തിരൂര്‍- പൊന്നാനി പുഴ സംരക്ഷണ പദ്ധതിയ്ക്ക് മൂന്നു മാസത്തിനുള്ളില്‍ തുടക്കം
തിരൂര്‍: അഞ്ച് കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന തിരൂര്‍- പൊന്നാനി പുഴ സംരക്ഷണ പദ്ധതിയ്ക്ക് മൂന്നു മാസത്തിനുള്ളില്‍ തുടക്കമാകും. പദ്ധതി നിര്‍വഹണ ചുമതല ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതോടെയാണ് മൂന്നുമാസത്തിനുള്ളില്‍ സര്‍വെ നടത്തി പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ധാരണയായത്.
ഇതിന്റെ ഭാഗമായി 23ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രണ്ടാംഘട്ട യോഗം ചേരും. തിരൂര്‍ ആര്‍.ഡി.ഒ, ജില്ലാ പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ എന്നിവരാണ് യോഗം ചേര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുക.
പദ്ധതിയ്ക്കായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം, വെട്ടം പഞ്ചായത്ത് 10 ലക്ഷം, മംഗലം, തലക്കാട് പഞ്ചായത്തുകള്‍ 11 ലക്ഷം വീതവും ചെലവ് വഹിക്കും. എം.എല്‍.എ, എം.പി ഫണ്ടുകളും കണ്ടെത്തും. ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും വകയിരുത്തിയിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ ഹഫ്‌സത്ത് പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി കോഴിക്കോട് കുന്ദമംഗലത്തെ സി.ഡബ്ലു.ആര്‍.ഡി.എമ്മിലെ ഉദ്യോഗസ്ഥര്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷമാണ് സര്‍വെ നടപടികള്‍ തുടങ്ങുക.
നേരത്തെ പദ്ധതിയുടെ നിര്‍വഹണ ചുമതല സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് ചുമതല ഏറ്റെടുത്തതോടെ പ്രശ്‌നത്തിന് പരിഹാരമായിട്ടുണ്ട്. പുഴ മലിനീകരണം തടയാന്‍ പുഴയോരങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാനും കരയിടിച്ചില്‍ തടയാന്‍ പുഴയോരങ്ങളില്‍ ഫലവൃക്ഷതൈകളും മുളതൈകളും സ്ഥാപിക്കാനുമാണ് തീരുമാനം. വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒഴിവു സമയങ്ങളില്‍ വിശ്രമിക്കാനും ശുദ്ധവായു ശ്വസിച്ച് സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് പുഴയുടെ പ്രധാനപ്പെട്ട കടവുകളില്‍ ഇരിപ്പിടങ്ങളും കോഫി ഷോപ്പുകളും സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിനു പുറമെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരില്‍ പരിസ്ഥിതി അവബോധമുണ്ടാക്കാന്‍ പുഴ യാത്രകളും സംഘടിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ണമായും പ്രാവര്‍ത്തികമാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."