സംസ്ഥാന എന്‍ജിനീയറിങ്ങില്‍ അഞ്ചാം റാങ്ക്; നന്ദഗോപാലിന് മോഹം ഭൗതിക ശാസ്ത്രജ്ഞനാകാന്‍
കോഴിക്കോട്: 'ആരു പറഞ്ഞാലും ഞാന്‍ എന്‍ജിനീയറാവൂല... എനിക്ക് ഭൗതിക ശാസ്ത്രജ്ഞനാകണം'. സംസ്ഥാന എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാനത്ത് അഞ്ചാം റാങ്ക് നേടിയ ചേവായൂര്‍ സ്വദേശി എം. നന്ദഗോപാലിന്റെ വാക്കുകളാണിത്. ഇഷ്ടവിഷയം ഫിസിക്‌സാണ്. ചെറുപ്പം മുതലേ ഫിസിക്‌സിലും ഗണിത ശാസ്ത്രത്തിലും ശ്രദ്ധകേന്ദ്രീകരിച്ചാണ് ഞാന്‍ പഠനം നടത്തുന്നത്. അതിനാല്‍ എന്‍ജിനീയറാകുന്നതിന് താല്‍പര്യമില്ല. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഫിസിക്‌സ് പഠിച്ച് ഭൗതികശാസ്ത്രജ്ഞനാവുകയെന്നതാണ് സ്വപ്നമെന്നും നന്ദഗോപാല്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷയില്‍ രാജ്യത്ത് 93-ാം റാങ്കും നന്ദു നേടിയിട്ടുണ്ട്.
പത്താം തരം വരെ ചേവായൂര്‍ ഭാരതീയ വിദ്യാ ഭവനിലും ചെന്നൈ ശ്രീപെരുമ്പുടൂര്‍ മഹാറിഷി ഇന്റര്‍ നാഷനല്‍ സ്‌കൂളില്‍ പ്ലസ്ടു പഠനവും പൂര്‍ത്തിയാക്കി. ഹോസ്റ്റലില്‍ കൂട്ടുകാരോടൊപ്പം ചേര്‍ന്നിരുന്നാണ് പഠിച്ചിരുന്നത്. പഠനത്തിനായി പ്രത്യേകം സമയക്രമമൊന്നുമുണ്ടാക്കാതെ ഇഷ്ടമുള്ളപ്പോള്‍ പഠിക്കുന്ന രീതിയാണ് തുടര്‍ന്നത്. യൂട്യുബില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും പഠനോപകരണങ്ങള്‍ കണ്ടെത്തിയുള്ള പഠനം മത്സര പരീക്ഷയ്ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന് നന്ദഗോപാല്‍ പറയുന്നു. വിഖ്യാത അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഫെയ്ന്‍മെന്റെ പുസ്തകങ്ങളാണ് കൂടുതലായും വായിക്കുന്നത്. ഇതാണ് ഭൗതിക ശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കാനുണ്ടായ കാരണമെന്നും നന്ദു പറയുന്നു.
സ്‌കൂള്‍ കാലത്ത് തന്നെ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്താറുണ്ട്. കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ സകോളര്‍ഷിപ്പ് പരീക്ഷയില്‍ 44-ാം റാങ്കും നാഷനല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ സ്‌കോളര്‍ഷിപ്പും ഇന്റര്‍നാഷനല്‍ അസ്‌ട്രോണമി ഒളിംപ്യാഡില്‍ മികച്ച വിജയവും നന്ദു കരസ്ഥമാക്കിയിട്ടുണ്ട്. പിയാനോ വായിക്കലും ചെസുമാണ് താല്‍പര്യമുള്ള വിനോദം. പഠനത്തിന്റെ ആലസ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഇത് ആയുധമാക്കുമെന്നും നന്ദു പറഞ്ഞു. പിതാവ് കണ്ണൂര്‍ ഓള്‍ ഇന്ത്യ റേഡിയോയിലെ സീനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ് കോവൂര്‍ എം.എല്‍.എ റോഡിലെ നന്ദാവനത്തിലെ മനോജ്കുമാറും മാതാവ് എല്‍.ഐ.സി കോഴിക്കോട് ഹയര്‍ ഗ്രേഡ് അസിസ്റ്റന്റ് ശ്രീജ ശ്രീധരനും തിരുവനന്തപുരം സി.ഇ.ടി കോളജില്‍ ബി.ആര്‍ക്ക് പഠിക്കുന്ന സഹോദരി നന്ദിതയും നല്‍കിയ പിന്തുണയാണ് വിജയത്തിനു പിന്നിലെന്നും നന്ദഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."