രാജ്യത്ത് ഭരണഘടനയും നിയമവ്യവസ്ഥയുമുണ്ടെന്ന് മനസ്സിലാക്കേണ്ടത് നിങ്ങളാണ്- യു.പി മന്ത്രിയുടെ ആരോപണങ്ങള്‍ക്ക് ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ബോര്‍ഡ് ലോ അംഗത്തിന്റെ മറുപടി
ലക്‌നോ: ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് (എ.ഐ.എം.പി.എല്‍.ബി) ഭരണഘടനാ വിരുദ്ധ എന്‍.ജി.ഒ ആണെന്ന ഉത്തര്‍പ്രദേശ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ഹാജ് മുഹ്‌സിന്‍ റാസയുടെ ആരോപണത്തിന് സംഘടനയുടെ മറുപടി. രാജ്യത്ത് ഒരു ഭരണഘടനയും നിയമവ്യവസ്ഥയുമുണ്ടെന്ന് ആദ്യം മനസ്സിലാക്കേണ്ടത് നിങ്ങളാണെന്ന് എ.ഐ.എം.പി.എല്‍.ബി അംഗം ഖാലിദ് റാഷിദ് ഫിരാംഗി മഹാലി പ്രതികരിച്ചു.
ബാബരി കേസില്‍ തങ്ങളുടെ പോരാട്ടം സുപ്രിം കോടതിയിലാണെന്നും ഏതെങ്കിലും വ്യക്തിക്കോ സംഘടനക്കോ എതിരല്ലെന്നും മഹാലി വ്യക്തമാക്കി. ഇത്തരം ആരേപണങ്ങളുന്നയിക്കുന്നവര്‍ രാജ്യത്ത് ഒരു ഭരണഘടനയും നിയമവ്യസ്ഥയുമുണ്ടെന്ന് ആദ്യം മനസ്സിലാക്കണം. സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ടിനു കീഴില്‍ രൂപം കൊണ്ട എ.ഐ.എം.പി.എല്‍.ബി ഒരു നിയമാനുസൃത സംഘടനയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ഐ.എം.പി.എല്‍.ബിയില്‍ ആരാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹത്തിനിറിയാം. റസയുടെ പേര് പരാമര്‍ശിക്കാതെ മഹാലി പറഞ്ഞു. അവരുടെ പൂര്‍വ്വികര്‍ രാജ്യത്തിനായി സര്‍വ്വം ത്യജിച്ചവരാണ്. ബോര്‍ഡ് ഒരിക്കലും രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കില്ല. ഭരണഘടനാ പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് സംഘടനയുടെ പ്രവര്‍ത്തനമെന്നും മഹാലി വ്യക്തമാക്കി.
ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ബോര്‍ഡ് ഭരണഘടനാ വിരുദ്ധ എന്‍.ജി.ഒ ആണെന്നായിരുന്നു ഹാജ് മുഹ്‌സിന്‍ റാസയുടെ ആരോപണം. ബാബരി കേസില്‍ എ.ഐ.എം.പി.എല്‍.ബി തുടരുന്ന എക്‌സിക്യുട്ടിവ് മിറ്റിങ്ങുകളേയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. സംഘടനയുടേയും ഫണ്ടിനെ കുറിച്ചും റാസ സംശയം പ്രകടിപ്പിച്ചു. ബാബരി കേസില്‍ വിധി വരാനിരിക്കെ ഒരു ഭരണഘടനാ വിരുദ്ധ സംഘടന രാജ്യത്തിനെതിരായി സംസാരിക്കുന്നു. ഭീകരതയെ പിന്തുണക്കുന്ന ഇവര്‍ എന്‍.ആര്‍.സിക്കും മുത്വലാഖ് ബില്ലിനുമെതിരെ ശബ്ദമുയര്‍ത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."