വിജയ് രൂപാനി ഗുജറാത്ത് മുഖ്യമന്ത്രി
അഹമദാബാദ്: ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് വിജയ് രൂപാനിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. നിതിന്‍ പട്ടേലാണ് ഉപമുഖ്യമന്ത്രി. മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.
സംസ്ഥാനത്ത് അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് ശക്തനായ ഒരു മുഖ്യമന്ത്രി ഉണ്ടാവണമെന്ന അഭിപ്രായം യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും സൂചിപ്പിച്ചിരുന്നു. നിതിന്‍ പട്ടേല്‍ മുഖ്യമന്ത്രിയാവുമെന്ന സൂചനകള്‍ നേരത്തേ ഉണ്ടായിരുന്നു. അമിത്ഷായുടെ പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ടായിരുന്നു.
രാജ്‌കോട്ടില്‍ നിന്നുള്ള എം.എല്‍.എയായ വിജയ്‌രൂപാനി ഗുജറാത്ത് മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു. നേരത്തെ രാജ്‌കോട്ടില്‍ നിന്നും എം.പിയായിരുന്നു ഇദ്ദേഹം. ജൈന വിഭാഗക്കാരനായ രൂപാനി ബി.ജെ.പിയില്‍ അമിത് ഷായുടെ സ്വന്തക്കാരനായാണ് വിലയിരുത്തപ്പെടുന്നത്.അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട് അറുപതുകാരനായ രൂപാനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."