അരൂരില്‍ വേഗപ്പോര്: കുടുംബയോഗങ്ങളും കവലകളും കീഴടക്കി താരപ്രചാരകര്‍
ആലപ്പുഴ: അരൂരിലെ സിറ്റിങ് സീറ്റിലെ ജനവിധി ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സി.പി.എമ്മിന് പ്രാധാന്യമേറിയതാണ്. തമ്മില്‍ത്തല്ലി കൈവിട്ട പാലായ്ക്ക് പകരം അരൂരിലൂടെ തിരിച്ചടിക്കാനായാല്‍ യു.ഡി.എഫിന് വര്‍ധിതവീര്യമാകും. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ശക്തി പരീക്ഷണത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രധാന മുന്നണികള്‍ ആഗ്രഹിക്കുന്നില്ല. ബി.ഡി.ജെ.എസ് പാലം വലിച്ചാലും വോട്ടു ബാങ്ക് തകരില്ലെന്ന് തെളിയിക്കേണ്ടത് ബി.ജെ.പിക്ക് അഭിമാനപ്രശ്‌നവും.
പ്രചാരണം അവസാനലാപ്പിലേക്ക് കടക്കുമ്പോള്‍ താരപ്രചാരകര്‍ കൂടുതലായി കളത്തിലിറങ്ങാനുള്ള കാരണങ്ങള്‍ ഇതൊക്കെ തന്നെയാണ്. കുടുംബയോഗങ്ങളും കവല പ്രസംഗവുമൊക്കെയായി താരപ്രചാരകര്‍ തെരുവുകള്‍ കൈയടക്കി. അരൂരിലെ വോട്ടര്‍മാരുടെ മനസ് കൃത്യമായി വായിച്ചെടുക്കാന്‍ ഇത്തവണ മുന്നണികള്‍ക്കായിട്ടില്ല. പോരാട്ടം തുടങ്ങുമ്പോള്‍ പ്രചാരണത്തില്‍ മുന്നിലായിരുന്നു എല്‍.ഡി.എഫ്. അവസാനലാപ്പിലേക്ക് വരുമ്പോള്‍ അല്‍പം മുന്നിലായി ഓടിക്കയറാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. പതിവ് രീതികളില്‍നിന്നു വഴിമാറിയുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കിയതാണ് യു.ഡി.എഫിന് മുന്‍തൂക്കം നല്‍കുന്നതും.
ബൂത്തുകള്‍ കേന്ദ്രീകരിച്ചു പ്രമുഖ നേതാക്കള്‍ തന്നെ ചുമതലക്കാരായി. മണ്ഡലത്തില്‍ ഓട്ടപ്രദക്ഷിണത്തിന് വന്ന ഖദര്‍ധാരികളെല്ലാം അരൂരില്‍ 'പെട്ടു' പോയി. സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ മുഖം കാണിച്ചു സെന്‍ട്രല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ വിശേഷം തിരക്കി മടങ്ങാന്‍ വന്നവരിലേറെയും ഇപ്പോള്‍ ബൂത്തുകള്‍ തോറും പ്രചാരണരംഗത്തുണ്ട്.
യു.ഡി.എഫ് ക്യാംപിനെ നയിക്കുന്ന കെ.വി തോമസും പി.ടി തോമസ് എം.എല്‍.എയും ശരിക്കും നേതാക്കളെ കുരുക്കിയെന്നു പറയാം. കുടുംബയോഗങ്ങളാണ് യു.ഡി.എഫിന്റെ മുഖ്യപ്രചാരണായുധം. താരപ്രചാരകരെല്ലാം തന്നെ ഒന്നിലേറെ കുടുംബയോഗങ്ങളിലേക്ക് എത്തുന്നു. വോട്ടര്‍മാരുമായി അടുത്തിടപഴകുന്നു. യു.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ആവേശമാണ് നേതാക്കളുടെ പ്രവര്‍ത്തനം നല്‍കുന്നത്. ഓരോ ദിവസവും പത്തിലേറെ കുടുംബയോഗങ്ങള്‍ നടക്കുന്നുണ്ട്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയവരെല്ലാം കുടുംബയോഗങ്ങളിലേക്ക് എത്തി. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ പി.ജെ ജോസഫ് തുടങ്ങി പ്രമുഖ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കളെല്ലാം കുടുംബയോഗങ്ങളിലേക്ക് എത്തുന്നു. കവലപ്രസംഗങ്ങളെക്കാള്‍ കരുത്തുണ്ട് കുടുംബയോഗങ്ങള്‍ക്ക് എന്ന് യു.ഡി.എഫ് തിരിച്ചറിഞ്ഞു. സ്റ്റാര്‍ ക്യാംപയ്‌നറായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി നാളെ അരൂരില്‍ എത്തും.
മറുഭാഗത്ത് മന്ത്രിമാരും പ്രമുഖ നേതാക്കളുമാണ് ഇടത് ക്യാംപിലെ പ്രചാരണം നയിക്കുന്നത്. ആത്മവിശ്വാസത്തിന് തെല്ലുംകുറവില്ലെങ്കിലും എല്‍.ഡി.എഫ് ക്യാംപില്‍ നെഞ്ചിടിപ്പുണ്ട്. ഓരോ ദിവസവും ഒന്നിലേറെ മന്ത്രിമാരാണ് മണ്ഡലത്തിലൂടെ കറങ്ങുന്നത്. മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും പി. തിലോത്തമനും മേഴ്‌സിക്കുട്ടിയമ്മയും തമ്പടിച്ചാണ് പ്രചാരണം.
മന്ത്രിമാരായ എ.സി മൊയ്തീനും കെ.ടി ജലീലും ഇന്നലെ എത്തി. മന്ത്രിമാരില്‍ പലരും ഇനിയും വരാനിരിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രനും വന്നു പോയി.
മുന്‍ എം.പിയും ചലച്ചിത്രതാരവുമായ ഇന്നസെന്റ് മനു സി. പുളിക്കലിനായി ഇന്നലെ വോട്ടുതേടി കറങ്ങി. കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ ഇന്നിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ 17 ന് വീണ്ടും പ്രചാരണത്തിനായി എത്തുന്നുണ്ട്.
എന്‍.ഡി.എ ക്യാംപില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും ബി.ജെ.പി പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയും വന്നു പോയി. ഇന്നു കുമ്മനം രാജേശഖരന്‍ പ്രകാശ് ബാബുവിനായി രംഗത്തിറങ്ങും. ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വരവിനായും എന്‍.ഡി.എ കാത്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."