വാണിജ്യ കരാറുകള്‍: സംസ്ഥാനങ്ങളുടെ അഭിപ്രായം തേടണമെന്ന് മന്ത്രി സുനില്‍കുമാര്‍
തൃശൂര്‍: നവ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായുള്ള വാണിജ്യ കരാറുകളില്‍ ഒപ്പ് വയ്ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് അഭിപ്രായ രൂപീകരണം നടത്തിയശേഷം മാത്രമേ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കാവൂ എന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിന് മറ്റ് സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മാധ്യമ പ്രവര്‍ത്തകര്‍ക്കും കാര്‍ഷിക മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കുമായി സംഘടിപ്പിച്ച 37 ാമത് കേദാരം-കാര്‍ഷികരംഗം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്തിടെയായി ഒപ്പുവച്ച പ്രാദേശിക സംയോജിത ഉല്‍പ്പന്ന കൈമാറ്റ കരാര്‍, നേരത്തെ ഒപ്പ് വച്ച ആസിയാന്‍ കരാര്‍ എന്നിവ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവയാണ്. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് കത്ത് അയച്ചിട്ടുളളതായും മന്ത്രി പറഞ്ഞു.
ഭേദഗതി ചെയ്ത ആസിയാന്‍ കരാറിന്റെ ഭാഗമായി ഇറക്കുമതി തീരുവ നീക്കിയതോടെ ശ്രീലങ്കയില്‍ നിന്നുളള കുരുമുളക് വന്‍തോതില്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ സാധ്യതയുണ്ട്. ഇത് സംസ്ഥാനത്തെ കുരുമുളക് കര്‍ഷകരെ പ്രതിസന്ധിയിലാക്കും.
കേരളത്തിലെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും അവയെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനുമായി അന്താരാഷ്ട്ര നിലവാരത്തിലുളള സംരംഭങ്ങള്‍ തുടങ്ങാനും അങ്ങനെ ഈ രംഗത്ത് നിലനില്‍ക്കുന്ന ചൂഷണം തടയാനുമുളള നടപടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
കെ. രാജന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തയാറാക്കിയ നെല്ലാണ് ജീവന്‍, മാവും മാങ്ങയും എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. മംഗളം റസിഡന്റ് എഡിറ്റര്‍ ജോയ് എം. മണ്ണൂര്‍, കെ.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ഉമാദേവി, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ കെ.എസ്. തിലകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എസ്. സുരേഷ്‌കുമാര്‍ സ്വാഗതവും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ഐസ സാമുവല്‍ നന്ദിയും പറഞ്ഞു. സെമിനാര്‍ നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."