ഐ.എന്‍.എല്ലിലെ ആഭ്യന്തര തര്‍ക്കം മുന്നണി പ്രവേശനത്തിന് തിരിച്ചടി
കോഴിക്കോട്:ഇടതുമുന്നണി പ്രവേശനത്തിനടുത്തെത്തിയ ഐ.എന്‍.എല്ലിന് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് വിനയാകുന്നു. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും രണ്ടു തട്ടില്‍ എന്ന ആരോപണത്തെ സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്നത്.
അഖിലേന്ത്യാ നേതൃത്വം നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വം പാര്‍ട്ടി വേദികളില്‍ വീണ്ടും അവസരം നല്‍കുന്നതും മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ നേതാക്കള്‍ തമ്മില്‍ ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്‍ത്തിക്കുന്നതുമാണ് ഐ.എന്‍.എല്ലിനെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നത്. രൂപീകരിച്ചതിനു ശേഷം മൂന്നു തവണ പിളര്‍ന്ന പാര്‍ട്ടിയാണ് ഐ.എന്‍.എല്‍. പിളര്‍പ്പിനു ശേഷവും ഐ.എന്‍.എല്ലിനുള്ളില്‍ നേതാക്കള്‍ ഇപ്പോഴും നാലു ഗ്രൂപ്പുകളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ഇക്കഴിഞ്ഞ ഏപ്രിലില്‍ പിളര്‍ന്നു മാറിയ ഐ.എന്‍.എല്‍ ഡെമോക്രാറ്റിക്ക് വിഭാഗവും ഇടതുമുന്നണി പ്രവേശനം ആവശ്യപ്പെട്ട് രംഗത്തുണ്ട്.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നാരോപിച്ച് മുന്‍ സംസ്ഥാന സെക്രട്ടറി കെ.പി ഇസ്മാഈല്‍, മലപ്പുറം ജില്ലാ സെക്രട്ടറി സാലിഹ് മേടപ്പില്‍ എന്നിവര്‍ക്കെതിരേ നടപടിയെടുക്കാനാണ് അഖിലേന്ത്യാ പ്രസിഡന്റെ് മുഹമ്മദ് സുലൈമാന്‍, ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ വഴി സംസ്ഥാന ഘടകത്തിന് കഴിഞ്ഞ ദിവസം കത്തയച്ചത്.
കെ.പി ഇസ്മാഈലിനെ പാര്‍ട്ടിയുടെ എല്ലാ പരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും സാലിഹിനെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന നേതാക്കള്‍ സ്ഥലത്തില്ലെന്ന വാദം ഉയര്‍ത്തി അച്ചടക്ക നടപടി ഇതുവരെ കമ്മിറ്റി കൈകൊണ്ടിരുന്നില്ല. എന്നാല്‍ ദേശീയ നേതൃത്വം വിലക്കിയിട്ടും കെ.പി ഇസ്മാഈലിന് പാര്‍ട്ടി വേദികളില്‍ പ്രസംഗിക്കാന്‍ അവസരം കൊടുത്തുകൊണ്ടിരിക്കുന്നതാണ് ഇപ്പോള്‍ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുള്‍ വഹാബ് തിരിച്ചെത്തിയ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം എന്ത് നിലപാടെടുക്കും എന്നാണിനിയറിയേണ്ടത്.
മുസ്‌ലിം ലീഗില്‍ നിന്നും വേര്‍പിരിഞ്ഞ് കാല്‍ നൂറ്റാണ്ടായി ഐ.എന്‍.എല്‍ ഇടതുപക്ഷത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ മുന്നണിയില്‍ എടുത്തിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐ.എന്‍.എല്ലിനെ എല്‍.ഡി.എഫിന്റെ ഭാഗമാക്കുമെന്ന ഉറപ്പ് സി.പി.എം നേതൃത്വം നല്‍കിയിട്ടുണ്ട്.
എന്നാല്‍, ഈ സമയത്തുതന്നെ പാര്‍ട്ടിയില്‍ ആഭ്യന്തര യുദ്ധം മൂര്‍ച്ഛിച്ചതും എല്‍.ഡി.എഫിന്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.എല്‍ ഡെമോക്രാറ്റിക് രംഗത്തു വന്നതും ഭീഷണിയായിട്ടുണ്ട്. നേരത്തെ സംസ്ഥാനത്തൊട്ടാകെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ഇരുനൂറോളം ജനപ്രതിനിധികള്‍ വരെ പാര്‍ട്ടിക്ക് ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇത് 15 ആയി കുറഞ്ഞിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ മുന്നണി പ്രവേശനം സംബന്ധിച്ച് സി.പി.എമ്മും പുനര്‍ചിന്തനത്തിലേക്ക് നീങ്ങുന്നുവെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."