'സാമ്പത്തിക മാന്ദ്യമില്ല': പ്രസ്താവന രവിശങ്കര്‍ പ്രസാദ് പിന്‍വലിച്ചു
മുംബൈ: രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നും അതിന് തെളിവാണ് സിനിമകള്‍ ഹിറ്റ് ആവുന്നതെന്നുമുള്ള ന്യായീകരണം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പിന്‍വലിച്ചു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. 120 കോടി രൂപ വരുമാനം നേടിയ മൂന്നു സിനിമകളെക്കുറിച്ച് മുംബൈയില്‍ നടത്തിയ അഭിപ്രായങ്ങള്‍ വസ്തുതാപരമായി ശരിയാണ്.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ചലച്ചിത്ര മേഖലയെക്കുറിച്ച് തനിക്ക് അഭിമാനമാണ്. തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് പറഞ്ഞ് മാധ്യമങ്ങളെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. എന്റെ മാധ്യമ ഇടപെടലിന്റെ മുഴുവന്‍ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്.
ഒരു വൈകാരിക വിഷയമായതിനാല്‍ ഞാന്‍ എന്റെ അഭിപ്രായം പിന്‍വലിക്കുന്നു- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അവധി ദിവസമായ ഒക്ടോബര്‍ രണ്ടിന് മാത്രം മൂന്നു സിനിമകള്‍ നേടിയത് 120 കോടി രൂപയാണെന്നും സാമ്പത്തികമാന്ദ്യമുള്ള രാജ്യത്ത് ഇങ്ങനെ സംഭവിക്കില്ലെന്നുമായിരുന്നു ശനിയാഴ്ച മുംബൈയില്‍വച്ച് അദ്ദേഹം പറഞ്ഞത്. വലിയ വ്യവസായമാണ് സിനിമാരംഗത്ത് നടക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ മൂന്നു സിനിമകളാണ് റിലീസ് ചെയ്തത്.
സിനിമാ നിരൂപകനായ കോമല്‍ നഹ്ത പറഞ്ഞത് അവധിദിനത്തില്‍ 120 കോടി രൂപയാണ് മൂന്നു സിനിമകളും കൂടി നേടിയതെന്നാണ്. നല്ല സാമ്പത്തിക നിലയുള്ള രാജ്യത്തേ ഇങ്ങനെ സംഭവിക്കൂ- ഇതായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ വാക്കുകള്‍. മുംബൈയില്‍ വാര്‍ത്താസമ്മേളനത്തിനിടെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."