അന്തിക്കാട്ടുകുളം നവീകരിക്കുന്നു
അന്തിക്കാട്: അന്തിക്കാട്ടുകാരുടെ ചിരകാല സ്വപ്നമായ അന്തിക്കാട്ടുകുളം നവീകരിക്കാന്‍ കരുതലോടെ പഞ്ചായത്ത്.
കുളങ്ങളും ജലസ്രോതസുകളും മലിനമാവുകയും സംരക്ഷിക്കപ്പെടാതെ നികത്തപ്പെടുകയും ചെയ്യുന്നിടത്താണ് അന്തിക്കാടിന്റെ ജലസംഭരണിയായ അന്തിക്കാട്ടുകുളം സംരക്ഷിക്കാന്‍ വിപുലമായ പദ്ധതിയുമായി പഞ്ചായത്ത് മുന്നോട്ടു വന്നത്.
അന്തിക്കാട് ശ്രീകാര്ത്ത്യായനി ഭഗവതി ക്ഷേത്രത്തിന്റെ കീഴിലുള്ള കുളത്തിന് നാലു ഏക്കര്‍ 38 സെന്റ് വിസ്തൃതിയുണ്ട്. കുളം നവീകരിക്കുന്നതിനായി ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. കുളത്തിനു ചുറ്റും സംരക്ഷണഭിത്തി ,നടപ്പാത, കുളകടവ് ,വ്യായാമം ചെയ്യുന്നതിന്നുള്ള സ്ഥലം, നീന്തല്‍ പരിശീലനത്തിനുള്ള പ്രത്യേക സ്ഥലം എന്നിവയെല്ലാം നവീകരണത്തിന്റെ ഭാഗമായി ഒരുക്കും. തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിസ്തൃതിയുള്ള കുളമാണ് അന്തിക്കാട് ക്ഷേത്രക്കുളം. കുളത്തിനു സമീപത്തെ വീട്ടുകിണറുകളിലെല്ലാം നിറയെ വെള്ളമാണ്. പ്രദേശത്തെ വീട്ടുകിണറുകള്‍ ഒരിക്കലും വറ്റാറില്ല. നൂറു കണക്കിനാളുകളാണ് ദിവസവും അന്തിക്കാട്ടുകുളത്തില്‍ കുളിക്കാനെത്തുന്നത്. കുട്ടികള്‍ക്കു നീന്തല്‍ പരിശീലനവും ഇവിടെ നടക്കാറുണ്ട്. പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ചു അന്തിക്കാട്, ചൂരക്കോട് ഭഗവതിമാരുടെ ആറാട്ട് ഈ കുളത്തിലാണ് നടക്കുന്നത്. അന്തിക്കാട് ഭഗവതിയുടെ പത്തു ദിവസത്തെ ആറാട്ടും ഇവിടെയാണ് നടക്കുന്നത്. കുളം നവീകരിക്കുകയെന്നത് അന്തിക്കാട്ട് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു. കുളം സംരക്ഷിക്കാനും നവീകരിക്കാനും മുന്നോട്ടു വന്ന പഞ്ചായത്ത് ഭരണസമിതിയെ നാട്ടുകാര്‍ അഭിനന്ദിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം അവസാനം തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."