കെ.ടി ജലീലിന്റെ പാസ്‌പോര്‍ട്ട് വിഷയം; ലോക്‌സഭയില്‍ കേരള എം.പിമാരുടെ പ്രതിഷേധം
ന്യൂഡല്‍ഹി: സഊദി അറേബ്യ സന്ദര്‍ശിക്കാനായി നയതന്ത്ര പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച മന്ത്രി കെ.ടി ജലീലിന്റെ അപേക്ഷ തള്ളിയ വിദേശകാര്യമന്ത്രാലയത്തിന്റെ നടപടിക്കെതിരേ ലോക്‌സഭയില്‍ കേരളാ എം.പിമാരുടെ പ്രതിഷേധം. വിഷയം ഉന്നയിച്ച് എം.പിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് കേരള എം.പിമാര്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ബഹളംവച്ചത്. പിന്നീട് ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാന്‍ സ്പീക്കര്‍ അനുവാദം നല്‍കി. ഇതു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തിങ്കളാഴ്ച ലോക്‌സഭയില്‍ വിശദീകരണം നടത്തുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ ഉറപ്പു നല്‍കി.
മന്ത്രിയുടെ സഊദി യാത്രക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിന്റെ സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിലെ കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായവരില്‍ നിരവധി പേര്‍ മലയാളികളാണ്. ഇവരുടെ കുടുംബങ്ങളില്‍ ആശങ്കയും ഭീതിയുമുണ്ട്. ദുരിതത്തിലായവരെ സഹായിക്കാനും കുടുംബങ്ങളുടെ ആശങ്ക അകറ്റാനുമാണ് സംസ്ഥാന പ്രതിനിധിയായി മന്ത്രി പുറപ്പെടാന്‍ തീരുമാനിച്ചത്. അതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ശരിയായ നടപടിയല്ല. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഈ സമയത്ത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ലോക്‌സഭയില്‍ ഹാജരുണ്ടായിരുന്നില്ല. തുടര്‍ന്നാണ് തിങ്കളാഴ്ച മന്ത്രി മറുപടി നല്‍കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി ഉറപ്പു നല്‍കിയത്.
അതിനിടെ, സംഭവത്തില്‍ മുന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ നടപടി തെറ്റാണെന്ന് തരൂര്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം നാട്ടുകാരുടെ ക്ഷേമം അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ പ്രതിനിധിയായി മന്ത്രി വിദേശത്ത് പോകുന്നത് കേന്ദ്രം വിലക്കേണ്ട കാര്യമില്ല. ഇത്തരം ഘട്ടങ്ങളില്‍ നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കേണ്ടതുമാണ്. നയന്ത്ര പാസ്‌പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ സാധാരണ പാസ്‌പോര്‍ട്ടില്‍ ജലീല്‍ സഊദിയിലേക്ക് പുറപ്പെടണമെന്നും സാധ്യമായ ആശ്വാസ നടപടികള്‍ക്ക് നേതൃത്വം നല്‍കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."