്‍.സി.ഇ.പി ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ചേരിയായിരിക്കും. 2050 ആകുമ്പോള്‍ ആര്‍.സി.ഇ.പി അംഗരാജ്യങ്ങളുടെ മൊത്തം ജി.ഡി.പി 250 മില്യന്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആര്‍.സി.ഇ.പി ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക വ്യവസ്ഥയെയും ഉല്‍പാദനത്തെയും തകര്‍ക്കും. പ്രാദേശിക വ്യവസായങ്ങള്‍ക്ക് വലിയ തിരിച്ചടി നേരിടും. നിര്‍മാണം, കൃഷി, ക്ഷീര മേഖലകളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വില കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയാല്‍, ദേശീയ വ്യവസായങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ല. ഉല്‍പാദനക്ഷമത കൂടിയ രാജ്യങ്ങളില്‍നിന്ന് താരതമ്യേന വില കുറഞ്ഞ വിലയുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ അനിയന്ത്രിതമായി ഇറക്കുമതി ചെയ്താല്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലക്ക് വന്‍ തിരിച്ചടിയാകും. ഇപ്പോള്‍ തന്നെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില കിട്ടാതെ, വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാതെ നട്ടം തിരിയുന്ന കര്‍ഷകരുടെ ആത്മഹത്യ വര്‍ധിക്കും. കര്‍ഷകത്തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും.
സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള മന്ത്രിതല ചര്‍ച്ചകള്‍ വെള്ളിയാഴ്ചയാണ് (ഒക്ടോബര്‍- 11) ബാങ്കോക്കില്‍ ആരംഭിച്ചത്. ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ്. അടുത്ത നവംബറില്‍ അന്തിമ കരാര്‍ രൂപംകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആര്‍.സി.ഇ.പി കരാറില്‍ ഒപ്പുവയ്ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയില്‍ 80 മുതല്‍ 95 ശതമാനം വരെയുള്ള ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി തീരുവ ഒഴിവാക്കണമെന്ന നിബന്ധനയാണ് കരാറിലുള്ളത്. ഈ വ്യവസ്ഥയാണ് ആഭ്യന്തര ഉല്‍പാദന മേഖലയെ ദോഷകരമായി ബാധിക്കുക. ബാങ്കോക്കില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഈ വ്യവസ്ഥയില്‍ വല്ല ഇളവും ഇന്ത്യക്ക് ലഭിച്ചില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകും. കരാര്‍ വ്യവസ്ഥകളെ സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കപ്പെട്ടിട്ടില്ല.
സ്വതന്ത്ര വ്യാപാര കരാറുകള്‍, സാമ്പത്തിക മേഖലയെ തകര്‍ക്കുകയും പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതം വഴിമുട്ടിക്കുകയും ചെയ്യും. ആര്‍.സി.ഇ.പി കരാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇന്ത്യ ഗവണ്‍മെന്റ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുമായോ പാര്‍ലമെന്റിലോ ചര്‍ച്ച ചെയ്തിട്ടുമില്ല. മറ്റു രാജ്യങ്ങളിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നമ്മുടെ മുന്‍പിലുള്ളത്. ഗാട്ട്, ആസിയാന്‍ കരാറുകളെ പോലെ, ഇന്ത്യന്‍ കാര്‍ഷിക മേഖലയെ, പ്രത്യേകിച്ച് കേരളത്തിലെ കര്‍ഷകരെ, ഈ കരാര്‍ പ്രതികൂലമായി ബാധിക്കും. കാര്‍ഷിക, വ്യവസായ, സേവന, എന്‍ജിനീയറിങ് മേഖലകളിലെല്ലാം ഉല്‍പന്നങ്ങള്‍ നികുതിയില്ലാതെ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് കരാര്‍.
2012ല്‍ കമ്പോഡിയയില്‍ ആരംഭിച്ച ആര്‍.സി.ഇ.പി കരാര്‍ ചര്‍ച്ചകളെ സംബന്ധിച്ച്, ഏഴു വര്‍ഷമായി ഒന്നും പറയാത്തത് എന്തുകൊണ്ടാണ്? കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ വിദേശ നിക്ഷേപം നടത്താനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുക, തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ കുറയ്ക്കുക തുടങ്ങിയവയും ഈ കരാറിന്റെ ഭാഗമാണ്. ഈ വ്യവസ്ഥകളെല്ലാം ഇന്ത്യ പാലിച്ചു കഴിഞ്ഞു. അതേസമയം, ഈ കരാറിന്റെ നേട്ടങ്ങളെക്കുറിച്ച് സര്‍ക്കാരിന് ഒന്നും പറയാനില്ല. ദേശീയതയെ കുറിച്ച് പ്രസംഗവും ദേശീയ താല്‍പര്യം അടിയറവയ്ക്കല്‍ പ്രവൃത്തിയുമാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നത്.
ആര്‍.സി.ഇ.പി കരാറിന്റെ ഭാഗമായി ഇന്ത്യന്‍ കമ്പോളത്തിലേക്ക് ഒഴുകിയെത്തുന്ന വിദേശ ഉല്‍പന്നങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യക്കാവില്ല. ഇറക്കുമതിയെ തടയാനുമാകില്ല. കാര്‍ഷിക വിഭവങ്ങളുടെ കയറ്റുമതിയില്‍ ലോകത്ത് ആറാം സ്ഥാനത്തുള്ള ചൈനയോട് എങ്ങനെ നാം മത്സരിക്കും. ഈ കരാറിലെ വ്യവസ്ഥകളെ കുറിച്ച്, കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. കര്‍ഷക കൂട്ടായ്മകളും കേന്ദ്രസര്‍ക്കാരിനെ ആശങ്കകള്‍ അറിയിച്ചിട്ടുണ്ട്.
ഈ കരാര്‍ നടപ്പായാല്‍ തുറന്നുകിട്ടുന്ന സേവന മേഖലകളില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷനലുകള്‍ക്ക് അവസരം ലഭിക്കുമെന്നാണ് ഉയര്‍ന്നുകേട്ട ഒരു വാദം. തൊഴില്‍രഹിതരായ യുവജനതയെ വ്യാമോഹിപ്പിക്കാനാണ് ഈ പ്രചാരണം. 2010ല്‍ ആസിയാന്‍ കരാര്‍ ഒപ്പിടുമ്പോഴും ഇത്തരം വാദങ്ങളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും യാഥാര്‍ഥ്യമായില്ല. ഇന്ത്യയിലെ തൊഴിലില്ലായ്മ മോദി ഭരണകാലത്ത് കഴിഞ്ഞ 45 വര്‍ഷക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.
പുതിയ കരാര്‍ സേവന മേഖലയില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തും. കൃത്രിമ ബുദ്ധി, യന്ത്രവല്‍ക്കരണം, റോബോട്ടിക്‌സ്, ത്രീഡി പ്രിന്റിങ് തുടങ്ങിയ അതിനൂതന സാങ്കേതിക വിദ്യകളും വിദഗ്ധരും ഇന്ത്യയിലേക്ക് കടന്നുവരും. അതിനോട് കിടപിടിക്കാന്‍ കഴിയാത്ത നമ്മുടെ രാജ്യത്തെ പ്രൊഫഷനലുകള്‍ പുറംതള്ളപ്പെടും. അതേസമയം, മോദി ഭരണത്തിന്റെ മുഖ്യഗുണഭോക്താക്കളായ അംബാനിക്കും അദാനിക്കും വിദേശത്തും മൂലധനനിക്ഷേപം നടത്താന്‍ അവസരം ലഭിക്കും. ആര്‍.സി.ഇ.പി പ്രാബല്യത്തില്‍ വന്നാല്‍ ആസിയാന്‍ കരാര്‍ അപ്രസക്തമാകും.
കാര്‍ഷിക മേഖലയില്‍ ഇന്ത്യയെക്കാളും ഉല്‍പാദനക്ഷമത കൂടുതലാണ് പുതിയ കരാറിലെ മിക്ക അംഗ രാജ്യങ്ങള്‍ക്കും. ഉല്‍പാദനച്ചെലവ് കുറവുമാണ്. കൃഷിയില്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ ധാരാളമായി ഉപയോഗപ്പെടുത്തുന്ന പുറം രാജ്യങ്ങളോട് നമ്മുടെ കര്‍ഷകര്‍ എങ്ങനെ മത്സരിക്കും? വ്യവസായ മേഖലയിലും ഈ പ്രശ്‌നം വരും. വാഹന ഉല്‍പാദന മേഖലയും അനുബന്ധ മേഖലകളും തകര്‍ന്ന് തരിപ്പണമാകും. ഇന്നത്തെ സാഹചര്യത്തില്‍ പുതിയ സ്വതന്ത്ര വ്യാപാര കരാര്‍ വലിയ ദുരന്തമായി മാറും.
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിര്‍ണായകമായ പല തീരുമാനങ്ങളും സര്‍ക്കാര്‍ എടുക്കുന്നത് അതീവ രഹസ്യമായിട്ടാണ്. ജനാധിപത്യ തത്വത്തെ തന്നെ പരിഹസിക്കലാണിത്. ആയുധ കരാറുകള്‍, വ്യാപാര കരാറുകള്‍ തുടങ്ങിയവയൊക്കെ രാജ്യരക്ഷയുടെ പേരുപറഞ്ഞ് പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ ഭരണനേതൃത്വം നടപ്പാക്കുന്ന രീതിയാണ് ഇന്ത്യയിലുള്ളത്. പല പരിഷ്‌കൃത രാജ്യങ്ങളിലും അന്താരാഷ്ട്ര കരാറുകള്‍ ഒപ്പിടുന്നതിനു മുന്‍പ് പാര്‍ലമെന്റിന്റെ അംഗീകാരം നേടണമെന്ന വ്യവസ്ഥയുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ അത്തരമൊരു വ്യവസ്ഥ ഇല്ലാത്തത് ദുരുപയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഇന്ത്യന്‍ സമ്പദ്ഘടന വലിയ മാന്ദ്യത്തിലേക്ക് നീങ്ങുന്നതാണ് നാം കാണുന്നത്. ജി.ഡി.പി വളര്‍ച്ച 5.1 ശതമാനമായി ഇടിഞ്ഞു. ഓട്ടോ മൊബൈല്‍, ടെക്‌സ്റ്റൈല്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകള്‍ ഗുരുതരമായ പ്രതിസന്ധിയിലാണ്. ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില കിട്ടാത്തതിനാല്‍ ഭക്ഷ്യധാന്യ ഉല്‍പാദനം പോലും കുറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന, മറ്റൊരു അന്താരാഷ്ട്ര കരാര്‍ കൂടി വരാന്‍ പോകുന്നു. ഇത് കൂനിന്മേല്‍ കുരുവാകും. മോദി സംഘത്തിന്റെ ദേശസ്‌നേഹത്തിന്റെ കാപട്യം തുറന്നു കാട്ടുന്നതാണ് ആര്‍.സി.ഇ.പി കരാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."