ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഒരുവിഭാഗം മാധ്യമങ്ങളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വേട്ടയാടലിന് ഇരയായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടരപരിഹാരം നല്‍കാന്‍ ശുപാര്‍ശ. മുന്‍ ചീഫ്‌സെക്രട്ടറി കെ. ജയകുമാര്‍ ശുപാര്‍ശ ചെയ്തു. നമ്പി നാരായണനുമായി ചര്‍ച്ചചെയ്ത് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ മധ്യസ്ഥനായി നിയമിച്ച മുന്‍ ചീഫ്‌സെക്രട്ടറി കെ. ജയകുമാറാണ് സര്‍ക്കാരിന് ഇത്തരമൊരു ശുപാര്‍ശ നല്‍കിയത്.
ചാരക്കേസില്‍ നിയമവിരുദ്ധമായി പ്രതിചേര്‍ക്കപ്പെട്ട നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഇതു സര്‍ക്കാര്‍ നേരത്തേ കൈമാറിയിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരേ 20 വര്‍ഷം മുമ്പ് നമ്പി നാരായണന്‍ കേസ് നല്‍കിയിരുന്നു. ഈ കേസ് നിലവില്‍ തിരുവനന്തപുരം സബ്‌കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീര്‍പ്പാകാന്‍ ഇനിയും കാലതാമസമുണ്ടാകും. അതിനു മുന്‍പ് നമ്പി നാരായണനുമായി ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ഇന്‍സ്റ്റിസ്റ്റൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടര്‍ കൂടിയായ ജയകുമാറിനെ സര്‍ക്കാര്‍ നിയോഗിച്ചത്.
വിഷയത്തില്‍ ജയകുമാര്‍ രണ്ടുതവണ നമ്പി നാരായണനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത്രയുംകാലം നീതി വൈകിയതുകൂടി കണക്കിലെടുത്താണ് നഷ്ടപരിഹാരം 1.30 കോടിയായി നിശ്ചയിച്ചത്. ഈ തുക നമ്പിനാരായണന് സ്വീകാര്യമാകുമെന്നും ജയകുമാറിന്റെ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് നിയമോപദേശത്തിനായി അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിനു കൈമാറി. കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് നമ്പി നാരായണനും രാജ്യത്തിനും നഷ്ടപ്പെട്ട അവസരങ്ങളുടെ മൂല്യം കണക്കാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
isro espionage case 130 crore compensation to nambi narayan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."