ആര്.ഡി ഏജന്റിനെ അറസ്റ്റ് ചെയ്തു
ചാരുംമൂട്: പണവുമായി മുങ്ങിയ ആര്.ഡി ഏജന്റിനെ അറസ്റ്റ് ചെയ്തു. ചുനക്കര പോസ്റ്റ് ഓഫിസിലെ ആര്.ഡി ഏജന്റായിരുന്ന ചുനക്കര തെക്കുംമുറി കാട്ടൂര്‍ തെക്കേതില്‍ സുരാലയത്തില്‍ സുധര്‍മ(45) യെയാണ് അറസ്റ്റു ചെയ്തത്.
പോസ്റ്റ് ഓഫിസ് സേവിങ് അക്കൗണ്ടില്‍ അടയ്ക്കാന്‍ പത്തോളം ഇടപാടുകാരില്‍നിന്നു ശേഖരിച്ച ആറു ലക്ഷത്തോളം രൂപയുമായി അഞ്ചുമാസം മുന്‍പ് മുങ്ങിയെന്ന പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
നൂറനാട് പൊലിസിന്റെ അന്വേഷണത്തെത്തുടര്‍ന്ന് ഇവരെ തിരുവനന്തപുരം പൂന്തുറയിലുള്ള ലോഡ്ജിയില് നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ ഒളിച്ചു താമസിച്ചുവരുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് നൂറനാട് പൊസിസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരെ ഇന്ന് മാവേലിക്കര കോടതിയില്‍ ഹാജരാക്കും.
സീനിയര്‍ പൊലിസ് ഓഫിസര്‍ നെജി, രജീന്ദ്രദാസ്, വനിതാ പൊലിസ് ഓഫിസര്‍ അനിത, വട്ടിയൂര്‍ക്കാവ് പൊലിസ് സ്റ്റേഷന് സീനിയര്‍ പൊലിസ് ഓഫിസര്‍ അജയ് ശേഖര്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."