'എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും' ഇല്ല, ആലപ്പുഴ വ്യവസായങ്ങളുടെ ശവപറമ്പായി; എ.ഐ.ടി.യു.സി ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിന് രൂക്ഷവിമര്‍ശനം
കായംകുളം: എ.ഐ.ടി.യു.സി ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ജില്ല വ്യവസായങ്ങളുടെ ശവപറമ്പായി മാറുകയാണ്. അസംഘടിതവ്യവസായങ്ങള്‍ പ്രതിസന്ധിയിലാണ്. ജില്ലയിലെ വ്യവസായശാലകള്‍ പൂട്ടപ്പെടുകയോ അടച്ചുപൂട്ടല്‍ ഭീഷണിയെ നേരിടുകയോ ആണ്.
ഇവിടെ എ.ഐ.ടി.യു.സിക്കാരെ സി.ഐ.ടി.യുക്കാര്‍ തിരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുന്നു. മലബാര്‍ സിമന്റ്, മാക്ഡവല്‍, എക്‌സല്‍ ഗ്ലാസ് എന്നിവ അടച്ചു പൂട്ടി. കോമളപുരം സ്പിന്നിംഗ് മില്‍ തൊഴിലാളികള്‍ക്ക് 371 രൂപ കൂലി നല്‍കുമ്പോള്‍ മറ്റുളളിടത്ത് 670 രൂപ കൂലിനല്‍കുന്നു. ടെക്സ്റ്റയില്‍ വകുപ്പും വ്യവസായ ധനവകുപ്പുകള്‍ ഈ കാര്യത്തില്‍ അപഹാസ്യമായ ഒളിച്ചുകളി നടത്തുന്നു. ഓട്ടോകാസ്റ്റ് പരിതാപകരമായ സ്ഥിതിയിലാണ് .ഭരണത്തിന്റെ മറവില്‍ തൊഴിലാളികളെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നതില്‍ താല്‍ക്കാലിക ജീവനക്കാരില്‍ അതൃപ്തിയുണ്ടാക്കുന്നു. കെ.എസ്.ഡി.പി യില്‍ എ.ഐ.ടി.യു.സിയില്‍പ്പെട്ട തൊഴിലാളികളെ സി.ഐ.ടി.യുക്കാരും മാനേജ്‌മെന്റും ഭീഷണിപ്പെടുത്തുകയും തൊഴില്‍ നിഷേധിക്കുകയും ചെയ്യുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ മാനേജ്‌മെന്റ് തൊഴിലാളി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നു. 'കോര്‍പ്പറേഷന്റെ നഷ്ടം നികത്താന്‍ തൊഴിലാളികളെ പിരിച്ചുവിടുകയും അടിമവേല ചെയ്യിക്കുകയുമാണ്. ലാഭനഷ്ടകണക്കിന്റെ പേരില്‍ സ്വകാര്യ ലോബിക്കും സ്ഥാപനം കൈമാറാനുള്ള ശ്രമമാണ് നടക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. 'വൈദ്യുതി മേഖലയില്‍ ഭരണപക്ഷ യൂണിയന്‍ കാഴ്ചക്കാര്‍ മാത്രമാണ്. സ്വകാര്യവല്‍ക്കരണവും കരാര്‍ സമ്പ്രദായവും വളര്‍ന്നു വരുന്നു.
പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ക്രിയാത്മകമായ നടപടികള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ചെറുകിട കയര്‍ മേഖല തകരുന്നു. കുത്തകകളുടെ കടന്നുകയറ്റം കശുവണ്ടി മേഖലയെ തകര്‍ക്കുന്നു. കടലിന്റെ മക്കള്‍ക്കു കടലില്‍ രക്ഷയില്ല. ടൂറിസത്തിന്റെ മറവില്‍ സീ പ്ലെയിന്‍ അടക്കമുള്ള സ്വകാര്യ പദ്ധതി കള്ളം കടല്‍, കായല്‍ കയ്യേറ്റങ്ങളും തൊഴിലാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.നിര്‍മ്മാണമേഖലയില്‍ പ്രതിസന്ധി വര്‍ധിക്കുന്നു. ക്ഷേമനിധിയില്‍ വ്യാജ അംഗങ്ങളെ ചേര്‍ക്കുന്നു. 'തൊഴിലുറപ്പു പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് കൂലി യഥാസമയം ലഭിക്കുന്നില്ല. തുടങ്ങിയ ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ചര്‍ച്ചകളില്‍ സി.പി.ഐ മന്ത്രിമാര്‍ ഭരിക്കുന്ന വകുപ്പുകള്‍ക്കെതിരെയും രൂക്ഷവിമര്‍ശനം ഉയരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."