എണ്ണക്കപ്പല്‍ ആക്രമണം ഭീരുത്വമെന്ന് ഇറാന്‍
തെഹ്‌റാന്‍: സഊദി തീരത്ത് തങ്ങളുടെ എണ്ണക്കപ്പലിനു നേരെ മിസൈല്‍ ആക്രമണം നടത്തിയത് ആരാണെന്നതു സംബന്ധിച്ച് സൂചനകള്‍ ലഭിച്ചതായി ഇറാന്‍. ഇതിന് മറുപടി പ്രതീക്ഷിക്കാമെന്നും പരമോന്നത ദേശീയ സുരക്ഷാസമിതി സെക്രട്ടറി അലി ഷംഖാനി മുന്നറിയിപ്പു നല്‍കി.
ലഭ്യമായ വിഡിയോ ദൃശ്യങ്ങളും രഹസ്യാന്വേഷണവിഭാഗത്തിനു ലഭിച്ച തെളിവുകളും പരിശോധിച്ചു. ആക്രമണത്തെ ഭീരുത്വമെന്ന് സര്‍ക്കാര്‍ വക്താവ് അലി റബീഇ വിശേഷിപ്പിച്ചു. അന്വേഷണത്തിനു ശേഷം യോജിച്ച പ്രതികരണമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ സ്വതന്ത്രമായ സമുദ്രഗതാഗതം തടസ്സപ്പെടുത്തുന്നതും സഊദി അരാംകോയെ ആക്രമിച്ചതും ഇറാനാണെന്ന് തെളിവില്ലാതെ ആരോപിച്ചവര്‍ ഇറാന്‍ കപ്പലിനുനേരെ നടന്ന ആക്രമണത്തെ അപലപിക്കാന്‍ തയാറുണ്ടോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
അതേസമയം ആക്രമണം സഊദി മണ്ണില്‍ നിന്നാണെന്ന റിപ്പോര്‍ട്ടുകളെ ആക്രമിക്കപ്പെട്ട അല്‍സാബിതി കപ്പലിന്റെ ഉടമസ്ഥരായ ദേശീയ ടാങ്കര്‍ കമ്പനി നിഷേധിച്ചു. കപ്പലിന്റെ പുറംഭാഗത്താണ് രണ്ട് സ്‌ഫോടനങ്ങളും ഉണ്ടായതെന്നും കമ്പനി അറിയിച്ചു.
അതിനിടെ കപ്പലിന്റെ ട്രാക്കിങ് സിസ്റ്റം ഓഫ് ചെയ്തില്ലായിരുന്നെങ്കില്‍ തങ്ങള്‍ സഹായത്തിനെത്തുമായിരുന്നെന്ന് സഊദി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."