അയറോട്ട് കാവിനടുത്ത് വീണ്ടും പുലിയിറങ്ങി
രാജപുരം: പുലിഭീതി ഒഴിയാതെ മലയോരം. കള്ളാര്‍, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലെ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് തുടര്‍ച്ചയായി പുലിയുടെ സാന്നിധ്യം. കോടോം-ബേളൂര്‍ ചുള്ളിക്കര അയറോട്ടാണ് തുടര്‍ച്ചയായി രണ്ടുദിവസം പുലിയെ കണ്ടത്. അയറോട്ട് മുണ്ട്യക്കാല്‍ കാവിനടുത്താണ് ഒടുവിലായി പുലിയെ കണ്ടത്. രാത്രി 10 മണിയോടെയാണ് സംഭവം. തലേദിവസമാണ് അയറോട്ട് പുലിയെ കണ്ടത്. പുലര്‍ച്ചെ റബ്ബര്‍ ടാപ്പിങിനെത്തിയ തൊഴിലാളികളാണ് കണ്ടത്. ഇതിനടുത്തു തന്നെയാണ് മുണ്ട്യക്കാല്‍ കാവ്. വിവരമറിഞ്ഞ് ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ എം. രാജീവന് ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചു. കണ്ടത് പുലിയെ തന്നെയാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കാല്പാടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പുലി സാന്നിധ്യം അധികൃതര്‍ ഉറപ്പിച്ചിട്ടുണ്ട്. അതേസമയം ഒരു സ്ഥലത്തു തന്നെ കേന്ദ്രീകരിക്കാത്തതിനാല്‍ ഭയപ്പെടേണ്ടതില്ലെന്നും ആളുകളുടെ ബഹളം കേട്ട് പുലി ഒഴിഞ്ഞുപോകാനാണ് സാധ്യതയെന്നും വനപാലകര്‍ പറയുന്നു. അതിനിടെ രാവിലെയും രാത്രിയും ശക്തമായ പരിശോധന നടത്തുമെന്ന് ഫോറസ്റ്റ് ഓഫിസര്‍ സുധീര്‍ നെരോത്ത് പറഞ്ഞു. രണ്ടാഴ്ച മുന്‍പ് കള്ളാര്‍ പഞ്ചായത്തിലെ വണ്ണാത്തിക്കാനം, പുഞ്ചക്കര എന്നിവിടങ്ങളില്‍ നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. രണ്ടാഴ്ചയായി പുലിയെ കാണാത്തതിനാല്‍ വനത്തിലേക്കുതിരിച്ചു പോയെന്നു കരുതി സമാധാനിക്കുന്നതിനിടെയാണ് വീണ്ടും പുലിയെ കണ്ടത്. പുലി സാന്നിധ്യമുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനപാലകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരം വെളുത്തതിനു ശേഷം മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂവെന്നും നേരം ഇരുട്ടും മുമ്പ് വീടണയണമെന്നും നിര്‍ദേശമുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ അക്രമിക്കപ്പെട്ടതു കണ്ടാലോ അവയുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റവും അറിയിക്കണമെന്നും വനപാലകര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."