തട്ടകത്തില്‍ ജയം കൊതിച്ച് മഞ്ഞപ്പട
ജലീല്‍ അരൂക്കുറ്റി#
കൊച്ചി: സ്വന്തം തട്ടകത്തില്‍ ഒരു വിജയം പോലും നേടാന്‍ കഴിയാത്ത കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കരുത്തരായ എഫ്.സി ഗോവയെ നേരിടാന്‍ ഇറങ്ങുകയാണ്. തുടര്‍ച്ചയായ നാല് സമനിലകള്‍ക്ക് ശേഷം കഴിഞ്ഞ കളിയിലെ പരാജയം കൂടിയായതോടെ ടീം കടുത്ത സമ്മര്‍ദത്തിലാണ്.
ആദ്യമത്സരത്തില്‍ നേടിയ മുന്നേറ്റം പിന്നീടുള്ള മത്സരങ്ങളില്‍ പുറത്തെടുക്കാന്‍ കഴിയാതെ പോയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇനിയുള്ള പോരാട്ടങ്ങള്‍ വിലപ്പെട്ടതാണ്. സീസണിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗോവയെ പരാജയപ്പെടുത്തുക മഞ്ഞപ്പടയ്ക്ക് വലിയ വെല്ലുവിളിയാണ്. ഇന്ന് ജയിച്ചില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നില പരുങ്ങലിലാവും.
കേരള ടീമില്‍ മികച്ച താരങ്ങളുണ്ടെങ്കിലും ജയം കണ്ടെത്താനാകാത്തത് കനത്ത തിരിച്ചടിയാണ്. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ നിറംമങ്ങുന്ന കാഴ്ചയായിരുന്നു. മധ്യനിരയില്‍ സഹല്‍ അബ്ദുല്‍ സമദും ഡുംങ്കലും ചേര്‍ന്ന് കളി മെനയുന്നുണ്ടെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് എപ്പോഴും തിരിച്ചടിയാകുന്നത്.
മുന്നേറ്റനിരയില്‍ ഇറങ്ങുന്ന സി.കെ വിനീതിന്റെ മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ക്ഷാമത്തിന് കാരണമാകുന്നുണ്ട്. സന്ദേശ് ജിങ്കന്‍, റാകിപ്പ്, ലാല്‍റുവാത്താര, നെമന്‍ജ പെസിച്ച് എന്നിവരുള്‍പ്പെടുന്ന മികച്ച പ്രതിരോധ നിര ബ്ലാസ്റ്റേഴ്‌സിനുണ്ടെങ്കിലും നിര്‍ണായക ഘട്ടങ്ങള്‍ ഗോള്‍ തടയുന്നതില്‍ ഇവര്‍ പരാജയപ്പെടുന്നതും ടീമിന് വിനയാകുന്നുണ്ട്. എ.ടി.കെക്കെതിരേ കളിച്ച ആദ്യ മത്സരത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വഴങ്ങാതിരുന്നത്.
4-1-4-1 ശൈലിയില്‍ കളിക്കാനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ സ്‌ട്രൈക്കറുടെ ഫിനിഷിങ്ങാണ് കളിയിലെ ഗതിനിര്‍ണയിക്കുന്നത്. പലപ്പോഴും ഇതില്ലാതെ പോകുന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിക്ക് കാരണമാകുന്നത്.
ബംഗളൂരുവിനെതിരേ ഓപ്പണ്‍ നെറ്റ് ലഭിച്ചിട്ടുപോലും വിനീത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇത് തുലച്ചുകളയുകയായിരുന്നു.
പ്രതിരോധ താരമായ മലയാളി താരം അനസ് എടത്തൊടികയെ കളിപ്പിക്കാത്തതും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ ശക്തി കുറക്കുന്നു. സസ്‌പെന്‍ഷന്‍ കാരണം ആദ്യ മൂന്ന് മത്സരത്തില്‍ കളിക്കാതിരുന്ന അനസിനെ ബാക്കിയുള്ളതില്‍ പകരക്കാരനായി പോലും ഇറക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."