മാനന്തവാടിയിലെ വാഹന പാര്‍ക്കിങ്: സ്ഥലമേറ്റെടുക്കല്‍ വൈകുന്നു
മാനന്തവാടി: ജില്ലയില്‍ ഏറ്റവും ഗതാഗതകുരുക്ക് അനുഭവപ്പെട്ടുന്ന മാനന്തവാടി നഗരത്തില്‍ പാര്‍ക്കിങിന് താല്‍ക്കാലിക പരിഹാരമാവുന്ന കോഴിക്കോട് റോഡിലെ പാര്‍ക്കിങ് സ്ഥലത്തിന്റെ സംരക്ഷണം നഗരസഭയെ ഏല്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ഇഴയുന്നു. പൊതുമരാമത്ത് വകുപ്പ് 60 ലക്ഷത്തോളം രൂപ ചെലവഴിച്ച് 150 മീറ്റര്‍ നീളത്തിലും എട്ടു മീറ്റര്‍ വീതിയിലും 40 വണ്ടികള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയത്. എന്നാല്‍ ഈ സംവിധാനംകൊണ്ട് നഗരത്തിലെത്തുന്ന വാഹന ഉടമകള്‍ക്ക് യാതൊരു വിധ പ്രയോജനവും ലഭിക്കുന്നില്ലെന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. വ്യാപാരികളും, സര്‍ക്കാര്‍ ജിവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ രാവിലെ ഈ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും രാത്രിയോടെ മാത്രം വാഹനങ്ങള്‍ കൊണ്ട് പോവുകയാണ് പതിവ്. ഇത് ഏറെ ഗതാഗത കുരുക്കുള്ള നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന നിരവധി വാഹന ഉടമകളെയാണ് വലച്ചിരുന്നത്. ഇതിന് പരിഹാരമായാണ് പാര്‍ക്കിങ് എരിയയുടെ സ്ഥലത്തിന്റ സംരക്ഷണം നഗരസഭക്ക് കൈമാറാനും ഇവിടെ പേ പാര്‍ക്കിങ്ങ് ഏര്‍പ്പെടുത്തി ലഭിക്കുന്ന തുകയില്‍ ചെറിയ ഒരു ശതമാനം പൊതുമരാമത്ത് വകുപ്പിനും നല്‍കാന്‍ ധാരണയായത്. പാര്‍ക്കിങ് സ്ഥലം ലീസിനോ, ലേലത്തിനോ നല്‍കിയാല്‍ നഗരസഭക്ക് വരുമാനം ലഭിക്കുകയും പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരമാവുകയും ചെയ്യും. എന്നാല്‍ നഗരസഭ സ്ഥലത്തിന്റെ സംരക്ഷണം വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് ഔദ്യോഗികമായി അപേക്ഷ നല്‍കാന്‍ തയ്യാറാകാത്തതാണ് നടപടികള്‍ വൈകാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. അതേസമയം പ്രശ്‌ന പരിഹാരത്തിന് അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."