മെഡിക്കല്‍; മാനേജ്‌മെന്റ് സീറ്റ് പ്രവേശനം നീറ്റ് ലിസ്റ്റില്‍നിന്ന് മാത്രം
തിരുവനന്തപുരം: മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ, അസാധുവായ സീറ്റുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം നീറ്റ് ലിസ്റ്റില്‍നിന്ന് മാത്രമായിരിക്കണമെന്ന് സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ പ്രവേശന മേല്‍നോട്ടസമിതി നിര്‍ദേശിച്ചു.
കോളജിന്റെ വിശദ വിവരങ്ങള്‍, മാനേജ്‌മെന്റിന്റെ കാഴ്ചപ്പാട്, ദൗത്യം, കോളജ് അധികൃതരുടെ വിശദാംശങ്ങള്‍, അക്കാദമികവും അല്ലാത്തതുമായ സൗകര്യങ്ങള്‍, കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെ റിസള്‍ട്ട്, പ്രവേശനടപടിക്രമങ്ങള്‍, നിയമം അനുശാസിക്കുന്ന മറ്റ് വിശദാംശങ്ങള്‍ എന്നിവ അടങ്ങിയ പ്രോസ്‌പെക്ടസ് മേല്‍നോട്ട സമിതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. അപേക്ഷ സ്വീകരിക്കുന്നത് ഓണ്‍ലൈനായി മാത്രമായിരിക്കണം. ഓണ്‍ലൈനായിതന്നെ രസീത് നല്‍കണം.
എല്ലാ കോളജുകളും തങ്ങളുടെ ഓണ്‍ലൈന്‍ സംവിധാനം മേല്‍നോട്ടസമിതിയുമായി ബന്ധപ്പെടുത്തണം. ലഭിച്ച അപേക്ഷകളുടെയും തള്ളിയവയുടെയും പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. എല്ലാ പണം ഒടുക്കലിനും രസീത് നല്‍കണം. ഫീസ് റഗുലേറ്ററി കമ്മിറ്റി അംഗീകരിച്ചിട്ടുള്ളതിനുപുറമെ ഏതെങ്കിലുംതരത്തില്‍ പണം ആവശ്യപ്പെടുന്നതും പിരിക്കുന്നതും തലവരി പണം ഈടാക്കുന്നതിനു തുല്യമായി കണക്കാക്കും. ബാങ്ക് ഗ്യാരന്റി സമര്‍പ്പിക്കുന്നതിന് അപേക്ഷകന് മതിയായ സമയം അനുവദിക്കണം.
മേല്‍നോട്ട സമിതിയുടെ അനുമതിയില്ലാതെ അപേക്ഷകന് പ്രവേശനം നിഷേധിക്കാന്‍ പാടില്ല. യോഗ്യതാ പട്ടികയുടെ അടിസ്ഥാനത്തിലുള്ള കൗണ്‍സിലിങ്ങിന്റെ വിശദാംശങ്ങളും കരട് പ്രവേശന പട്ടികയും പ്രസിദ്ധപ്പെടുത്തണം. ഒഴിവുള്ള സീറ്റുകളില്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള അപേക്ഷകര്‍ക്ക് പ്രവേശനം നല്‍കണം. അപേക്ഷകരുടെ പരാതികള്‍ക്ക് കോളജ് അധികൃതര്‍ ഉടനടി പരിഹാരംകാണണം. സംസ്ഥാന സര്‍ക്കാരുമായി കോളജ് ഏര്‍പ്പെടുന്ന കരാര്‍ കോളജ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും നിര്‍ദേശത്തിലുണ്ട്.
ജസ്റ്റിസ് ജെ.എം. ജയിംസ് ആണ് മേല്‍നോട്ട സമിതി അധ്യക്ഷന്‍. രാജീവ് സദാനന്ദന്‍, ബി.എസ് മാവോജി എന്നിവര്‍ അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."