എന്‍മകജെ പഞ്ചായത്ത്: സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനെതിരായ അവിശ്വാസം നാളെ
പെര്‍ള: എന്‍മകജെ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ ബി.ജെ.പിയിലെ ഉദയ ചെട്ടിയാര്‍ക്കെതിരേ കോണ്‍ഗ്രസും സി.പി.ഐയും കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ 12ന് രാവിലെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.
കോണ്‍ഗ്രസിലെ ഐത്തപ്പ കുലാല്‍, സി.പി.ഐയിലെ ചന്ദ്രാവതി എന്നിവരാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ അവിശ്വാസത്തിന് നോട്ടിസ് നല്‍കിയിരുന്നത്. കഴിഞ്ഞ തവണ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എല്‍.ഡി.എഫ് വിട്ടുനിന്നിരുന്നു.
നാല് അംഗങ്ങളുള്ള സ്റ്റാന്റിങ് കമ്മിറ്റിയില്‍ കോണ്‍ഗ്രസ് ഒന്ന്, ബി.ജെ.പി ഒന്ന്, എല്‍.ഡി.എഫില്‍ സി.പി.ഐ ഒന്ന്, സി.പി.എം ഒന്ന് എന്നിങ്ങിനെയാണ് കക്ഷിനില. എല്‍.ഡി.എഫ് വോട്ടെടുപ്പില്‍നിന്നു വിട്ടു നിന്നതിനാല്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും തുല്യവോട്ടുകള്‍ ലഭിച്ചു. ബി.ജെ.പിയ്ക്ക് നറുക്കെടുപ്പിലൂടെയാണ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത്.
നേരത്തെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരേ യു. ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം സി.പി.ഐ അംഗത്തിന്റെ പിന്തുണയോടെ പാസായിരുന്നു. ഇതേ തുടര്‍ന്ന് ബി.ജെ.പിയ്ക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി.
നിലവില്‍ കോണ്‍ഗ്രസിലെ വൈ. ശാരദ പ്രസിഡന്റും മുസ്‌ലിം ലീഗിലെ അബൂബക്കര്‍ സിദ്ദിഖ് ഖണ്ടിഗെ വൈസ് പ്രസിഡന്റുമാണ്. സി.പി.എം അംഗം വിട്ടുനിന്നാലും കോണ്‍ഗ്രസ്-സി.പി.ഐ കൂട്ട്‌കെട്ട് തുടരുന്ന സാഹചര്യത്തില്‍ ബി.ജെ.പിയ്ക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നഷ്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."