ഡെങ്കിപ്പനി 209 പേര്‍ക്ക്; 136 പേര്‍ക്ക് എലിപ്പനി
ആലപ്പുഴ: ജില്ലയിലെ സാംക്രമിക രോഗബാധിതരുടെ കണക്കുകള്‍ പുറത്ത്. എലിപ്പനി, ഡെങ്കി, മലേറിയ, ചിക്കുന്‍ഗുനിയ, ചിക്കന്‍പോക്‌സ്, എച്ച്1എന്‍1, ജലജന്യരോഗങ്ങള്‍ എന്നിവ ബാധിച്ചവരുടെ എണ്ണം ഇതുവരെ 67,053 ആണ്. 2015ല്‍ ഇത് 1,50,206 ഉം 2016ല്‍ ഇത് 1,62,507 ഉം ആയിരുന്നു.
ജൂണ്‍ 19 വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 209 ആണ്. 136 പേര്‍ക്ക് എലിപ്പനി ബാധിച്ചു. എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ഒരാള്‍ വീതം മരിച്ചു. 55 പേര്‍ക്കാണ് എച്ച്1എന്‍1 ബാധിച്ചത്. 56,551 പേരാണ് വൈറല്‍പനി ബാധിതര്‍. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1683 പേര്‍ക്കാണ് ചിക്കന്‍പോക്‌സ് ബാധിച്ചത്. അഞ്ചു പേര്‍ക്ക് മലേറിയ പിടിപെട്ടു. ആശ പ്രവര്‍ത്തകരില്‍ മൂന്നൂറോളം പേര്‍ കൊഴിഞ്ഞുപോയതായി ഡി.എം.ഒ. പറഞ്ഞു. ജില്ലയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളെല്ലാം നികത്തിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ 20 ഒഴിവുണ്ട്. ഹൈക്കോടതിയില്‍ കേസുള്ളതിനാലാണ് ഒഴിവ് നികത്താനാകാത്തതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡുതല സാനിറ്റേഷന്‍ സമിതികള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡി.എം.ഒ. പറഞ്ഞു.
ജില്ലയില്‍ എലിപ്പനിയും ഡെങ്കിപ്പനിയും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആലപ്പുഴ നഗരസഭയിലാണ്. നഗരത്തില്‍ 31 പേര്‍ക്ക് ഡെങ്കിപ്പനിയും 52 പേര്‍ക്ക് എലിപ്പനിയും പിടിപെട്ടു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 24, തണ്ണീര്‍മുക്കം19, വള്ളികുന്നം19, മുഹമ്മ16, ആര്യാട്15, മാരാരിക്കുളം വടക്ക്14, മണ്ണഞ്ചേരി10 എന്നിവിടങ്ങളിലാണ് കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത്.
മണ്ണഞ്ചേരിയില്‍ 15 പേര്‍ക്കും കൈനകരിയില്‍ 13 പേര്‍ക്കും മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ 10 പേര്‍ക്കും നെടുമുടി, ആര്യാട് പഞ്ചായത്തുകളില്‍ അഞ്ചുവീതം പേര്‍ക്കും എലിപ്പനി ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഊര്‍ജ്ജിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറഞ്ഞു. കൈനകരിയില്‍ കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യമുയര്‍ന്നു. ആലപ്പുഴ നഗരസഭയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ യോഗം ഉടന്‍ കൂടുമെന്ന് ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു.
പനിക്കെതിരെ ജാഗ്രത വേണം
ആലപ്പുഴ: പനി വ്യാപകമായി കാണുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വീടിനകത്തും പുറത്തും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കി ആഴ്ചയില്‍ ഒരിക്കല്‍ കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളുകളിലും ശനിയാഴ്ച ദിവസങ്ങളില്‍ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിച്ച് ഡ്രൈഡേ ആചരിക്കണം. ബയോ ഗ്യാസ് പ്ലാന്റുകള്‍, വേലി കെട്ടാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ മടക്കുകള്‍, വീടിന്റെ ടെറസ് എന്നിവയില്‍ കൊതുക് വളരാനുള്ള സാഹചര്യമുണ്ട്. ഇവിടങ്ങള്‍ ശ്രദ്ധിക്കണം.
വീട്ടിലും പരിസര പ്രദേശങ്ങളിലുമായി വലിച്ചെറിയുന്ന പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ കുപ്പികള്‍, ടയറുകള്‍, തുടങ്ങിയവ നീക്കം ചെയ്യണം. പനിയുണ്ടായാല്‍ ചൂടുള്ള പാനീയങ്ങള്‍ ധാരാളമായി കുടിക്കണം. പരിപൂര്‍ണ്ണ വിശ്രമം എടുക്കണം.
പനിയുണ്ടായാല്‍ സ്വയംചികിത്സ നടത്താതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മരുന്ന് കഴിക്കാവു. പനിയുള്ളവര്‍ കൊതുകുവലകള്‍ ഉപയോഗിക്കണം. ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരം അറിയിക്കണം. കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
.
.
'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."