ഖഷോഗിയുടെ മൃതദേഹം ആസിഡൊഴിച്ച് അഴുക്കുചാലില്‍ ഒഴുക്കിയെന്നു റിപ്പോര്‍ട്ട്
അങ്കാറ: മുതിര്‍ന്ന സഊദി മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡൊഴിച്ചു വികൃതമാക്കിയ ശേഷം അഴുക്കുചാലില്‍ ഒഴുക്കിയെന്നു റിപ്പോര്‍ട്ട്. പ്രമുഖ തുര്‍ക്കി മാധ്യമമായ 'സബാഹ് ' ആണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
സഊദി കോണ്‍സുലേറ്റിലെ അഴുക്കുചാലില്‍നിന്നു ലഭിച്ച ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ എന്നു കരുതപ്പെടുന്ന സാംപിളുകളില്‍ ആസിഡിന്റെ പാടുകള്‍ കണ്ടെത്തിയതായാണു വെളിപ്പെടുത്തല്‍. ഖഷോഗിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആസിഡൊഴിച്ച് ദ്രവിപ്പിച്ച് അഴുച്ചുചാലില് ഒഴുക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. വാര്‍ത്തയുടെ ഉറവിടം പത്രം വെളിപ്പെടുത്തിയിട്ടില്ല.
അതിനിടെ കൊലയാളികളെ കുറിച്ച് സഊദിക്ക് കൃത്യമായ വിവരമുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട രേഖകള്‍ സഊദിക്കും അമേരിക്ക, ബ്രിട്ടന്, ജര്‍മനി, ഫ്രാന്‍സ് അടക്കമുള്ള മറ്റു ചില രാജ്യങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നും ഉര്ദുഗാന് അറിയിച്ചു. കൊലയാളി ആരാണെന്ന് സഊദിക്ക് അറിയാമെന്നും ഉര്ദുഗാന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."