കാന്‍സര്‍ രോഗികളെ വലച്ച് പുതിയ ഉത്തരവ്
മാനന്തവാടി: കാന്‍സര്‍ രോഗികളുടെ പെന്‍ഷന്‍ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ പുതിയ ഉത്തരവ് രോഗികള്‍ക്ക് ദുരിതമാകുന്നു.
മുന്‍പ് കാന്‍സര്‍ രോഗത്തിന് ചികിത്സിക്കുന്ന സര്‍ക്കാര്‍ അസി.സര്‍ജന്‍മാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന് അപേക്ഷിക്കാമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ഓങ്കോളജിസ്റ്റുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പെന്‍ഷന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്ന നിബന്ധന രോഗികളെ വലക്കുകയാണ്.
തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ , കൊച്ചി കാന്‍സര്‍ സെന്റര്‍, എല്ലാ മെഡിക്കല്‍ കോളജുകളിലെയും ഓങ്കോളജിസ്റ്റുകളുടെ സര്‍ട്ടിഫിക്കറ്റുകളോടു കൂടി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രം പെന്‍ഷന് പരിഗണിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. പിന്നോക്ക ജില്ലയായ വയനാട്ടിലെ രോഗികള്‍ക്കാണ് ഉത്തരവ് കൂടുതല്‍ ദുരിതമാകുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഇല്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓങ്കോളജിസ്റ്റുകളെ സമീപിച്ചാലേ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകൂ. ഈ സര്‍ട്ടിഫിക്കറ്റിന് ഒപ്പം വരുമാന സര്‍ട്ടിഫിക്കറ്റ് കൂടി ഉള്ളടക്കം ചെയ്തുവേണം പെന്‍ഷന് അപേക്ഷിക്കാന്‍.
വയനാടിന്റെ വിവധ ഭഗങ്ങളില്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് പുകയില ഉല്പന്നങ്ങളുടെ അമിത ഉപയോഗം മൂലം കാന്‍സര്‍ ബാധിച്ച നിരവധി രോഗികളാണുള്ളത്.
ഇവര്‍ക്ക് പ്രതിമാസം ആയിരം രൂപ തോതില്‍ ഒരു വര്‍ഷത്തേക്കാണ് പെന്‍ഷന്‍ നല്‍കുക. ഒരു രോഗിക്ക് ഒരു തവണ മാത്രമേ പെന്‍ഷന് അര്‍ഹതയുള്ളു.
നിര്‍ധനരും ആദിവാസികളും ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക ചെലവഴിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."