ശബരിപാത: മുഖ്യമന്ത്രിയുടെ പ്രസ്താവന വിലങ്ങുതടി ആയേക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍
കോതമംഗലം: ശബരി പാത നിര്‍മാണത്തിന്റെ മുഴുവന്‍ തുകയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പദ്ധതി നഷ്ടപ്പെടാന്‍ ഇടവരുത്തുമെന്ന ആശങ്ക ഉളവാക്കുന്നതാണെന്ന് ആക്ഷന്‍ കൗണ്‍സില്‍. മെട്രോ റെയില്‍ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്.
കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും ചേര്‍ന്ന് സംസ്ഥാനത്തിന്റെ റയില്‍ വികസനവും ചിലവ് പങ്കിടുന്നതും സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു.
ഇതു പ്രകാരം സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ പകുതി തുക സംസ്ഥാന സര്‍ക്കാര്‍ ചിലവഴിക്കാമെന്നും ഇതനുസരിച്ച് നടപ്പാക്കാന്‍ ഉദേശിക്കുന്ന എട്ട് പദ്ധതികളുടെ പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒന്നാം സ്ഥാനത്ത് ശബരി പാത ആയിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കാന്‍ തയ്യാറല്ലെന്ന സൂചന നല്‍കിയുള്ള നിവേദനം നല്‍കല്‍ പദ്ധതിക്ക് തിരിച്ചടിയാകും. രണ്ട് ദശാബ്ദക്കാലമായി ഭൂമി കൈമാറ്റം പോലും നടത്താന്‍ കഴിയാതെ ഭൂ ഉടമകള്‍ ദുരിതം അനുഭവിക്കുന്നത് തുടരുകയാണ്. സ്ഥലം ഏറ്റെടുക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് സ്ഥലം ഉടമകളുടെ ആശങ്കകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗോപാലന്‍ വെണ്ടുവഴി അവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."