HOME
DETAILS

കല്ലാമൂലയിലെ സുമനസ്സുകളേ നിങ്ങളെ മറക്കില്ലൊരിക്കലും

  
backup
November 10 2018 | 19:11 PM

veenduvicharam-a-sajeevan-11-11-2018

 

മനസ്സു മുറിപ്പെടുത്തുന്ന സംഭവങ്ങളിലൂടെയും മുഹൂര്‍ത്തങ്ങളിലൂടെയുമാണ് ഈ നാട്ടിലെ കഴിഞ്ഞ കുറേ ദിനരാത്രങ്ങള്‍ കടന്നുപോയത്.
മതത്തിന്റെ പേരില്‍ അന്ധമായ ആക്രോശവും അക്രമവും നടത്തുന്നവര്‍.
അന്യമതക്കാരന്‍ നികൃഷ്ടജീവിയാണെന്ന മട്ടില്‍ ഒളിഞ്ഞും തെളിഞ്ഞും മനസ്സുകൊണ്ടു കാര്‍ക്കിച്ചു തുപ്പുന്നവര്‍.
എങ്ങും ശാപവാക്കുകളും കൊലവിളികളും മാത്രം.
മനുഷ്യത്വരഹിതമായ ഇത്തരം നിലപാടുകള്‍ക്കെതിരേ എഴുതുകയോ പറയുകയോ ചെയ്താല്‍ കൂട്ടത്തോടെ 'ആക്രമിക്കുന്ന' സാമുദായിക ചെന്നായ്ക്കൂട്ടങ്ങള്‍.
ഇത്രയും ഭീകരവും ഭീതിതവുമായ കാലം ഇതിനു മുമ്പു നേരിടേണ്ടി വന്നിട്ടില്ല.
ഇതിനിടയില്‍ മനസ്സിന് അല്‍പ്പം ആശ്വാസം നല്‍കുന്ന തെളിമയുള്ളൊരു വാര്‍ത്ത കാണാനോ വായിക്കാനോ പറ്റിയിരുന്നെങ്കില്‍ എന്നു പലപ്പോഴും ആശിച്ചുപോയിരുന്നു.
ഇതാ ആ ആഗ്രഹം സഫലമായിരിക്കുന്നു; ചെറിയ രൂപത്തിലല്ല, ഏറ്റവും മികച്ച രീതിയില്‍ത്തന്നെ.
ദിവസങ്ങള്‍ക്കു മുമ്പാണ്, മലപ്പുറം ജില്ലയിലെ ഗ്രാമപ്രദേശമായ കാളികാവില്‍ നിന്ന് ആ വാര്‍ത്ത പുറംലോകത്തെത്തുന്നത്.
'മതവിഭാഗീയത മാറി നില്‍ക്കുന്നു ഈ മഹല്ലിന്റെ കാരുണ്യത്തിനു മുന്നില്‍' എന്ന മട്ടിലായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്.
ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായി മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്ന ദീബേഷ് എന്ന ചെറുപ്പക്കാരന്റെ ശസ്ത്രക്രിയാ ചെലവിനു പണം കണ്ടെത്താന്‍ ആ നാട്ടിലെ മുസ്‌ലിം മഹല്ല് കമ്മിറ്റി മതപ്രഭാഷണം നടത്തുന്നതിനെക്കുറിച്ചും ആ ചെറുപ്പക്കാരനു രോഗശാന്തി കിട്ടാന്‍ പടച്ചവന്റെ കൃപയ്ക്കു വേണ്ടി കൂട്ടപ്രാര്‍ത്ഥന നടത്തുന്നതിനെക്കുറിച്ചുമായിരുന്നു വാര്‍ത്ത.
സാമ്പത്തികദുരിതത്തില്‍ കഴിയുന്ന കുടുംബത്തില്‍പ്പെട്ടവരുടെ ഭാരിച്ച ചെലവുവരുന്ന ചികിത്സയ്ക്കായി നാട്ടുകാര്‍ പണപ്പിരിവു നടത്തുന്നതു കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. രാഷ്ട്രീയപ്പാര്‍ട്ടികളും സാമൂഹ്യസംഘടനകളും സാമുദായിക സംഘനടകളുമെല്ലാം അത്തരം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. ലക്ഷക്കണക്കിനു രൂപ ആ രീതിയില്‍ പിരിച്ചു നല്‍കാറുമുണ്ട്.
അത്തരം പ്രവര്‍ത്തനങ്ങളില്‍ മിക്കപ്പോഴും ജാതിമത പരിഗണനകളോ വിവേചനങ്ങളോ ഉണ്ടാകാറുമില്ല. കാളികാവില്‍ത്തന്നെ ദീബേഷിന്റെ ചികിത്സയ്ക്കു പണം സ്വരൂപിക്കാനായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട മറ്റൊരു സമിതിയില്‍ നാനാജാതി മതക്കാരുണ്ട്.
ആ സമിതിയുടെ പ്രസിഡന്റ് ക്രിസ്ത്യാനിയായ പഞ്ചായത്ത് പ്രസിഡന്റും കണ്‍വീനര്‍ മുസ്‌ലിമായ പഞ്ചായത്ത് വൈസ്പ്രസിഡന്റുമാണ്.
അങ്ങനെ നോക്കുമ്പോള്‍ ദീബേഷിന്റെ ചികിത്സാസഹായനിധി ശേഖരിക്കാനുള്ള കല്ലാമൂല മഹല്ല് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ വേണമെങ്കില്‍ കണ്ടില്ലെന്നു നടിക്കാം. ചുരുങ്ങിയ പക്ഷം പ്രകീര്‍ത്തിക്കാതിരിക്കുകയെങ്കിലും ചെയ്യാം. അതാണല്ലോ നമ്മുടെ രീതി.
പക്ഷേ, കല്ലാമൂല മഹല്ല് കമ്മിറ്റിയുടെ ദൗത്യത്തിനു പിന്നിലെ മഹത്തായ സന്ദേശം തിരിച്ചറിയുന്നവര്‍ അങ്ങനെ ചെയ്യില്ല, പകരം അവരുടെ പ്രവര്‍ത്തനത്തെ കന്മഷരഹിതമായി പാടിപ്പുകഴ്ത്തും. കാരണം, അതു വെറുമൊരു പണപ്പിരിവു നടത്തി സഹായിക്കല്‍ പരിപാടിയല്ല, നാട്ടാരുടെ ഹൃദയത്തില്‍നിന്നു വെറുപ്പിന്റെ നേരിയ കറപോലും തുടച്ചുനീക്കുന്ന സല്‍പ്രവൃത്തിയാണവര്‍ ചെയ്തിരിക്കുന്നത്. ഉത്തരേന്ത്യയേക്കാള്‍ ഭീകരമായ രീതിയില്‍ ഈ കൊച്ചുകേരളത്തെ സമുദായശത്രുതയുടെ ഭ്രാന്താലയമാക്കാനുള്ള തകൃതിയായ കരുനീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം കരുണാര്‍ദ്ര മനസ്സുകളെ അഭിനന്ദിക്കാതിരിക്കുന്നതു ദൈവനിന്ദയാകും.
ചികിത്സാചെലവു നല്‍കുന്നതിലല്ല, അതിനവര്‍ കണ്ടെത്തിയ മാര്‍ഗത്തിലാണ് ആ പ്രവൃത്തിയുടെ മഹത്വം നിറഞ്ഞു നില്‍ക്കുന്നത്. നാട്ടുകാരനായ ഒരു യുവാവിന്റെ ചികിത്സയ്ക്കായി പണം നല്‍കണമെന്ന് ആഹ്വാനം ചെയ്യുകയോ അതു പിരിച്ചു നല്‍കുകയോ ചെയ്യുന്നതില്‍ മാത്രം അവരുടെ കര്‍ത്തവ്യം ഒതുങ്ങി നിന്നില്ല. ആ ചികിത്സാഫണ്ട് ശേഖരണത്തെ നിമിത്തമാക്കി ഒരു മഹത്സന്ദേശം അവര്‍ നാട്ടുകാരുടെ ഹൃദയഭിത്തികളില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു,
'മതം കാരുണ്യമാണ് '.
അതേ.., അന്യമതക്കാരനായ ദീബേഷിന്റെ ചികിത്സയ്ക്കായി വെറുതെ പണം പിരിക്കാതെ മതത്തിന്റെ യഥാര്‍ത്ഥസത്ത ജനങ്ങളിലെത്തിക്കാന്‍ രംഗത്തുവന്നുവെന്നതു തന്നെയാണ് കല്ലാമൂല മഹല്ല് കമ്മിറ്റിയുടെ മഹത്വം. ലോകം കണ്ടു പഠിക്കേണ്ടതാണ് ഈ അപൂര്‍വ കര്‍മം.
അവിടെയും അവസാനിക്കുന്നില്ല ആ മഹല്ല് കമ്മിറ്റി അവതരിപ്പിക്കുന്ന നന്മയുടെ പാഠങ്ങള്‍. ദീബേഷിന്റെ രോഗശാന്തിക്കായി ആ മഹല്ലില്ലെ ആബാലവൃദ്ധം മുസ്‌ലിംകള്‍ കൂട്ടപ്രാര്‍ത്ഥന നടത്തി. 'ഞങ്ങളുടെ സഹോദരന്റെ ജീവന്‍ രക്ഷിക്കണമേ'എന്നാണവര്‍ പ്രാര്‍ത്ഥിച്ചത്.
ഇവിടെ മതപരമായ അതിര്‍വരമ്പുകളെല്ലാം അലിഞ്ഞലിഞ്ഞില്ലാതാവുകയാണ്. സകല ചരാചരങ്ങളെയും സൃഷ്ടിച്ച സര്‍വശക്തനു മുന്നില്‍ മനുഷ്യനിര്‍മിതമായ എല്ലാ വിവേചനങ്ങളും അപ്രസക്തമാണെന്നു തെളിയിക്കുകയാണ്.
കരുണാമയനായ പ്രപഞ്ചസ്രഷ്ടാവിന് ഏറ്റവും പ്രിയപ്പെട്ട ഗുണം കരുണയാണെന്നു ബോധ്യപ്പെടുത്തലാണത്. ഇസ്‌ലാമിന്റെ അടിസ്ഥാനശീലങ്ങളില്‍ സുപ്രധാനമായ സാഹോദര്യത്തിന്റെ പതാക ഉയര്‍ത്തിപ്പിടിക്കലാണത്.
കഴിച്ച ഭക്ഷണത്തിന്റെ പേരില്‍, ധരിച്ച വസ്ത്രത്തിന്റെ പേരില്‍, നടത്തുന്ന പ്രാര്‍ത്ഥനയുടെ പേരില്‍പ്പോലും അന്യമതക്കാരനെ കൊലക്കത്തിക്കിരയാക്കാന്‍ മടിയില്ലാത്തവര്‍ അതിഭീകരമായി പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതല്ലാതെ മറ്റെന്താണ് ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാണിക്കേണ്ടത്.
കാളികാവില്‍ നിന്നുള്ള ഈ ഹൃദയഹാരിയായ വാര്‍ത്ത വായിച്ചപ്പോഴും പിന്നീട് അതിനെക്കുറിച്ച് ആലോചിച്ചപ്പോഴൊക്കെയും ആശിച്ചുപോയ ഒരു കാര്യം കൂടി ഇവിടെ പകര്‍ത്തട്ടെ, മനുഷ്യരെല്ലാം ഈയൊരു നന്മയുടെ പാഠം ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരുന്നെങ്കില്‍ ഈ ലോകം എത്ര സുന്ദരമാകുമായിരുന്നു.
ഒരു മതവും മനുഷ്യനെ വെറുക്കാനും തകര്‍ക്കാനും പഠിപ്പിക്കുന്നില്ല. ഒരു മനുഷ്യനെ കൊന്നാല്‍ സമസ്ത മനുഷ്യരെയും കൊന്നതിനു തുല്യമാണെന്നു പറയുന്ന ഇസ്‌ലാമും 'സമസ്ത ലോകത്തിനും സൗഖ്യമുണ്ടാകട്ടെ'യെന്നും 'നമുക്കിടയില്‍ വിദ്വേഷമുണ്ടാകാതിരിക്കട്ടെ'യെന്നും പ്രാര്‍ത്ഥിക്കുന്ന സനാതന സംസ്‌കാരവും മുതല്‍ എല്ലാ മതങ്ങളും നന്മയുടെ പ്രചാരണമാണു നടത്തുന്നത്.
രാഷ്ട്രീയവും സാമ്പത്തികവും മറ്റുമായ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി കുടിലമനസ്‌കര്‍ ആ നന്മ മറച്ചുവച്ചു പകയുടെ തത്വശാസ്ത്രം പ്രചരിപ്പിക്കുകയാണ്.
ആചാരത്തിന്റെയും പാരമ്പര്യത്തിന്റെയും മേമ്പൊടിചേര്‍ത്താണ് അവര്‍ വിശ്വാസികളുടെ മനസ്സില്‍ വര്‍ഗീയവിഷം കുത്തിവയ്ക്കുന്നത്. ആ ദുഷ്ടലാക്കു തിരിച്ചറിയപ്പെടാതെ പോകുന്നുവെന്നതാണ് ഏറ്റവും വലിയ വൈപരീത്യം. കാളികാവിലെ നന്മനിറഞ്ഞ മനുഷ്യര്‍ക്ക് സമൂഹത്തിന്റെ ആ തിമിരം ഇല്ലായ്മ ചെയ്യാന്‍ കഴിയട്ടെയെന്നു പ്രാര്‍ഥിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago