സി.പി.ഐ സംസ്ഥാന കമ്മിറ്റിയും കൈവിട്ടു; കേരളത്തിലെ ആദ്യ ആദിവാസി ബ്ലോക്ക് പ്രസിഡന്റ് ഇന്ന് രാജിവയ്ക്കും
പാലക്കാട്: കേരളത്തിലെ ആദ്യ ആദിവാസി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശനെ സി.പി.ഐ സംസ്ഥാന നേതൃത്വവും കൈവിട്ടു.
സംസ്ഥാനത്ത് സി.പി.ഐക്കുള്ള ഏക വനിതാ ആദിവാസി പ്രസിഡന്റിനെതിരേ ജില്ലാ എക്‌സിക്യൂട്ടീവ് എടുത്ത തീരുമാനം വേണ്ട രീതിയില്‍ ചര്‍ച്ച നടത്താതെയാണ് പാര്‍ട്ടി നേതൃത്വം രാജിയാവശ്യം ഉന്നയിച്ചതെന്ന പരാതി നിലനില്‍ക്കേയാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഈശ്വരിരേശന്‍ ഇന്ന് രാജിവയ്ക്കുന്നത്.
ഈശ്വരിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അവര്‍ കമ്മിറ്റികളില്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നു. എന്നാല്‍ സി.പി.എം നേതാവിന്റെ ഈശ്വരിക്കെതിരായ കത്തിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നാണ് ജില്ലാ എക്‌സിക്യൂട്ടീവിന്റെ വിശദീകരണം. സി.പി.എം ചൂണ്ടിക്കാട്ടുന്ന പാര്‍ട്ടി സഖാക്കള്‍ക്കെതിരേ നടപടി എടുക്കാന്‍ നിന്നാല്‍ സംസ്ഥാനത്ത് നിരവധി പേര്‍ക്കെതിരേ നടപടി വേണ്ടിവരുമന്നും പാര്‍ട്ടി തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു.
മറ്റൊരു പാര്‍ട്ടി നേതാവിന്റെ ആരോപണത്തെ തുടര്‍ന്ന് ആദിവാസിയായ ഈശ്വരിയെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുന്ന നടപടി പുനഃപരിശോധിക്കണമെന്ന നിലപാട് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനുമുണ്ട്.
എന്നിട്ടും ഈശ്വരിയുടെ കാര്യത്തില്‍ പാര്‍ട്ടിനേതൃത്വം മൗനം പാലിക്കുകയാണുണ്ടായത്. മണ്ണാര്‍ക്കാട് മേഖലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന സി.പി.എം, സി.പി.ഐ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഈശ്വരിയുടെ രാജിയിലേക്കെത്തിക്കുന്നത്.
പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നും പാര്‍ട്ടിയില്‍ തുടരുമെന്നും ഈശ്വരി പറയുന്നുണ്ടെങ്കിലും ഈശ്വരിയുടെ നീക്കങ്ങളെ ആശങ്കയോടെയാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്നുവരുന്ന ഗൂഢാലോചനയാണ് തന്റെ സ്ഥാനചലനത്തിനു പിന്നിലെന്ന് ഈശ്വരി പറയുന്നു. ജില്ലാ കമ്മിറ്റിയുടെ ഏകപക്ഷീയമായ തീരുമാനത്തെ അംഗീകരിക്കില്ലെന്ന് ചില ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞിരുന്നുവെങ്കിലും പാര്‍ട്ടിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ തീരുമാനം മാറ്റി. ഇതിനിടയില്‍ പാര്‍ട്ടി നല്‍കിയ അധികാരങ്ങളില്‍നിന്ന് ആരും രാജിവച്ച് പോകില്ലെന്നും ഈശ്വരിക്കെതിരായ നടപടി പാര്‍ട്ടി ഘടകങ്ങള്‍ അംഗീകരിച്ചതാണെന്നും ജില്ലാ കമ്മിറ്റിയിലെ ഒരംഗം സുപ്രഭാതത്തോടു പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മാത്രമാണ് ഈശ്വരി ഒഴിയുന്നത്.
ബ്ലോക്ക് പഞ്ചായത്തംഗം എന്ന നിലയില്‍ തുടരും.
പാര്‍ട്ടിക്കുള്ളില്‍നിന്ന് ഇനിയും തെറ്റുകള്‍ ചൂണ്ടിക്കാട്ടുമെന്നും സംസ്ഥാന നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും ഈശ്വരി സുപ്രഭാതത്തോട് പറഞ്ഞു.
രണ്ടുദിവസങ്ങളിലായി അട്ടപ്പാടിയില്‍ നടന്നുവരുന്ന പാര്‍ട്ടി റിപ്പോര്‍ട്ടിങ് യോഗങ്ങളില്‍ ഈശ്വരിക്കെതിരായ നടപടിയെ ചോദ്യം ചെയ്തും അനുകൂലിച്ചും പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."