ഇരുമുടിക്കെട്ടില്‍ സ്‌ഫോടകവസ്തുക്കളുമായി തീവ്രവാദികളെത്തും
തിരുവനന്തപുരം: വിവിധ തീവ്രവാദി ഗ്രൂപ്പുകളില്‍നിന്നും രാജ്യവിരുദ്ധ സംഘങ്ങളില്‍നിന്നും ഭീഷണിയുണ്ടെന്നും മണ്ഡലകാലത്ത് ശബരിമലയില്‍ സുരക്ഷ ശക്തമാക്കണമെന്നും സംസ്ഥാന പൊലിസ് മേധാവിയുടെ മുന്നറിയിപ്പ്.
കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ മുന്നറിയിപ്പ്. മണ്ഡലകാലത്ത് സംഘര്‍ഷമുണ്ടായേക്കാമെന്ന് സ്‌പെഷ്യല്‍ കമ്മിഷനര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് പൊലിസിന്റെയും മുന്നറിയിപ്പ്.
കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലും ക്ഷേത്രത്തിലേക്ക് എത്താന്‍ കാട്ടിലൂടെ ഏറെ ദൂരം സഞ്ചരിക്കേണ്ടതിനാലും തീര്‍ഥാടകരുടെ വേഷത്തില്‍ തീവ്രവാദികള്‍ എത്താനുള്ള സാധ്യത കൂടുതലാണെന്നാണു വിലയിരുത്തല്‍. ജില്ലാ പൊലിസ് മേധാവി, സംസ്ഥാന ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി വിഭാഗവും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം.
കേരളത്തില്‍ തീരദേശം വഴി സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ തീരദേശ ജില്ലകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണം. മറ്റു സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സ് ഏജന്‍സികളുമായി ചേര്‍ന്ന് തീവ്രവാദികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ശബരിമലയില്‍ തീര്‍ഥാടകര്‍ കൊണ്ടുവരുന്ന ഇരുമുടിക്കെട്ട് ഉപയോഗിച്ച് തീവ്രവാദികള്‍ സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ സാധ്യതയുണ്ട്. വിദൂര നിയന്ത്രിത സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്താന്‍ പല തീവ്രവാദി ഗ്രൂപ്പുകള്‍ക്കും വൈദഗ്ധ്യമുണ്ട്. സംശയമുള്ളവരെയും അവരുടെ കൈവശമുള്ള ഇരുമുടിക്കെട്ടും പരിശോധിക്കണം. കുടിവെള്ള ടാങ്കുകള്‍, ഇലക്ട്രിക് കണക്ഷനുകള്‍, ശ്രീകോവില്‍, മാളിക്കപ്പുറം ക്ഷേത്രം ഗണപതി കോവില്‍, പാര്‍ക്കിങ് സ്ഥലം എന്നിവിടങ്ങളിലെല്ലാം പ്രത്യേക ശ്രദ്ധവേണമെന്നും നിര്‍ദേശമുണ്ട്.
പമ്പയില്‍നിന്നു ട്രാക്ടറുകളില്‍ സന്നിധാനത്തേക്ക് എത്തിക്കുന്ന വസ്തുക്കളും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കണം. കാക്കി പാന്റ്‌സ് ധരിച്ചു വരുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വാങ്ങി പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."