ഹെല്‍ത്ത് ഓഫിസിന് മുന്നില്‍ മാലിന്യം ഇട്ട് പ്രതിഷേധിച്ചു; ആരോഗ്യ വിഭാഗം ജീവനക്കാര്‍ പണിമുടക്കി
മട്ടാഞ്ചേരി: നഗരസഭ പ്രതിപക്ഷ നേതാവിന്റെ ഡിവിഷനില്‍ കരുണാലയത്തിന് സമീപം മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ വണ്ടിയിലാക്കി ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫിസിന് മുന്നില്‍ തള്ളി.
പാണ്ടിക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഓഫിസിന് മുന്നിലാണ് മാലിന്യം തള്ളിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഹെല്‍ത്ത് ഓഫിസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ.എസ് പ്രമോദ്, വിനോദ് മല്യ, ജോവിന് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ മാലിന്യം തള്ളിയത്. ഇന്നലെ രാവിലെ അഞ്ചാം സര്‍ക്കിള്‍ ഓഫിസ് തുറക്കുന്നതിനായി എത്തിയപ്പോഴാണ് മാലിന്യം തള്ളിയ വിവരം ജീവനക്കാര്‍ അറിയുന്നത്. ഓഫിസിന്റെ വാതിലില്‍ മനുഷ്യ വിസര്‍ജ്യം അടങ്ങിയ കിറ്റ് തൂക്കിയിട്ടിരുന്നതായും ഇത് മൂലം വാതില്‍ പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും ജീവനക്കാര്‍ പറഞ്ഞു. പ്രതിഷേധിച്ച് ആരോഗ്യ വിഭാഗം ജീവനക്കാര്‍ പണിമുടക്കി.
വിവരമറിഞ്ഞ് നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി, കൗണ്‍സിലര്‍മാരായ ബെന്നി ഫര്‍ണാണ്ടസ്, ആന്റണി ഫ്രാന്‍സിസ്,ജയന്തി പ്രേംനാഥ് എന്നിവരും സ്ഥലത്തെത്തി.
ജീവനക്കാര്‍ പണിമുടക്കിയതോടെ 25, 26, 28 ഡിവിഷനുകളിലെ മാലിന്യ ശേഖരണവും അവതാളത്തിലായി. പൊലിസും സ്ഥലത്തെത്തി. ഒടുവില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വി.കെ.മിനിമോള്‍ എത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്കിയ ശേഷം ഉച്ചയോടെ ജീവനക്കാര്‍ പണിമുടക്ക് പിന്‍വലിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."