എന്‍.സി.പി പിളര്‍പ്പിലേക്കെന്ന വാര്‍ത്ത അടിസ്ഥാന രഹിതം: ഉഴവൂര്‍ വിജയന്‍
കോട്ടയം: എന്‍.സി.പിയില്‍ പരിഹരിക്കാന്‍ കഴിയാത്ത ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളൊന്നും നിലവിലില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. എന്‍.സി.പി പിളര്‍പ്പിലേക്ക് എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്.
ഈ മാസം 27 ന് അഖിലേന്ത്യ പ്രസിഡന്റിനെ ക്ഷണിച്ചത് എ.സി. ഷണ്‍മുഖദാസ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടത്തുന്ന സി.കെ ഗോവിന്ദന്‍ നായര്‍ -എ.സി. ഷണ്‍മുദാസ് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ്. പാര്‍ട്ടിയില്‍ നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനല്ല. പാര്‍ട്ടിയുടെ മന്ത്രി തോമസ് ചാണ്ടിയുമായോ മറ്റു നേതാക്കളുമായോ ഒരഭിപ്രായ വ്യത്യാസവും നിലവിലില്ലെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കുന്നതിനും മുന്നണിയെ ശക്തിപ്പെടുത്തുന്നതിനും വേണ്ടി എന്‍.സി.പി ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ്.
കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എന്‍.സി.പി ജില്ലാ കേന്ദ്രങ്ങളിലും നിയോജക മണ്ഡലം അടിസ്ഥാനത്തിലും കാംപയിനുകള്‍ സംഘടിപ്പിച്ചു വരികയാണ്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഏതെങ്കിലും വ്യക്തികള്‍ ശ്രമിച്ചാല്‍ ഗുരുതരമായ അച്ചടക്ക ലംഘനമായി കണ്ട് ആ വ്യക്തികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. കോഴിക്കോട് നടക്കുന്ന സി.കെ.ജി-എ.സി ഷണ്‍മുഖദാസ് അനുസ്മരണ പരിപാടി വിജയിപ്പിക്കുന്നതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ഉഴവൂര്‍ വിജയന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."