വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ സഹകരണം ഉറപ്പു വരുത്തും: മന്ത്രി
തൃശൂര്‍: സംസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ സഹകരണം ഉറപ്പാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍. തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വടക്കേ ബസ് സ്റ്റാന്‍ഡ് നിര്‍മാണ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ തനതു ഫണ്ടും സര്‍ക്കാര്‍ ഗ്രാന്റും പ്ലാന്‍ ഫണ്ടും മാത്രമല്ല ജനങ്ങളടുടെ പങ്കാളിത്തവും ഉറപ്പു വരുത്തും. ലാഭവിഹിത്തിന്റെ രണ്ടു ശതമാനം സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെയ്‌ക്കേണ്ട ധാര്‍മിക ചുമതല കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിമിതികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വടക്കേ ബസ് സ്റ്റാന്‍ഡ് പരിപൂര്‍ണമായും ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളോടെ സമര്‍പ്പിക്കാന്‍ തയാറായത് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കാണെന്ന് കരാര്‍ കൈമാറ്റം ചെയ്തുകൊണ്ട് കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
അഞ്ചരകോടി രൂപ ചിലവിലാണ് ആധുനിക ബസ് സ്റ്റാന്‍ഡ്. റെസ്റ്റോറോന്റ്, ഫീഡിങ്ങ് റൂം, എ.ടി.എം, അംഗപരിമിതര്‍ക്കുളള ടോയ്‌ലെറ്റ്, സത്രീസൗഹൃദ ടോയ്‌ലെറ്റ്, വിശാലമായ പാര്‍ക്കിങ്ങ് ഏരിയയും ഒരുക്കും. 3033 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന ബസ് സ്റ്റാന്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഫോംസ് കണ്‍സള്‍ട്ടന്റ്‌സാണ്. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. സ്റ്റാന്‍ഡിന്റെ കരാര്‍ കൈമാറ്റം മന്ത്രി വി.എസ് സുനില്‍കുമാര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ. തോമസ് ജോസഫുമായി ചേര്‍ന്ന് നടത്തി. ഡിസൈന്‍ പ്രകാശനം ഡെപ്യൂട്ടി മേയര്‍ ബീന മുരളിയും കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍ എം.കെ റോയുമായി ചേര്‍ന്ന് നടത്തി. മുഖ്യപ്രഭാഷണം വി.ജി മാത്യു നടത്തി. അഡ്വ. കെ. രാജന്‍ എം.എല്‍.എ, കൗണ്‍സിലര്‍മാരായ എം.എസ് സമ്പൂര്‍ണ, കെ. മഹേഷ്, അജിത വിജയന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."