രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ഭരണമെന്ന് സര്‍വേ
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടക്കുന്ന വോട്ടെടുപ്പില്‍ മൂന്നിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് സര്‍വേ. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് തനിച്ചു ഭരണത്തിലേറുമ്പോള്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ്- ടി.ഡി.പി സഖ്യവും വിജയിക്കും. ബി.ജെ.പി ഭരണത്തിലുള്ള ഛത്തിസ്ഗഡില്‍ ശക്തമായ മത്സരം നടക്കുമെന്നും മിസോറമില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും സി വോട്ടര്‍ നടത്തിയ സര്‍വേ ഫലം പറയുന്നു.
200 അംഗ രാജസ്ഥാന്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 145 സീറ്റിന്റെ വ്യക്തമായ വിജയമാണ് കോണ്‍ഗ്രസിനു ലഭിക്കുകയെന്നാണു പ്രവചനം. ഇവിടെ ഭരണകക്ഷിയായ ബി.ജെ.പി 45 സീറ്റുകളില്‍ ഒതുങ്ങും. കോണ്‍ഗ്രസിനു 47.9 ശതമാനം വോട്ട് പങ്കാളിത്തം ലഭിക്കുമ്പോള്‍ ബി.ജെ.പിക്ക് 39.7 ശതമാനവും ലഭിക്കും.
230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് 116 ന്റെ നേരിയ ഭൂരിപക്ഷം ലഭിക്കുമെന്നാണു പ്രവചനം. ബി.ജെ.പിക്ക് ഇവിടെ 107 സീറ്റുകളും ലഭിക്കും.
119 സീറ്റുള്ള തെലങ്കാനാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ടി.ഡി.പിക്കും കൂടി 64 സീറ്റുകള്‍ ലഭിക്കും. 90 സീറ്റുകളുള്ള ഛത്തിസ്ഗഡില്‍ ശക്തമായ പോരാട്ടമാകും നടക്കുക. ഇവിടെ ബി.ജെ.പിക്ക് 43 ഉം കോണ്‍ഗ്രസിന് 41 സീറ്റുകളും ലഭിക്കും. സ്വതന്ത്രരുള്‍പ്പെടെയുള്ളവരാവും ഛത്തിസ്ഗഡില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ മുഖ്യപങ്കു വഹിക്കുക.
40 അംഗ നിയമസഭയുള്ള മിസോറമില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണു സര്‍വേ പറയുന്നത്. മിസോ നാഷനല്‍ ഫ്രണ്ട് 17 സീറ്റുകളില്‍ ലീഡ് നേടും. കോണ്‍ഗ്രസ് 12 സീറ്റുകളും മിസോറാം പീപ്പിള്‍സ് മൂവ്‌മെന്റ് (എം.പി.എം) ഒമ്പതു സീറ്റുകളും നേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."