ജനവിരുദ്ധരാവുന്ന ജനപ്രതിനിധികള്‍
പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക് കാണാന്‍ പോയ സാംസ്‌കാരിക പ്രവര്‍ത്തകരെ ആക്രമിച്ചതാരാണ്? അന്‍വറിന്റെ ഗുണ്ടകളാണെന്ന് അതിക്രമത്തിന് ഇരയായവര്‍ പറയുന്നു. ലോകത്തെവിടെയായാലും ഇത് സംഭവിക്കാവുന്നതാണ്. എന്നാല്‍ അക്രമികളുടെ കൂട്ടത്തില്‍ സ്ഥലത്തെ പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു എന്നുകൂടി സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നു. അതായത് വാട്ടര്‍തീം പാര്‍ക്ക് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ ആശങ്കകളും അഭിലാഷങ്ങളും വികാരങ്ങളും താല്‍പര്യങ്ങളും എന്താണെന്ന് ലോക സമക്ഷം ബോധ്യപ്പെടുത്തേണ്ട ആളുകള്‍ പാര്‍ട്ടി ഭേദമന്യേ പാര്‍ക്കിന്ന് അനുകൂലമാണ്. പരിസ്ഥിതി അവര്‍ക്ക് പ്രശ്‌നമല്ല, പാര്‍ക്ക് മൂലം ഉണ്ടായേക്കാവുന്ന പ്രകൃതി കോപങ്ങള്‍ അവര്‍ പരിഗണിക്കുന്നില്ല. പാര്‍ക്ക് കക്കാടംപൊയിലിലും പരിസരങ്ങളിലുമുള്ള ആവാസവ്യവസ്ഥയുടെ മേല്‍ ഭാവിയില്‍ ഏല്‍പ്പിച്ചേക്കാവുന്ന ആഘാതങ്ങള്‍ അവര്‍ ഗൗനിക്കുന്നില്ല. ഇനി വരുന്ന തലമുറക്ക് അവിടെ വാസം സാധ്യമോ എന്നവര്‍ ചിന്തിക്കുന്നുപോലുമില്ല.
ജനവികാരത്തിന്റെ വക്താക്കളായ ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുമാണ് 'ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവും മനുഷ്യവിരുദ്ധ'വുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ട ഒരു പാര്‍ക്കിന് വേണ്ടി രംഗത്തുവന്നത്. ഈ പാര്‍ക്ക് എത്രത്തോളം ദോഷകരമാണ് എന്ന് കണ്ടറിയാന്‍ വന്നവരെ കൂക്കിയാര്‍ത്ത് അടിച്ചോടിക്കാന്‍ ശ്രമിച്ചത്. കുറച്ചു കൂടി തെളിച്ചു പറഞ്ഞാല്‍ ജനങ്ങളുടെ ഇച്ഛ പരിസ്ഥിതി വിരുദ്ധമാണെന്ന് തെളിയിക്കുകയാണ് കക്കാടംപൊയിലിലെ ജനപ്രിതിനിധികള്‍ ചെയ്തത്. ഇത് ലോകത്തൊരിടത്തും സംഭവിച്ചു കൂടാത്ത സംഗതിയാണ്.
കക്കാടംപൊയിലിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ അണിനിരന്ന് നാട്ടുകാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന പ്രാദേശിക രാഷ്ട്രീയക്കാര്‍ ആദ്യമായല്ല തങ്ങളുടെ ആവാസ വ്യവസ്ഥയെ അപകടപ്പെടുത്തുകയും പ്രകൃതിയുടെ സന്തുലനത്തെ ദോഷകരമായി ബാധിക്കുകയും ഉരുള്‍പൊട്ടല്‍, പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യാന്‍ ഇടയുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുകൂലമായി നിലകൊള്ളുന്നത്. പി.വി അന്‍വറിന്റെ പാര്‍ക്കിനും തടയണക്കുമെതിരായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിലപാടെടുത്തപ്പോള്‍ യാതൊരു കുറ്റബോധവുമില്ലാതെ അതിനെ നിരാകരിക്കുകയാണ് കൂടരഞ്ഞി പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്തത്. ഇടതുപക്ഷ-വലതുപക്ഷ രാഷ്ട്രീയ സംഘടനകള്‍ക്ക് മുഴുവനും 'അവിടെ പാര്‍ക്ക് വേണം, തടയണ വേണം, വികസനം വേണം' എന്ന ആഗ്രഹം കലശലായിരുന്നു. ജനാഭിലാഷം ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥമാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍. പ്രകൃതിയുടെ സന്തുലനത്തിനുവേണ്ടി നിലകൊള്ളേണ്ടവരാണ് അവയുടെ നേതാക്കള്‍. എന്നാല്‍ അവര്‍ ഉറച്ചു നിന്നത് പ്രകൃതി കൈയേറ്റക്കാര്‍ക്കൊപ്പം. ഇക്കോണമിയോ ഇക്കോളജിയോ പ്രധാനം എന്ന ചോദ്യത്തിന് അവര്‍ കൃത്യമായ ഉത്തരം നല്‍കി; ഒരു സംശയവുമില്ല ഇക്കണോമി തന്നെ. പുറമേക്കെന്തു പറഞ്ഞാലും കാര്യത്തോടടുത്തപ്പോള്‍ 'മാങ്ങ പുളിച്ചു.'
ഇത്തരം സമീപനങ്ങളുടെ അര്‍ഥമെന്താണ്? സത്യം പറഞ്ഞാല്‍ മണ്ണിനും മനുഷ്യര്‍ക്കും പ്രകൃതിക്കുമൊക്കെ വേണ്ടി ഉറച്ചുനിന്ന് പൊരുതേണ്ടവരാണ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍. അവര്‍ വികസനത്തിനു വേണ്ടിയെന്ന പേരില്‍ പ്രകൃതിയെ നശിപ്പിക്കുന്നതിന് കൂട്ടു നില്‍ക്കുന്നതിന്റെ രഹസ്യമെന്താണ്? കേരളത്തിലെ പൊതു ജീവിതം നേരിടുന്ന അതിനിര്‍ണ്ണായകമായ ഒരു പ്രശ്‌നമാണിത്. കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷമായി പ്രകൃതി ദുരന്തങ്ങളാല്‍ കടുത്ത തോതില്‍ വേട്ടയാടപ്പെടുന്നവരാണ് മലയാളികള്‍. ഒരു പ്രളയത്തിന്റെ ദുരന്ത സ്മൃതികള്‍ മാഞ്ഞുപോകുന്നതിനു മുന്‍പാണ് കവളപ്പാറയുടെയും പുത്തുമലയുടെയും രൂപത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം ആഘാതങ്ങളെക്കുറിച്ച് ശരിയായ തിരിച്ചറിവ് മലയാളികള്‍ക്ക് അതോടെ ഉണ്ടായിട്ടുണ്ടെന്ന് വേണം കരുതാന്‍. എന്നിട്ടും കക്കാടംപൊയിലില്‍ സംഭവിച്ചതുപോലെയുള്ള 'ദുരന്തങ്ങള്‍' ഉണ്ടാവുന്നു എന്ന് വരുന്നത് നമ്മുടെ പൊതു പ്രവര്‍ത്തന മണ്ഡലം എത്രത്തോളം ദുഷിച്ചു പോയിരിക്കുന്നു എന്നതിന് തെളിവാണ്. തെമ്മാടിയുടെ അവസാനത്തെ അഭയമാണ് രാഷ്ട്രീയം എന്ന് സാമുവല്‍ ജോണ്‍സണ്‍ പണ്ട് പറഞ്ഞതിനെ ശരിവയ്ക്കുന്നു കക്കാടംപൊയിലിലെ ജനപ്രതിനിധികളുടെ പെരുമാറ്റം. തെമ്മാടിക്കൂട്ടങ്ങളായി അധഃപതിച്ചിരിക്കുകയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍.
വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അവര്‍ അത് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇന്ന് ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്നത് രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നാണ്. വികസനമാണ് രാഷ്ട്രീയക്കാരുടെ പ്രധാന അജണ്ട. വികസനത്തിന്റെ പേരിലുള്ള കൈയേറ്റങ്ങളെ നീതീകരിക്കാന്‍ അവര്‍ എപ്പോഴും മുന്നിട്ടിറങ്ങുന്നു. വികസന മന്ത്രം ഉരുവിട്ടുകൊണ്ട് അവര്‍ ജനങ്ങളെ തെറ്റായ ദിശയിലേക്കു നയിക്കുന്നു. രാഷ്ട്രീയത്തിന്റെ ഇമ്മട്ടിലുള്ള അപചയമാണ് പി.വിഅന്‍വറിന്റെ പാര്‍ക്കിനും തടയണക്കും വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ജനപ്രതിനിധികള്‍ മുന്നോട്ടു വയ്ക്കുന്ന പ്രാഥമിക പാഠം. അത് വെറുമൊരു സാംസ്‌കാരിക ആക്ടിവിസത്തിന്റെ വിഷയം മാത്രമായി ലഘൂകരിക്കാവുന്ന ഒന്നല്ല.
മാധവ് ഗാഡ്ഗില്‍ പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച റിപ്പോര്‍ട്ടിനോട് കേരളീയ സമൂഹം എപ്രകാരമാണ് പ്രതികരിച്ചത് എന്നുകൂടി ഈ ഘട്ടത്തില്‍ നാം ആലോചിക്കേണ്ടതുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്ത്, മറ്റൊരു റിപ്പോര്‍ട്ടുണ്ടാക്കാന്‍ കേരളത്തിലെ ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ നടത്തിയ ഗൂഢാലോചനയുടെ സന്തതിയായിരുന്നു കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്. എല്ലാ രാഷ്ട്രീയ കക്ഷികളും ചേര്‍ന്നാണ് കേരളത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിനെതിരായി പ്രതിഷേധ സ്വരമുയര്‍ത്തിയത്. അക്രമാസക്തമായ പ്രക്ഷോഭങ്ങളായിരുന്നു ഇടതു-വലതു രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പലേടത്തും നടന്നത്. പക്ഷേ ഗാഡ്ഗിലായിരുന്നു ശരി എന്ന് കാലം തെളിയിച്ചു. എന്നിട്ടും പ്രകൃതിയുടെ മേല്‍ നടത്തുന്ന കൈയേറ്റങ്ങളെ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ശരിവയ്ക്കുകയാണ് ചെയ്യുന്നത്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് മൂന്നാര്‍.
മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റങ്ങള്‍ക്കെതിരായി ഭരണതലത്തില്‍ നടപടികള്‍ ഉണ്ടാവുമ്പോള്‍ അവയെ തുറന്നെതിര്‍ക്കാന്‍ അവിടെ നിന്നുള്ള എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും യാതൊരു മടിയുമില്ല. എന്നു മാത്രമല്ല നിഷ്പക്ഷമായി നടപടിയെടുക്കുന്ന ഉദ്യോഗസ്ഥന്മാര്‍ നിരന്തരം സ്ഥലം മാറ്റപ്പെടുന്നു. രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ ജനവിരുദ്ധമായാണ് പെരുമാറുന്നത് എന്നതിന് മറ്റൊരു തെളിവു വേണ്ട. ഈ പശ്ചാത്തലത്തില്‍ പണ്ട് എളമരം കരീം ചോദിച്ച 'ഞണ്ടിന്റെ മണ്ടയിലാണോ വികസനം' എന്ന ചോദ്യത്തില്‍ അത്ഭുതപ്പടേണ്ടതായി യാതൊന്നുമില്ല. അത് കേവലം നാക്കു പിഴയോ മുന്നും പിന്നും നോക്കാതെയുള്ള പ്രതികരണമോ ഒന്നുമല്ല. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ പാരിസ്ഥിതിക വിഷയത്തില്‍ മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ചു കൈക്കൊണ്ടുപോരുന്ന സുനിര്‍ണിതമായ നിലപാടിന്റെ പ്രത്യക്ഷ രൂപമാണ്. കക്കാടംപൊയിലില്‍ ആക്ടിവിസ്റ്റുകളെ കൈയേറ്റം ചെയ്ത പ്രാദേശിക നേതാക്കളുടെ പ്രവൃത്തിയുടെ പ്രാഗ്രൂപങ്ങള്‍ തേടേണ്ടത് മേല്‍പറഞ്ഞ 'ഞണ്ടിന്‍ മണ്ട പ്രയോഗ'ത്തിന്റെ അര്‍ഥാന്തരങ്ങളിലാണ്. 'കൊമ്പന്‍ പോയ വഴിയേ തന്നെയാണ് മോഴകള്‍'പോകുന്നതും.
ഇത് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയുടെ മേല്‍ കെട്ടിവയ്ക്കാവുന്ന ഒരു കാര്യവുമല്ല. പി.വി അന്‍വര്‍ ഇടതുപക്ഷ എം.എല്‍.എ ആയതുകൊണ്ടായിരിക്കണം, കേരളത്തിലെ എഴുത്തുകാരും ആക്ടിവിസ്റ്റുകളുമടങ്ങുന്ന ഒരു സാംസ്‌കാരിക സംഘത്തിനു നേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരായി ഇടതുപക്ഷ സാംസ്‌കാരിക മണ്ഡലം സടകുടഞ്ഞെഴുന്നേല്‍ക്കാതിരുന്നത്. എം.എം മണിയെയും എസ്. രാജേന്ദ്രനെയും പോലെയുള്ളവരും ഇടതുപക്ഷത്തെയാണല്ലോ പ്രതിനിധാനം ചെയ്യുന്നത്. അതിനാല്‍ അടൂര്‍ ഗോപാലകൃഷ്ണനും മറ്റുമെതിരായുള്ള ഫാസിസ്റ്റ് നടപടികളെ എതിര്‍ക്കുന്നവരുടെ 'ഉശിരും പുളി'യും കക്കാടംപൊയില്‍ വിഷയത്തില്‍ കാണുന്നില്ല. എന്ന് മാത്രമല്ല ഇടതുപക്ഷ പത്രങ്ങളും ഇടതു സാംസ്‌കാരികനായകരും 'ഏനിതൊന്നും അറിഞ്ഞതേയില്ലേ' എന്ന മട്ടിലാണ് താനും പെരുമാറുന്നത്.
എന്നാല്‍ അതൊക്കെവച്ച് ഇടതുപക്ഷത്തിന്റെ അപചയം മാത്രമാണ് കേരളത്തിലെ പാരിസ്ഥിതിക വിഷയങ്ങളില്‍ സംഭവിക്കുന്നത് എന്നൊന്നും സാമാന്യവല്‍ക്കരിച്ചൂടാ. കേരളത്തിലെ രാഷ്ട്രീയ മണ്ഡലം മൊത്തത്തില്‍ പരിസ്ഥിതി വിരുദ്ധരാണ്. അതുകൊണ്ടാണ് കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ച ജനപ്രതിനിധിയുടെ കൂടെ നില്‍ക്കാന്‍ ഇവിടെ ആളുണ്ടാവുന്നത്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രിംകോടതി പറയുമ്പോള്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും അതില്‍ അടങ്ങിയിട്ടുള്ള മാനുഷിക പ്രശ്‌നങ്ങളെക്കുറിച്ചോര്‍ത്ത് നെഞ്ചുപൊട്ടി വിലപിക്കുന്നതിന്റെ അര്‍ഥവും മറ്റൊന്നല്ല. ആഗോള ഭീമന്‍മാരിലൊരാളായ ഒരു മലയാളി വ്യവസായിക്ക് മാളുകള്‍ തുടങ്ങാന്‍ വേണ്ടി പരിസ്ഥിതി നിയമങ്ങള്‍ മറികടക്കണമെന്ന കാര്യത്തില്‍ ഇവിടത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കുന്നതിന്റെ പൊരുളും അതുതന്നെ.
കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ വികസന സങ്കല്‍പങ്ങള്‍ കേരളത്തിന്റെ നിലനില്‍പുമായി ഒട്ടും പൊരുത്തപ്പെട്ടുപോവുന്ന ഒന്നല്ല. കേരളത്തിന്റെ പൊതുവികാരം പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്ന ഒന്നല്ല. 'തന്നതു തന്നതു തിന്നു കൊണ്ടാല്‍ പിന്നെയും തമ്പുരാന്‍ തന്നു കൊള്ളും' എന്നാണ് രാഷ്ട്രീയക്കാര്‍ കരുതുന്നത്. പ്രളയം നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ല. അതിനാല്‍ കക്കാടംപൊയിലിലെ അതിക്രമികള്‍ ഇന്ദിരാഭവനിലെയും എ.കെ.ജി സെന്ററിലേയും മറ്റു നിരവധി പാര്‍ട്ടിയാസ്ഥാനമന്ദിരങ്ങളിലെയും നേതാക്കന്‍മാരുടെ പിന്‍മുറക്കാര്‍ തന്നെയാണ്. നേതാക്കന്മാരുടെ 'ചെരുപ്പിന്റെ വാറഴിക്കാന്‍'പോലും യോഗ്യതയില്ലാത്ത പാവങ്ങള്‍!
ഭൂപ്രകൃതിയും ജനസാന്ദ്രതയും ജീവിതശൈലിയുമൊക്കെ വച്ചുനോക്കുമ്പോള്‍ പാരിസ്ഥിതിക സന്തുലനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതര സംസ്ഥാനങ്ങളേക്കാള്‍ കൂടുതലായി അനുഭവിക്കാവുന്ന പ്രദേശമാണ് കേരളം. അവയെ ശരിയായ തിരിച്ചറിവോടെ ഉള്‍ക്കൊള്ളുന്നതിനാവശ്യമായ വിദ്യാഭ്യാസവും രാഷ്ട്രീയ പ്രബുദ്ധതയും മലയാളികള്‍ക്കുണ്ടുതാനും. പക്ഷെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ മതിയായ ഗൗരവത്തോടെ അഭിമുഖീകരിക്കാന്‍ മലയാളികള്‍ക്ക് സാധിക്കാറില്ല. പാരിസ്ഥിതികമായ നിരവധി ജനകീയ സമരങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. പക്ഷേ അവയില്‍ മിക്കതും പരാജയപ്പെട്ടുപോവുകയാണ് ചെയ്തത്. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണ സമാഹരിക്കുന്നതില്‍ പ്രകൃതി സംരക്ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും പരാജയപ്പെട്ടുപോവുകയും സമരങ്ങള്‍ ആളില്ലാ സംരംഭങ്ങളോ വഴിപാടുകളോ ആയി മാറുകയും ചെയ്യുന്നതാണ് അനുഭവം.
മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏറെക്കുറെ ഇത്തരം വിഷയങ്ങളില്‍ പ്രതിലോമ നിലപാടുകളാണ് കൈക്കൊള്ളുന്നത് എന്നതാണ് വസ്തുത. പരിസ്ഥിതി പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പോഷക ഘടകങ്ങളും പല പാര്‍ട്ടികള്‍ക്കുമുണ്ട്. ഹരിതസേനകളുണ്ട്. എല്ലാ പാര്‍ട്ടികളുടെയും സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ മരിക്കുന്ന ഭൂമിയെപ്പറ്റി ആശങ്കപ്പെടാറുണ്ട്. ഭരണതലത്തില്‍ പരിസ്ഥിതി ദിനവും മറ്റും ആചരിക്കാറുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടക്കുന്ന ബോധവല്‍കരണ പ്രക്രിയക്കപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങാതെ പോകുന്നതാണ് പലപ്പോഴും കാണുന്നത്. അതിനുള്ള പ്രധാന ഉത്തരവാദിത്വം മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു തന്നെയാണ്.
മലയാളികളുടെ പ്രബുദ്ധത അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച അബദ്ധ ധാരണകള്‍ മറ്റൊരു കാരണം. വിദ്യാസമ്പന്നരായ മലയാളികള്‍ക്കിടയില്‍ ഗഡ്‌വാളിലേതുപോലെയൊരു ചിപ്‌കോ പ്രസ്ഥാനമുണ്ടാവുകയില്ല. നര്‍മദാ ബച്ചാവോ പ്രസ്ഥാനം പോലെയൊന്നിനെ മലയാളികള്‍ നെഞ്ചേറ്റുകയുമില്ല. സുന്ദര്‍ലാല്‍ ബഹുഗുണയും മേധാപട്കറും നമുക്ക് അന്യമായ മാതൃകയായിരിക്കും. പി.വിഅന്‍വറിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ കക്കാടംപൊയിലില്‍ ജനകീയ സമരമുയര്‍ന്നത് ഇതൊക്കെ കൊണ്ടുകൂടിയാണ്. സൂക്ഷ്മമായിപ്പറഞ്ഞാല്‍ അവിടെ അതിക്രമം നടത്തിയവര്‍ അല്ല സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. നമ്മുടെ മനോഭാവത്തിന്റെ അപചയം തന്നെയാണ് പ്രധാന പ്രശ്‌നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."