ആയിരത്തോളം ഐ.എസ് തടവുകാര്‍ രക്ഷപ്പെട്ടു
കാവല്‍ക്കാരെ ആക്രമിച്ചശേഷം അവര്‍ ഗേറ്റുകള്‍ക്കു നേരെ ഓടുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഐന്‍ ഈസ തടങ്കല്‍പാളയത്തില്‍ നിന്ന് ഐ.എസ് ബന്ധമുള്ള 950 പേര്‍ രക്ഷപ്പെട്ടതായി കുര്‍ദ് ഭരണകൂടം പ്രസ്താവനയില്‍ പറഞ്ഞു
ദമസ്‌കസ്: സിറിയയിലെ തുര്‍ക്കി ആക്രമണത്തെ തുടര്‍ന്ന് ഐന്‍ ഈസ തടങ്കല്‍പാളയത്തില്‍ നിന്ന് ഐ.എസ് ബന്ധമുള്ള 950 പേര്‍ രക്ഷപ്പെട്ടതായി ഉത്തര സിറിയയിലെ കുര്‍ദ് ഭരണകൂടം പ്രസ്താവനയില്‍ പറഞ്ഞു. കാവല്‍ക്കാരെ ആക്രമിച്ചശേഷം അവര്‍ ഗേറ്റുകള്‍ക്കു നേരെ ഓടുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
859 പേര്‍ രക്ഷപ്പെട്ടെന്നാണ് ക്യാംപിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജലാല്‍ അയാഫ് പറഞ്ഞത്. കുറച്ചുപേരെ പിടികൂടിയെങ്കിലും ബാക്കിയുള്ളവര്‍ കാവല്‍ക്കാരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു- അദ്ദേഹം പറഞ്ഞു.
തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ നിന്ന് 35 കി.മീ അകലെയുള്ള ഐന്‍ ഈസ ക്യാംപില്‍ ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുള്ള 12,000 പേരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഐ.എസ് ഭീകരരുടെ ഭാര്യമാരും കുട്ടികളും എല്ലാം ഉള്‍പ്പെടെയാണിത്.
തുര്‍ക്കി സേനയുടെ ആക്രമണത്തെ തുടര്‍ന്ന് കുര്‍ദുകളായ കാവല്‍ക്കാര്‍ നാടുവിട്ടതോടെയാണ് ഈ ക്യാംപില്‍ നിന്ന് തടവുകാര്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യമുണ്ടായത്. ഈ പ്രദേശമുള്‍പ്പെടുന്ന റാസല്‍ ഐനില്‍ തുര്‍ക്കി വ്യോമാക്രമണം തുടരുകയാണ്. സുലുക് നഗരത്തിന്റെ ചില ഭാഗങ്ങളും തുര്‍ക്കി കീഴടക്കിയിട്ടുണ്ട്.
അതിനിടെ സിറിയന്‍ പ്രദേശത്ത് 30-35 കി.മീ ദൂരെ വരെ സൈനിക നടപടി തുടരുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. ആക്രമണം തുടങ്ങി ഇതാദ്യമായി രണ്ട് തുര്‍ക്കി സൈനികര്‍ കുര്‍ദുകളുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടതായി അദ്ദേഹം സമ്മതിച്ചു. തുര്‍ക്കി പിന്തുണയോടെ യുദ്ധമുന്നണിയിലുള്ള സിറിയന്‍ വിമത സേനയുടെ 16 പേരും കൊല്ലപ്പെട്ടു.
അതേസമയം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആയുധങ്ങള്‍ നല്‍കിയില്ലെങ്കിലും ആക്രമണം തുടരുമെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി. കുര്‍ദുകളുടെ പീപിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റുകളുടെ നേരെ തുര്‍ക്കി സൈനികനടപടി തുടരുന്നതിനാല്‍ ഫ്രാന്‍സും ജര്‍മനിയും തുര്‍ക്കിയിലേക്കുള്ള ആയുധ കയറ്റുമതി നിരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."