കോട്ടക്കലിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പൊലിസും നഗരസഭയും രംഗത്ത്
കോട്ടക്കല്‍: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ വിവിധ പദ്ധതികളുമായി പൊലിസും നഗരസഭയും രംഗത്തിറങ്ങുന്നു. നഗരസഭ ചെയര്‍മാന്‍ കെ.കെ നാസറിന്റെ അധ്യക്ഷതയില്‍ പൊലിസ് മേധാവികള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, റാഫ് പ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, ബസുടമകള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. ടൗണില്‍ വാഹനങ്ങളുടെ പാര്‍ക്കിങിനായി സ്വകാര്യ പാര്‍ക്കിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.
ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്നവരെ പിടികൂടാനായി ഹോം ഗാര്‍ഡുമാരെ ഉപയോഗിച്ച് ഫോട്ടോയെടുക്കാനും തീരുമാനമായി. ഇതിനായി നഗരസഭയും വ്യാപാരി-ബസുടമകളും കാമറകള്‍ നല്‍കും. രജിസ്ട്രാര്‍ ഓഫിസിന് സമീപത്തും ആര്യവൈദ്യശാല ധര്‍മാശുമത്രി പരിസരം, നഴ്‌സിങ് ഹോമിന് സമീപം എന്നിവിടങ്ങളില്‍ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ചങ്കുവെട്ടി മുതല്‍ ആര്യവൈദ്യശാല വരെ ഡുവൈഡറുകള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ചുമതല റാഫ് നിര്‍വഹിക്കും.
കൂടാതെ ദേശീയപാതയില്‍ കാമറ സ്ഥാപിക്കുക, ചന്തയില്‍ പേ പാര്‍ക്കിങ് സൗകര്യം, അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയവയും നടപ്പാക്കും. സി.ഐ പി അബ്ദുല്‍ ബഷീര്‍, എസ്.ഐ ആര്‍ വിനോദ്കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് സൂര്‍പ്പില്‍, കെ.എം അബ്ദു, ടി.വി രാജേഷ്, ഷൗക്കത്തലി കാലൊടി, എം.സി കുഞ്ഞിപ്പ, ആലിപ്പ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."