യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്നാണ് പാര്‍ട്ടി നിലപാട്: കോടിയേരി
കോഴിക്കോട്: യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്നതാണ് പാര്‍ട്ടി നിലപാടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുവതികള്‍ ശബരിമലയില്‍ വരേണ്ടെന്ന് കോടതി പറഞ്ഞാല്‍ അതും സര്‍ക്കാര്‍ നടപ്പാക്കും.
കലാപമുണ്ടാക്കുകയാണ് ബി.ജെ.പി ലക്ഷ്യം. ബി.ജെ.പിക്ക് മറിച്ചാണ് അഭിപ്രായമെങ്കില്‍ മോദിയോട് പറഞ്ഞ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാമല്ലോയെന്നും കോടിയേരി ചോദിച്ചു.
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'കേരള ബദല്‍ രാഷ്ട്രീയവും സമ്പദ്ശാസ്ത്രവും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയാണ് കേരളത്തിന്റെ പാരമ്പര്യം. മതത്തെ ഉപയോഗിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പിയുടെ പരീക്ഷണം.
സംഘ്പരിവാറാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിയുടെ യോഗങ്ങളിലെ ശരണം വിളിയെല്ലാം അവര്‍ മതത്തെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ്.
2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇത്തവണയും ആവര്‍ത്തിക്കും. ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണ്. എത്ര വോട്ട് കിട്ടുമെന്ന് നോക്കിയല്ല ഇടതുപക്ഷം നിലപാടെടുക്കുക. ആക്രമണം കാട്ടി പേടിപ്പിക്കാന്‍ ആരും നോക്കേണ്ട. ബി.ജെ.പിയുടെ അജന്‍ഡയില്‍ കോണ്‍ഗ്രസും ലീഗും വീണു. ഇടതുമുന്നണിയല്ല കേരളം ഭരിക്കുന്നതെങ്കില്‍ കലാപമുണ്ടായേനെ.
കോടതിവിധിയേക്കാള്‍ വിശ്വാസമാണ് വലുതെങ്കില്‍ ബാബരിമസ്ജിദിന്റെ കാര്യത്തിലുള്ള ലീഗിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.വസീഫ് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."