പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി: വന്‍ക്രമക്കേടെന്ന് ആരോപണം
കൊല്ലം: സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും അട്ടിമറിച്ച് പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ വ്യാപകമായ അഴിമതിയും വന്‍ ക്രമക്കേടുമെന്ന് ആരോപണം. 2500 പെട്രോള്‍ പമ്പുകള്‍ നിലവിലുള്ളപ്പോഴാണ് സംസ്ഥാനത്ത് പുതിയതായി 1831 പമ്പുകള്‍ക്ക് അനുമതി നല്‍കിയത്. പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിപത്രം ആവശ്യമാണ്. ഓയില്‍ കമ്പനികള്‍ നല്‍കുന്ന പ്ലാനിന്റെയും അപേക്ഷയുടെയും അടിസ്ഥാനത്തില്‍ അതതു ജില്ലകളില്‍ കലക്ടര്‍മാരാണ് അനുമതി നല്‍കുന്നത്.
ഈ അനുമതിയുടെ മറവിലാണ് മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുന്നത്. ബന്ധപ്പെട്ട ഏഴോളം സര്‍ക്കാര്‍ വകുപ്പുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഒ.സി നല്‍കുന്നത്.
എന്‍.ഒ.സി അതിവേഗം നേടിയെടുക്കുന്നതിനും മാനദണ്ഡങ്ങള്‍ മറികടക്കാനും ഓയില്‍ കമ്പനി ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡീലര്‍ഷിപ്പിന് അപേക്ഷിച്ചവര്‍ എന്നിവരെ കൂട്ടിയിണക്കുന്ന പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആരോപണം. കേന്ദ്ര സര്‍ക്കാരിന്റെ റോഡ് നിയമങ്ങളായ 'ഐ.ആര്‍.സി, മോര്‍ത്ത്'നിയമങ്ങള്‍ ദേശീയപാതകളില്‍പ്പോലും പാലിക്കപ്പെടുന്നില്ല. റവന്യൂ വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് നെല്‍വയല്‍, തണ്ണീര്‍ത്തടം, കുടിവെള്ള സ്രോതസ്, തീരദേശപരിപാലനം എന്നിവ പാലിക്കണമെന്ന കൃത്യമായ മാനദണ്ഡംപോലും വ്യക്തമായി മനസിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല.
ഉയര്‍ന്ന ബാഷ്പീകരണം ഉള്ളതും വായു മലിനീകരണം ഉണ്ടാകുന്നതുമായ പെട്രോളിയം ഇന്ധനം പമ്പുകളിലെ ഭൂഗര്‍ഭ അറകളിലാണ് സൂക്ഷിക്കുന്നത്. എന്നാല്‍ പമ്പുകളിലെ ഭൂഗര്‍ഭ ടാങ്കുകളുടെയും പൈപ്പ് ലൈനുകളുടെയും കാലപ്പഴക്കംമൂലം ചോര്‍ച്ചയുണ്ടായി സമീപത്തെ കിണറുകളിലും തണ്ണീര്‍ത്തടങ്ങളിലും എത്തി കുടിവെള്ളം മലിനമായ സംഭവങ്ങള്‍ നിലവിലുണ്ട്. ഇത്തരം കാര്യങ്ങളില്‍ പരിഹാരമോ അന്വേഷണമോ നടത്താതെയാണ് അനുമതി നല്‍കുന്നതെന്നാണ് വിമര്‍ശനം ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."