ജോര്‍ദാനില്‍ വന്‍ പ്രളയം; 11 മരണം
അമ്മാന്‍: ജോര്‍ദാനില്‍ നാശംവിതച്ച് വന്‍ ജലപ്രളയം. വെള്ളപ്പൊക്കത്തില്‍ 11 പേര്‍ മരിച്ചു. രാജ്യത്തെ അതിപുരാതന നഗരമായ പെട്രയില്‍ സന്ദര്‍ശനത്തിനെത്തിയ നാലായിരത്തോളം വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു. കാണാതായവര്‍ക്കായി തെരച്ചില്‍ ശക്തമാണ്.
തുറമുഖ നഗരമായ അഖബയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് ചാവുകടല്‍ തീരത്തുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ 21 പേര്‍ മരിച്ചത്. ഇവിടെ വിനോദയാത്രയ്‌ക്കെത്തിയ സ്‌കൂള്‍ സംഘത്തിലെ 18 വിദ്യാര്‍ഥികളും മരിച്ചവരില്‍ ഉള്‍പ്പെടും. തലസ്ഥാനമായ അമ്മാനിന്റെ ദക്ഷിണ മേഖലയായ ദബായിലും അഖബയിലുമാണ് പ്രളയം ദുരിതം വിതയ്ക്കുന്നത്. ദബായെയും തലസ്ഥാന നഗരത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാത പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
പെട്ര നഗരത്തില്‍ 13 അടിയോളം ഉയരത്തില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്.
അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനാല്‍ സമീപ പ്രദേശങ്ങളിലുള്ള ജനങ്ങളോടും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതാനും ആഴ്ചകളായി ശക്തമായ മഴയാണ് ജോര്‍ദാനില്‍ തുടരുന്നത്. വിദ്യാര്‍ഥികള്‍ മരിച്ച സംഭവം രാജ്യത്തു വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ, ടൂറിസം മന്ത്രിമാര്‍ക്കു രാജിവയ്‌ക്കേണ്ടിയും വന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴയാണ് പുതിയ പ്രളയത്തിനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."