അഭിമുഖത്തില്‍ മാര്‍ക്ക് ദാനം: വാര്‍ത്ത അവാസ്തവമെന്ന് പി.എസ്.സി
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പി.എസ്.സി. സര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടുള്ള സവിശേഷ ചട്ടങ്ങള്‍ പ്രകാരം പരീക്ഷയും അഭിമുഖവും നടത്തിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കിയത്.
100 മാര്‍ക്ക് വീതമുള്ള രണ്ട് വിവരണാത്മക പരീക്ഷകളാണ് നടത്തിയത്. അഭിമുഖം 40 മാര്‍ക്കില്‍ ആയിരുന്നു. സോഷ്യല്‍ സര്‍വിസ്, വികേന്ദ്രീകരണ ആസൂത്രണം, പ്ലാന്‍ കോര്‍ഡിനേഷന്‍ എന്നീ മൂന്നു വിഭാഗങ്ങളിലെ തലവനെയാണ് പി.എസ്.സി തെരഞ്ഞെടുത്തത്.
എഴുത്തുപരീക്ഷയ്ക്ക് 91.75 മാര്‍ക്ക് വാങ്ങി ഒന്നാമതെത്തിയ വ്യക്തി റാങ്ക് ലിസ്റ്റില്‍ പിന്നിലായെന്നും 52.50 മാര്‍ക്ക് എഴുത്തുപരീക്ഷയ്ക്ക് വാങ്ങിയ വ്യക്തി റാങ്ക് ലിസ്റ്റില്‍ ഒന്നാമതായെന്നുമായിരുന്നു ആഷേപം. ഇത് വാസ്തവ വിരുദ്ധമാണ്. ചീഫ് (സോഷ്യല്‍ സര്‍വീസ്) എഴുത്തു പരീക്ഷയ്ക്ക് റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ വ്യക്തിക്ക് 89.75 മാര്‍ക്കാണ് ലഭിച്ചത്. ചീഫ് (പ്ലാന്‍ കോര്‍ഡിനേഷന്‍) ഒന്നാം റാങ്ക് കിട്ടിയ വ്യക്തിക്കാണ് എഴുത്തു പരീക്ഷയ്ക്ക് 52.50 മാര്‍ക്ക് ലഭിച്ചത്. ഈ വ്യക്തിക്ക് അഭിമുഖത്തിന് 36 മാര്‍ക്കും ലഭിച്ചു. ഇതേ റാങ്ക് ലിസ്റ്റില്‍ രണ്ടാം റാങ്ക് കിട്ടിയ വ്യക്തിക്ക് എഴുത്തുപരീക്ഷയ്ക്ക് 59.25 മാര്‍ക്കും അഭിമുഖത്തിന് 28 മാര്‍ക്കും ആണ് ലഭിച്ചത്.
പരീക്ഷയുടെ മാര്‍ക്ക് അഭിമുഖ ബോര്‍ഡിന്റെ മുന്നിലുണ്ടാവില്ല. അഭിമുഖത്തിലെ മാര്‍ക്കിന് എഴുത്തുപരീക്ഷയുടെ പ്രകടനവുമായി ഒരു ബന്ധവും ഉണ്ടാകാന്‍ പാടില്ലായെന്ന വ്യവസ്ഥയാണ് പി.എസ്.സി പാലിക്കുന്നത്. എഴുത്തു പരീക്ഷയുടെ മാര്‍ക്ക് അഭിമുഖത്തിന് മുന്‍പ് പ്രസിദ്ധീകരിക്കാറില്ലെന്നും പി.എസ്.സി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."