അംബേദ്കര്‍ കോളനിയില്‍ നീതി ഉറപ്പാക്കും: പി.കെ ബിജു എം.പി
പാലക്കാട്: അംബേദ്കര്‍ കോളനിയിലെ എല്ലാ ജനങ്ങള്‍ക്കും നീതി ഉറപ്പാക്കുമെന്ന് പി.കെ ബിജു എം.പി പറഞ്ഞു. ഗോവിന്ദാപുരം അംബേദ്കര്‍ കോളനി പരിസരത്ത് നടന്ന കോളനി നിവാസികളുടെ പ്രശ്‌ന പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു എം.പി.
ജനങ്ങള്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന വികസനങ്ങള്‍ ഉറപ്പാക്കും. ഉദ്യോഗസ്ഥരുടെ അടിയന്തര ഇടപെടല്‍ കോളനിയുടെ വികസന കാര്യങ്ങളിലുണ്ടാവും.
ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ നിലവില്‍ കോളനിയിലുണ്ടെന്ന് കരുതുന്നില്ലെന്നും വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കോളനിയിലുണ്ടാവുമെന്നും എം.പി പറഞ്ഞു.
കോളനിയില്‍ ജാതീയ വിവേചനമുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് സ്ഥലം എം.പിയുടേയും, എം.എല്‍.എ യുടേയും നേതൃത്വത്തില്‍ ജില്ലാ കലക്റ്റര്‍ അദാലത്ത് നടത്തിയത്.
സ്വന്തമായി വീട്, വീട് നവീകരണം, കുടിവെള്ളം, ബി.പി.എല്‍ റേഷന്‍ കാര്‍ഡ് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള 248 പരാതികളാണ് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി സ്വീകരിച്ചത്. പരാതികള്‍ തരം തിരിച്ച് വിവിധ വകുപ്പുകളോട് 15 ദിവസത്തിനകം പരിഹാരം കണ്ടെത്താന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
കെ. ബാബു എം.എല്‍.എ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ മുരളീധരന്‍, മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാര്‍, എ.ഡി.എം എസ്. വിജയന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."