കേരള ബാങ്ക് നേരിടുന്ന വെല്ലുവിളികള്‍
കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന ആശയത്തിന് ഉദ്ദേശം രണ്ടര ദശാബ്ദത്തെ പഴക്കമുണ്ട്. 1996-2001 കാലത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. പിണറായി വിജയനാണ് സംസ്ഥാനത്തെ എല്ലാ സഹകരണബാങ്കുകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു കേരള ബാങ്ക് രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്.
കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് രൂപീകരിക്കുമെന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും, സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷവുമെല്ലാം ഇടതു നേതൃത്വം കേരള ബാങ്ക് രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്.
ഏറ്റവുമൊടുവില്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ പുതിയ പ്രതീക്ഷകളുണര്‍ത്തി കേരള ബാങ്ക് യാഥാര്‍ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സഹകരണബാങ്കും 13 ജില്ലാ സഹകരണ ബാങ്കും സംയോജിപ്പ് കേരളബാങ്ക് ആരംഭിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിക്കഴിഞ്ഞു. കേരളത്തിലെ ബാങ്കിങ് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണിത്. ഒരു സംസ്ഥാന ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ സഹകരണമേഖലയില്‍ സമ്പൂര്‍ണ ആധുനിക ബാങ്കിന് രൂപം നല്‍കുന്നത് ഇന്ത്യയിലാദ്യമായാണ്. സഹകരണ മേഖലയെ വികസനത്തിന്റെ ചാലക ശക്തിയാക്കുന്നത് വഴി കേരളം മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ്.
ഈ ബാങ്ക് സ്ഥാപിക്കുന്നതിനെതിരായി യു.ഡി.എഫ് നേതൃത്വവും മുസ്‌ലിം ലീഗുമെല്ലാം ശക്തമായി രംഗത്തുണ്ടായിരുന്നു. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലുള്ള മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരള ബാങ്കില്‍ നിന്നും അവര്‍ പുറത്തുനിര്‍ത്തുകയും ചെയ്തു. ബി.ജെ.പിയും കേന്ദ്രത്തെ സ്വാധീനിച്ച് ബാങ്കിന് അംഗീകാരം തടയാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതാണ്. എന്നാല്‍ ഈ എതിര്‍പ്പുകളിലും, വിമര്‍ശനങ്ങളിലുമൊന്നും വസ്തുതകളില്ലെന്ന് കണ്ടുകൊണ്ടാണ് കേരള ബാങ്കിന് റിസര്‍വ് ബാങ്ക് അനുവാദം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തില്‍ ഫലപ്രദമായി ഇടപെടാന്‍ സ്വന്തം ബാങ്ക് വേണമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് കേരള ബാങ്കിന്റെ പിറവിക്ക് പിന്നില്‍.
ഏകദേശം രണ്ടുലക്ഷം കോടിയോളം രൂപയുടെ ഇടപാടുകളാണ് സഹകരണബാങ്കുകള്‍ നിറവേറ്റുന്നത്. ഇത് സംസ്ഥാനത്തിനകത്തെ മൊത്തം ബാങ്കിങ് ഇടപാടുകളുടെ 30ശതമാനത്തിന് പുറത്തുവരും. സ്റ്റേറ്റ്ബാങ്ക് ഗ്രൂപ്പുകഴിഞ്ഞാല്‍ ഏറ്റവും വലിയ ബാങ്കിങ് നെറ്റ്‌വര്‍ക്കായി കേരള ബാങ്ക് (കെ.സി.ബി) മാറുമെന്നതാണ് പുതിയ ബാങ്കിന്റെ പ്രാധാന്യം. സംസ്ഥാനത്തൊട്ടാകെ 7300 പൊതുമേഖലാ ബാങ്ക് ശാഖകളുണ്ട്. ഇതില്‍ ബഹുഭൂരിവിഭാഗവും അര്‍ബന്‍-സെമി അര്‍ബന്‍ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ബാങ്കുകള്‍ ലഭിക്കുന്ന നിക്ഷേപങ്ങളുടെ 66.69 മാത്രമാണ് വായ്പയായി നല്‍കുന്നത്. ഏകദേശം അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളാണ് ഈ പൊതുമേഖലാ ബാങ്കുകളിലുള്ളത്.
വായ്പയായി 3.3 ലക്ഷം കോടി വിതരണം ചെയ്യുന്നുണ്ട്. ഇവിടെ നിന്നും സമാഹരിക്കുന്ന ബാക്കിവരുന്ന 1.7 ലക്ഷം കോടി രൂപ സംസ്ഥാനത്തിന് പുറത്തേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അത് വന്‍കിട കുത്തകകള്‍ക്ക് വായ്പയായി നല്‍കിക്കൊണ്ടിരിക്കുകയുമാണ്.
കേരളത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വായ്പകള്‍ അനുവദിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ തയ്യാറല്ല. കാര്‍ഷികവായ്പകള്‍, സ്വര്‍ണപ്പണയ വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, ചെറുകിടകച്ചവടക്കാര്‍ക്കുള്ള വായ്പകള്‍ തുടങ്ങിയവ ഇപ്പോഴും പൊതുമേഖലാ ബാങ്കുകളില്‍ അപ്രാപ്യമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉതകുന്ന ഒരു ബാങ്ക് ഇവിടെ അത്യാവശ്യമായി വന്നിരിക്കുകയാണ്. പൊതുമേഖലാ-പുതു തലമുറ ബാങ്കുകള്‍ നല്‍കുന്ന നൂതന സേവനങ്ങള്‍ കാര്യക്ഷമതയോടും സാങ്കേതിക മികവോടും ജനപക്ഷത്തുനിന്നും ലഭ്യമാക്കുമെന്ന വാഗ്ദാനമാണ് കേരള ബാങ്ക് മുന്നോട്ടു വയ്ക്കുന്നത്. ബാങ്കിങ് സേവനങ്ങളില്‍ നിന്ന് സാധാരണക്കാരെ അകറ്റുന്ന പൊതുമേഖലാ ബാങ്കുകളുടെ ജനവിരുദ്ധ സമീപനത്തിന് ജനപക്ഷത്തുനിന്നുള്ള ബദലാണിത്. സാധാരണക്കാരെ മുഖ്യധാരാ ബാങ്കില്‍ നിന്ന് പുറത്താക്കി മൈക്രോഫിനാന്‍സിന്റെ കഴുത്തറുപ്പന്‍ പലിശയ്ക്ക് വലിച്ചെറിഞ്ഞുകൊടുക്കുന്ന പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്കുള്ള കേരളത്തിന്റെ മറുപടി കൂടിയാണിത്.
കോര്‍പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും മാത്രം വായ്പകളും സേവനങ്ങളും നല്‍കുന്നതാണ് ഇന്ന് പൊതുമേഖലാ-ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ സമീപനം. കര്‍ശനമായി നിബന്ധനകള്‍ മുന്നോട്ടുവച്ചും നോട്ടെണ്ണുന്നതിനുപോലും സര്‍വിസ് ചാര്‍ജ് ഈടാക്കി സാധാരണക്കാരെയും ഇടത്തരക്കാരെയും ബാങ്കുകളില്‍ നിന്നും അകറ്റുകയാണ്. ചെറിയ ബാങ്കുകളെ വന്‍കിട ബാങ്കുകളില്‍ ലയിപ്പിച്ച് ഗ്രാമങ്ങളിലെ ശാഖകള്‍ പൂട്ടുന്നു. സാധാരണക്കാരെ തള്ളിക്കളയുന്ന കോര്‍പ്പറേറ്റ് ബാങ്കിന് ജനകീയ ബദലായിരിക്കും കേരള ബാങ്കെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. സംസ്ഥാന സഹകരണബാങ്കും ജില്ലാ സഹകരണബാങ്കുകളും സംയോജിപ്പിച്ചുകൊണ്ടാണല്ലോ കേരള ബാങ്ക് രൂപീകരിക്കുന്നത്. സംസ്ഥാന സഹകരണബാങ്കിന്റെ 7000 കോടി രൂപയും, ജില്ലാ സഹകരണബാങ്കുകളുടെ 47,047 കോടി രൂപയുടെ നിക്ഷേപവും ചേര്‍ന്നുള്ള ഒരു വലിയ മൂലധനം ഇപ്പോള്‍ത്തന്നെ കേരളബാങ്കിനുണ്ട്.
സംസ്ഥാനത്തെ പ്രവാസികള്‍ക്ക് ഇപ്പോള്‍ തന്നെ പൊതുമേഖലാ- ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ നിക്ഷേപം സംസ്ഥാനത്തിന് ഉപയോഗപ്രദമാകുന്നില്ല. ഇത്തരം നിക്ഷേപങ്ങള്‍ കേരളത്തിന് പ്രയോജനപ്രദമാക്കുക എന്നുള്ളതും കേരളബാങ്കിന്റെ ലക്ഷ്യമാണ്. പൊതുമേഖലാ ബാങ്കില്‍ നിക്ഷേപിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് പോലും ഇന്ന് കേരളത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധ്യമാകുന്നില്ല എന്നുള്ളതാണ് വസ്തുത. കേരളത്തിലെ ജനങ്ങളുടെ സമ്പാദ്യം കേരളത്തിന് മാത്രം പ്രയോജനപ്പെടുത്തിയാല്‍ സംസ്ഥാനത്തിന് വന്‍ കുതിപ്പ് ഇതുകൊണ്ടുണ്ടാകുമെന്നുള്ള കാര്യത്തിന് തര്‍ക്കമില്ല. രാഷ്ട്രീയ എതിര്‍പ്പിന്റെ പ്രധാനകാരണം ഇതുതന്നെയാണ്. എന്നാല്‍ ഇത്തരം എതിര്‍പ്പുകളെയെല്ലാം അതിജീവിച്ച് കേരള ബാങ്ക് നിലവില്‍ വരുകയാണ്.
റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ചിട്ടുള്ള എല്ലാ നിബന്ധനകളും സംസ്ഥാന ഗവണ്‍മെന്റ് അംഗീകരിച്ചതുകൊണ്ടാണ് ബാങ്കിന് അനുവാദം ലഭിച്ചിരിക്കുന്നത്. കേരളബാങ്കില്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ വളരെ വിപുലവും നടപ്പിലാക്കാന്‍ പ്രയാസമുള്ളവയുമാണ്. അര്‍ബന്‍ ബാങ്കുകള്‍ക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള അതേ മാതൃകയില്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കണമെന്നാണ് ഇതിലൊന്ന്. സഹകരണബാങ്കുകളില്‍ സംസ്ഥാനത്തിന്റെ അധികാരം പരിമിതപ്പെടുത്തുന്നതിനും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനുമായി റിസര്‍വ് ബാങ്ക് മുന്‍ ഡയരക്ടര്‍ വൈ.എച്ച് മാലേഗം അധ്യക്ഷനായ സമിതി 2011 ല്‍ ''ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്'' എന്ന പരിഷ്‌കാരം ശുപാര്‍ശ ചെയ്തു. ഇന്ത്യയില്‍ സഹകരണബാങ്കിങ് മേഖലയില്‍ അര്‍ബന്‍ മേഖലയാണ് ശക്തര്‍ എന്നുള്ളതുകൊണ്ടാണ് അവര്‍ക്ക് വേണ്ടി ഈ പരിഷ്‌കാരം നിര്‍ദേശിച്ചത്. മേല്‍നോട്ടച്ചുമതല അല്ലാതെ ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ എല്ലാ അധികാരങ്ങളും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന് കൈമാറുന്നതാണ് പുതിയ സംവിധാനം. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാന സഹകരണബാങ്കിന് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് വ്യവസ്ഥ ഏര്‍പ്പെടുത്തുന്നത് കേരള ബാങ്കിലൂടെ കേരളത്തിലാണ്.
ജില്ലാ സഹകരണബാങ്കുകളുടെ 800 ശാഖകളും സംസ്ഥാന സഹകരണബാങ്കിന്റെ 20 ശാഖകളുമടക്കം 820 ശാഖകളുള്ള ഒരു വലിയ ബാങ്കായി കേരള ബാങ്ക് മാറും. പ്രാഥമിക സഹകരണബാങ്കുകള്‍ കൂടി കേരള ബാങ്കിന്റെ കണ്ണിയായാല്‍ ഗ്രാമീണ മേഖലയിലടക്കം ഇതിന് വന്‍ സ്വാധീനം ഉറപ്പിക്കാന്‍ കഴിയും. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കാകെ 4500 ശാഖകള്‍ ഉണ്ട്. കേരള ബാങ്ക് ശാഖകളോടൊപ്പം ഈ ശാഖകള്‍ കൂടി ചേര്‍ത്താല്‍ 5320 പ്രാദേശിക ശാഖകള്‍ കേരള ബാങ്കിനുണ്ടാകും. കേരളത്തിലങ്ങോളമിങ്ങോളം നാട്ടിന്‍പുറങ്ങളിലും, പട്ടണങ്ങളിലുമെല്ലാം സേവനമെത്തിക്കാന്‍ ഈ ബാങ്കിന് കഴിയുകയും ചെയ്യും.
പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ അതിജീവിച്ചുകൊണ്ടാണ് കേരള ബാങ്ക് നിലവില്‍ വരാന്‍ പോകുന്നത്. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തില്ലെന്നുള്ളതടക്കമുള്ള വിമര്‍ശനങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി ഈ ബാങ്കിനെ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാനം വളരെ വിശദമായി ചര്‍ച്ച ചെയ്യുകയായിരുന്നു എന്ന വസ്തുത ആര്‍ക്കും വിസ്മരിക്കുവാന്‍ കഴിയുകയില്ല. വായ്പാ ഇതര സഹകരണ സംഘങ്ങളെ ഈ ബാങ്കില്‍ പങ്കാളിത്തം നല്‍കുന്നില്ലെന്നുള്ള പരാതി ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ വായ്പാ ഇതര സഹകരണസംഘങ്ങള്‍ക്കും കേരളബാങ്കില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുകയാണ്. ഇത്തരം സഹകരണ സംഘങ്ങളുടെ പ്രതിനിധിയേയും കേരള ബാങ്ക് ഭരണസമിതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സംസ്ഥാനത്തൊട്ടാകെ ഇന്ന് നടന്നുവരുന്നുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. നിര്‍ഭാഗ്യവശാല്‍ പല പ്രാഥമിക സഹകരണ ബാങ്കുകളും ഇന്ന് നിര്‍ജീവമാണ്. പല സഹകരണബാങ്കുകളിലുമുള്ള വിശ്വാസം പോലും ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുമുണ്ട്. ഈ പ്രാദേശിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കാന്‍ പര്യാപ്തമായ നിലയിലുള്ള ഏറ്റവും ശക്തമായ ഒരു കേന്ദ്രീകൃത സഹകരണബാങ്ക് അത്യാവശ്യമായി വന്നിരിക്കുകയാണ്. ഒരു കേന്ദ്രത്തില്‍ നിന്നെടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ കേന്ദ്ര സഹകരണ ബാങ്കിന് ജനവിശ്വാസമാര്‍ജിക്കുവാനും അവരുടെ നിക്ഷേപങ്ങള്‍ക്ക് ഉറപ്പു നല്‍കാനും കഴിയുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.
കേരള ബാങ്ക് രൂപീകരണത്തിന് എതിരായി ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളില്‍ ബഹുഭൂരിപക്ഷവും റിസര്‍വ് ബാങ്കിന്റെ അനുവാദം ഈ ബാങ്കിന് കിട്ടിയതോടു കൂടി തന്നെ ഇല്ലാതാവുകയാണ്. മറ്റു ഹരജികളും സംസ്ഥാന സര്‍ക്കാര്‍ - റിസര്‍വ് ബാങ്ക് നിലപാടിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുകയുമില്ല. അതുകൊണ്ടുതന്നെ കേരള ബാങ്ക് എത്രയും പെട്ടെന്നു തന്നെ ആരംഭിക്കും.
കേരളത്തിലെ സഹകരണമേഖലയില്‍ നിലവിലുള്ള ത്രിതല സംവിധാനംഇതോടുകൂടി ദ്വിതല സമ്പ്രദായമായി മാറുകയാണ്. ജില്ലാ സഹകരണ ബാങ്കുകളും അതിന്റെ ഭരണ സമിതികളുമാണ് ഇതുമൂലം ഇല്ലാതാകുന്നത്. സഹകരണ മേഖലയിലുള്ള 250 ഓളം സഹകാരികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും നിലവിലുണ്ടായിരുന്ന ജില്ലാ സഹകരണ ബാങ്കിലെ ഭാരവാഹിത്വമാണ് പ്രത്യക്ഷമായി ഇതുമൂലം നഷ്ടമാകുന്നത്. യു.ഡി.എഫിന്റെ കേരള ബാങ്കിനോടുള്ള എതിര്‍പ്പിന്റെ പ്രധാന കാരണവും ഇതാണെന്നുള്ളതില്‍ തര്‍ക്കമില്ല.
എന്തായാലും ഏതാനും പേരുടെ ജില്ലാ ബാങ്ക് ഭാരവാഹിത്വ പ്രശ്‌നമല്ല നാമിവിടെ കണക്കിലെടുക്കേണ്ടത്. നമ്മുടെ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ക്കാണ്. എന്തായാലും കേരള ബാങ്ക് രൂപീകരണത്തോടുകൂടി വലിയ വെല്ലുവിളികളാണ് പിണറായി സര്‍ക്കാര്‍ നേരിടാന്‍ പോകുന്നത്. ഇതിനെ ധീരമായി നേരിടാന്‍ ഇടതു സര്‍ക്കാരിന് കഴിയുമോ എന്നുള്ളതാണ്പ്രസക്തമായ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."