യുവതികളെ ഹെലികോപ്ടറില്‍ പമ്പയിലെത്തിക്കാന്‍ പൊലിസ് നീക്കം
തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് ബുക്ക് ചെയ്ത യുവതികളെ ഹെലികോപ്ടര്‍ മാര്‍ഗം പമ്പയിലെത്തിക്കാനുള്ള സാധ്യതതേടി പൊലിസ്. ഇന്നലെ വൈകിട്ടുവരെ 560 വനിതകളാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്തിരിക്കുന്നത്.
ഇതില്‍ കേരളത്തില്‍ നിന്ന് മൂന്ന് സ്ത്രീകള്‍ മാത്രമാണുള്ളത്. ബാക്കിയുള്ളവര്‍ കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് കുടുംബസമേതമാണ് ബുക്കിങ്ങുകള്‍ വന്നിട്ടുള്ളത്. ഇവര്‍ ശബരിമലയിലേക്ക് വരുമ്പോള്‍ കനത്ത പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലിസ് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നത്.
യുവതികളെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം പമ്പയിലെ ഹെലിപ്പാഡില്‍ എത്തിക്കാനാകുമോയെന്നാണ് പൊലിസ് പരിശോധിക്കുന്നത്. ഈ മാസം 17നാണ് മണ്ഡല, മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്. വനിതകളെ തടയാന്‍ സംഘ്പരിവാറുകാര്‍ പദ്ധതി തയാറാക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സന്നിധാനത്ത് സുരക്ഷ കര്‍ശനമാക്കുന്നതിനാല്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ നിലയ്ക്കല്‍ എത്തുന്നതിനു മുന്‍പ് വഴിയില്‍ തടയാനാണ് സംഘ്പരിവാര്‍ പദ്ധതിയെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഇതേതുടര്‍ന്നാണ് സ്ത്രീകളെ ഹെലികോപ്റ്റര്‍ മാര്‍ഗം പമ്പയില്‍ എത്തിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ പൊലിസ് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."