ഒന്നാകുന്നത് ശ്രീധരന്‍പിള്ളയുടെയും പിണറായിയുടെയും മനസുകള്‍: ചെന്നിത്തല
തൃശൂര്‍: യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ജാഥകളല്ല, ശ്രീധരന്‍പിള്ളയുടെയും പിണറായി വിജയന്റെയും മനസുകളാണ് ഒന്നാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയതയെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി യു.ഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബി.ജെ.പിയെ കൂട്ടുപിടിക്കുകയാണ് സി.പി.എം. ബി.ജെ.പിയെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് വരുംദിവസങ്ങളില്‍ തെളിയിക്കപ്പെടും. രാഷ്ട്രീയക്കളിക്കുവേണ്ടി ഇരുകൂട്ടരും ശബരിമലയെ ഉപയോഗിക്കുകയാണ്.
ബി.ജെ.പി വളരണമെന്നാണ് സി.പി.എമ്മിന്റെ ആഗ്രഹം. ബി.ജെ.പി ശക്തിപ്പെടുന്നതിലൂടെ കോണ്‍ഗ്രസിനെ ഇല്ലാതാക്കാമെന്നാണ് പിണറായി വിജയന്റെ കണക്കുകൂട്ടല്‍.
അതിനുവേണ്ടി ബി.ജെ.പിയെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരിക്കലും യോജിക്കാന്‍ പാടില്ലാത്ത രണ്ട് ശക്തികള്‍ കൈകോര്‍ത്തുപിടിച്ച് നടത്തുന്ന രാഷ്ട്രീയനാടകമാണ് ഇപ്പോള്‍ കേരളം കാണുന്നത്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് ശബരിമലയില്‍ നടക്കുന്നതെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദൈവവിശ്വാസമുള്ളവരും ദൈവവിശ്വാസമില്ലാത്തവരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ലിംഗസമത്വത്തിനുവേണ്ടി വാദിക്കുന്ന രാഷ്ട്രീയപ്രസ്ഥാനമാണ് കോണ്‍ഗ്രസ്.
എന്നാല്‍, ക്ഷേത്രങ്ങളിലെ പ്രതിഷ്ഠക്ക് അനുസരിച്ചുള്ള ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം. മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിട്ടും നടപ്പാക്കാതെ നാലുമാസം എടുത്തുവച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."