മരട് ഫ്‌ളാറ്റ് പൊളിക്കല്‍: വിശദീകരണവുമായി നഗരസഭ
സ്വന്തം ലേഖകന്‍
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കുന്നതിന് രണ്ട് കമ്പനികളുടെ കരാറുകള്‍ക്ക് നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കാതിരുന്നത് വിവാദത്തിലായതോടെ വിശദീകരണവുമായി മരട് നഗരസഭ രംഗത്ത്.
സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഫ്‌ളാറ്റ് പൊളിക്കല്‍ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ വീണ്ടും നഗരസഭാ കൗണ്‍സില്‍ യോഗം വിളിക്കാന്‍ തയാറാണെന്ന് മരട് നഗരസഭാധ്യക്ഷ ടി.എച്ച് നദീറ വ്യക്തമാക്കി. ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ വിഷയം അജന്‍ഡയില്‍ ഇല്ലാതിരുന്നതാണ് കരാറിന് അംഗീകാരം നല്‍കാന്‍ തടസമായതെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ സ്‌പെഷല്‍ കൗണ്‍സില്‍ യോഗത്തില്‍ ഫ്‌ളാറ്റ് പൊളിക്കല്‍ പദ്ധതി ചര്‍ച്ച ചെയ്യാതിരുന്നതിനെച്ചൊല്ലി വിമര്‍ശനങ്ങളും വിവാദങ്ങളും ശക്തമായ സാഹചര്യത്തിലാണ് നഗരസഭാ ഭരണനേതൃത്വം നിലപാട് വ്യക്തമാക്കിയത്.
ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്ന കാര്യത്തില്‍ നഗരസഭയ്ക്ക് വിയോജിപ്പില്ല.
കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത സ്‌പെഷല്‍ കൗണ്‍സില്‍ യോഗത്തിന്റെ അജന്‍ഡയില്‍ ഫ്‌ളാറ്റ് പൊളിക്കല്‍ ഉണ്ടായിരുന്നില്ല. ഈ സാങ്കേതികത്വം കൊണ്ട് മാത്രമാണ് കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്യാതിരുന്നതെന്നും നഗരസഭാധ്യക്ഷ വ്യക്തമാക്കുന്നു.
ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കുന്നതിനുള്ള ടെണ്ടര്‍ നടപടിക്ക് കൗണ്‍സില്‍ യോഗത്തില്‍ അനുമതി നല്‍കേണ്ടതില്ലെന്ന നിലപാടായിരുന്നു മരട് നഗരസഭാ അടിയന്തര കൗണ്‍സില്‍ യോഗത്തിലെ തീരുമാനം.
പരിസരവാസികളുടെ ആശങ്ക മാറ്റാതെയും ആവശ്യമായ സുരക്ഷിതത്വം ഉറപ്പ് നല്‍കാതെയും പൊളിക്കല്‍ നടപടിക്ക് അനുമതി നല്‍കാനാവില്ലെന്നും അംഗങ്ങള്‍ നിലപാടെടുത്തു. മരടില്‍ ഇതുവരെ എടുത്ത നടപടികള്‍ സര്‍ക്കാര്‍ അറിയിച്ചില്ലെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തിയിരുന്നു. പൊളിക്കല്‍ നടപടികളുടെ ചുമതല വഹിക്കുന്ന ഫോര്‍ട്ട് കൊച്ചി അസിസ്റ്റന്റ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു.
ഡിസംബര്‍ അവസാനമോ ജനുവരി ആദ്യവാരമോ നിയന്ത്രിത സ്‌ഫോടനം നടത്തി പൊളിക്കുമെന്നാണ് സബ് കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കിയത്. അതേസമയം സ്‌പെഷല്‍ കൗണ്‍സില്‍ യോഗത്തിന്റെ അജന്‍ഡയില്‍ ഫ്‌ളാറ്റ് പൊളിക്കല്‍ ഉള്‍പ്പെടുത്താതിരുന്നതിന് നഗരസഭാ സെക്രട്ടറിയെ വിമര്‍ശിക്കുകയാണ് യു.ഡി.എഫ് നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."