ചരിത്രത്തില്‍ ഇടംനേടിയ മാളക്കടവ് അവഗണനയില്‍
നജീബ് അന്‍സാരി
മാള: ഗതകാല സ്മരണകളുറങ്ങുന്ന മാളക്കടവ് അവഗണനയില്‍. ചരിത്രമുറങ്ങുന്ന ഈ കടവ് അപ്രത്യക്ഷമാവുകയാണ്. കോണ്‍ക്രീറ്റ് ഇട്ട കല്‍പ്പടവുകള്‍ നശിച്ചു തുടങ്ങി. മാളയിലെ യഹൂദ സിനഗോഗ് കടവിന് സമീപമാണ്. ജൂത ശ്മശാനവും മാളയിലുണ്ട്. നിരവധി വിദേശികള്‍ ഇവ സന്ദര്‍ശിക്കുന്നതിന് എത്തുന്നുണ്ട്. ഇവരില്‍ പലരും മാളക്കടവ് സന്ദര്‍ശനവും നടത്തുക പതിവാണ്. ഗൗഡസാരസ്വബ്രാഹ്മണസമൂഹത്തിന്റെ ക്ഷേത്രം, തോമാശ്‌ളീഹയുടെ പാദസ്പര്‍ശനമേറ്റ അമ്പഴക്കാട്, മാള ചര്‍ച്ചുകള്‍, ഇന്ത്യയിലെ രണ്ടാമത്തെ ജുമാ മസ്ജിദായ മാള മുഹിയിദ്ദീന്‍ പള്ളി, മേയ്ക്കാട് പാമ്പുംമേക്കാട്ട്മന എന്നിങ്ങനെ നിരവധി ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് മാളക്കടവുമായി ബന്ധമുണ്ട്. വിനോദ സഞ്ചാര വകുപ്പിന് നല്‍കി മാളയിലെ ഈ കടവ് നവീകരിക്കണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. കാനോലി കനാല്‍ വഴി ചേറ്റുവ,പൊന്നാനി, കായംകുളം എന്നിവിടങ്ങളിലേക്ക് മാളക്കടവ് വഴി ബോട്ട് സര്‍വിസ് നിലവിലുണ്ടായിരുന്നു. ചെങ്കല്ല്, പുകയില, നാളികേരം, വിവിധതരം പഴവര്‍ഗ്ഗങ്ങള്‍, നാളികേരത്തിന്റെ പൊതിമടല്‍ തുടങ്ങി മരങ്ങളടക്കമുള്ളവ കയറ്റി പോവുകയും പലവ്യഞ്ചനങ്ങളും മറ്റും ഇവിടേക്ക് എത്തിക്കുകയും ചെയ്തിരുന്ന കടവാണ് ഗതകാല സ്മരണകള്‍ അയവിറക്കാന്‍ മാത്രം വിധിക്കപ്പെട്ട് കഴിയുന്നത്. നിലച്ചുപോയ ജലഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇവ ജലരേഖയായി. ചാലില്‍ വര്‍ധിച്ച തോതില്‍ അഴുക്ക് അടിഞ്ഞുകൂടിയിട്ടുണ്ട്. ഇവ നീക്കി ചാല്‍ ശുചീകരിക്കണമെന്നയാവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. ചാലക്കുടി , വെള്ളികുളങ്ങര, കോടാലി, കൊരട്ടി, തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ മാളക്കടവ് വഴിയാണ് ചരക്കുനീക്കം നടത്തിയിരുന്നത്. പുരാതന കാലത്ത് ദ്വീപായിരുന്ന മാളയിലേക്ക് വിവിധ മതസ്ഥര്‍ കടന്നു വന്ന വഴിയും ഈ കടവ് തന്നെയാണ്. നെയ്തക്കുടി, പുത്തന്‍ചിറ, പൊയ്യ, കൃഷ്ണന്‍കോട്ട, കോട്ടപ്പുറം എന്നീ പ്രദേശങ്ങള്‍ വഴിയാണ് മാളചാല്‍ പുഴയുമായി ബന്ധപെടുന്നത്. മാളയില്‍ എത്തി അവസാനിക്കുന്നതാണ് പുഴയുടെ ഘടന. തടി വ്യവസായത്തിന് മരത്തടികള്‍ മാളക്കടവില്‍ നിക്ഷേപിച്ചിരുന്നു. നിരവധി കെട്ടുവള്ളങ്ങള്‍ ചാലില്‍ തങ്ങിയിരുന്നു. മുസിരിസ് പൈതൃക പദ്ധതിയില്‍ പെടുത്തി ചാലും കടവും നവീകരിക്കുമെന്ന സ്വപ്നം പൂവണിയാതെ പോവുകയാണ്. പകരം മാലിന്യം കൊണ്ട് വന്ന് തള്ളുന്ന കടവായിത് മാറുകയാണ്. മാലിന്യം നിറഞ്ഞ് ചാലിലെ ഒഴുക്കും നിലച്ചുതുടങ്ങിയിട്ടുണ്ട്. ബോട്ടുകള്‍ സഞ്ചരിച്ചിരുന്ന ചാലില്‍ വള്ളങ്ങള്‍ പോലും ഇറക്കാന്‍ കഴിയുന്നില്ലെന്ന് പ്രദേശ നിവാസികള്‍ പറയുന്നു. മാളയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് കടവിന് സമീപമാണ്. ഇവിടെ കുമിഞ്ഞുകൂടുന്ന മാലിന്യത്തില്‍ നിന്നും ഏറെ ഭാഗം ചാലിലാണ് പതിക്കുന്നത്. ഈ കേന്ദ്രം ഇവിടെ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വന്‍ പ്രതീക്ഷകള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ചെറുവിരല്‍ അനക്കം പോലുമുണ്ടായില്ല. നിലവിലുള്ള സര്‍ക്കാരും മാളക്കടവിന്റെ കാര്യത്തില്‍ നീക്കം നടത്തുമെന്ന ജനാഭിലാഷം ഇതുവരെ പൂവണിഞ്ഞിട്ടില്ല. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ മാളക്കടവിലെത്തി സംരക്ഷണ നടപടികള്‍ കൈക്കൊള്ളുമെന്ന് അറിയിച്ചിരുന്നെങ്കിലും ആകെ 20 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇത് നാമമാത്രമായ ഫണ്ടാണെന്ന് അന്നേതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."